തെരുവുനായ പ്രശ്നം: സുപ്രീം കോടതി ഉത്തരവില്‍ തമിഴ് നാട്ടില്‍ പ്രതിഷേധം
India
തെരുവുനായ പ്രശ്നം: സുപ്രീം കോടതി ഉത്തരവില്‍ തമിഴ് നാട്ടില്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th August 2025, 7:41 am

ചെന്നൈ: ദല്‍ഹി-എന്‍.സി.ആറിലെ തെരുവുനായകളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം. കുട്ടികളും യുവാക്കളും ഉള്‍പ്പെടെ ഏകദേശം 500 പേരോളം വരുന്ന മൃഗ സ്‌നേഹികളാണ് കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയത്. ‘ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് നമ്മള്‍’, ‘കൊലപാതകം ഒരു പരിഹാരമല്ല’, ‘ദല്‍ഹിയിലെ തെരുവ് നായ്ക്കള്‍ക്കെതിരായ അനീതി അവസാനിപ്പിക്കുക,’ എന്നീ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

ആക്ടിവിസ്റ്റും ആള്‍മൈറ്റി അനിമല്‍ കെയര്‍ ട്രസ്റ്റിന്റെ സ്ഥാപകനുമായ സായ് വിഘ്നേഷാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. സുപ്രീം കോടതി വിധി തികച്ചും അശാസ്ത്രീയവും അധാര്‍മികവുമാണ് എന്ന് അദ്ദേഹം വിമര്‍ശിച്ചു.

ഈ ഉത്തരവ് ഇന്ത്യയിലുടനീളം നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ഇത് വ്യാപകമായ മൃഗ പീഡനത്തിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സുപ്രീം കോടതിയുടെ ഉത്തരവ് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) നിയമത്തിനെതിരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വന്ധ്യംകരണവും വാക്‌സിനേഷനുമാണ് റാബിസ് നിര്‍മാര്‍ജനം ചെയ്യാനുള്ള ഏക മാര്‍ഗമെന്ന് ഈ നിയമം വ്യക്തമായി പറയുന്നുണ്ട്. ഗോവ, ജയ്പൂര്‍ പോലുള്ള നഗരങ്ങളില്‍ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ വന്ധ്യംകരണം, വാക്‌സിനേഷന്‍ എന്നിവയിലൂടെയാണ് 100 ശതമാനം റാബിസ് വിമുക്ത പദവി നേടിയത്,’ വിഘ്നേഷ് പറഞ്ഞു.

പ്രതിഷേധത്തില്‍ പങ്കെടുത്ത തമിഴ് നടി വിനോദിനി വൈദ്യനാഥനും സുപ്രീം കോടതി ഉത്തരവിനെ വിമര്‍ശിച്ചു.
ഉത്തരവ് അപ്രായോഗികവും അന്യായവുമാണെന്ന് അവര്‍ പറഞ്ഞു. പിടികൂടുന്ന എല്ലാ തെരുവുനായ്കളെയും പാര്‍പ്പിക്കാന്‍ മതിയായ ഷെല്‍ട്ടര്‍ ഹോമുകള്‍ ഇല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘നായ്ക്കളെ അതേ സ്ഥലത്തേക്ക് തന്നെ തിരികെ വിടണം. ഞങ്ങളെപ്പോലുള്ളവര്‍ അവയെ പരിപാലിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പേവിഷബാധയുള്ള നായ്കളെ ഷെല്‍ട്ടറുകളില്‍ സൂക്ഷിക്കാം. അതുപോലെ ആക്രമണകാരികളായ നായ്ക്കളെ പുനരധിവസിപ്പിക്കാം. ഞങ്ങള്‍ അതിന് എതിരല്ല,’ വിനോദിനി വൈദ്യനാഥന്‍ പറഞ്ഞു.

അതേസമയം, ഓഗസ്റ്റ് 11നാണ് സുപ്രീം കോടതി ദല്‍ഹിയില്‍ തെരുവുനായ പ്രശ്‌നത്തില്‍ ഉത്തരവിട്ടത്. ദല്‍ഹി-എന്‍.സി.ആറിലെ മുഴുവന്‍ തെരുവുനായ്ക്കളെയും എട്ട് ആഴ്ചക്കുള്ളില്‍ പിടികൂടി ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റണമെന്നായിരുന്നു ഉത്തരവ്.

Content Highlight: Protest in Tamilnadu against Supreme Court order on stray dogs