സല്‍മാന്‍ അറസ്റ്റ്: സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം
Daily News
സല്‍മാന്‍ അറസ്റ്റ്: സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം
ന്യൂസ് ഡെസ്‌ക്
Thursday, 18th September 2014, 9:28 am

 

salman12[]തിരുവനന്തപുരം: ദേശീയഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് യുവ സാമൂഹ്യപ്രവര്‍ത്തകന്‍ സല്‍മാന്റെ അന്യായമായ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം. പരിപാടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്തു.

ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാണ് രാജ്യദ്രോഹ നിയമങ്ങള്‍ പ്രയോഗിക്കുന്നതെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ബി.ആര്‍.പി ഭാസ്‌കര്‍ പറഞ്ഞു. വിമര്‍ശനത്തെ ഭയക്കുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളത്. മോദി അധികാരത്തില്‍ വന്നശേഷം ശക്തമായ ഫാസിസ്റ്റ് വത്കരണമാണ് എല്ലാ മേഖലകളിലും നടക്കുന്നത്. അതിന് ഏറ്റവും ഒടുവിലത്തെ തെളിവാണ് ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റില്ല എന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു, സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍, പി.പി സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സല്‍മാന്റെ അറസ്റ്റിനെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയും രംഗത്തെത്തിയിരുന്നു. ആശയപ്രകാശനത്തിനുള്ള മനുഷ്യന്റെ മൗലികാവകാശങ്ങളെ തന്നെ കുഴിച്ചുമൂടുന്ന മര്‍ദ്ദക നിയമമാണ് രാജ്യദ്രോഹ നിയമമെന്നും ഇത്തരം നിയമങ്ങള്‍ റദ്ദാക്കണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഈ വിഷയത്തില്‍ സല്‍മാനെ അനുകൂലിച്ച് രാജ്യദ്രോഹ നിയമങ്ങളെ വിമര്‍ശിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും രംഗത്തെത്തിയിരുന്നു. രാജ്യദ്രോഹ നിയമങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന് പാര്‍ട്ടി പത്രത്തിലെ തന്റെ കോളത്തിലെ ലേഖനത്തില്‍ കാരാട്ട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ദേശീയ ഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് ആഗസ്റ്റ് 20നാണ് വിദ്യാര്‍ത്ഥിയും സാമൂഹ്യപ്രവര്‍ത്തകനുമായ സല്‍മാന്‍ അറസ്റ്റിലായത്. രാജ്യദ്രോഹം, ദേശീയ പതാകയെ അപമാനിക്കല്‍, ദേശീയ ഗാനം ആലപിക്കുന്നത് തടസപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളാണ്‌ സല്‍മാനെതിരെയുള്ളത്.

ഐ.ടി ആക്ട് സെക്ഷന്‍ 66എ പ്രകാരമുള്ള കുറ്റങ്ങളും സല്‍മാനെതിരെ ചുമത്തിയിട്ടുണ്ട്. ആഗസ്റ്റ് 15ന് സോഷ്യല്‍ മീഡിയയില്‍ സ്വാതന്ത്ര്യദിനത്തെ അധിക്ഷേപിക്കുന്ന തരത്തിലുളള പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ചാണിത്. കേസ് പരിഗണിച്ച തിരുവനന്തപുരം  സെഷന്‍സ് കോടതി സല്‍മാന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കൊലപാതകത്തെക്കാള്‍ വലിയ കുറ്റമാണ് സല്‍മാന്‍ ചെയ്തതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

കൂടുതല്‍ വായിക്കുക:

സല്‍മാനെതിരെയുള്ള ദേശദ്രോഹ കേസ് നിലനില്‍ക്കുന്നതല്ല: ബി.ആര്‍.പി ഭാസ്‌കര്‍

Standing is unpatriotic, sitting is anti-national 

Case against Salman legally untenable, says B.R.P. Bhaskar

ദേശീയഗാനം എവിടെ, എങ്ങനെ, എപ്പോള്‍ ഏതു സാഹചര്യത്തില്‍ ആലപിക്കണം ?