സാമ്പത്തിക പരിഷ്‌കരണത്തിനായി പ്രതിഷേധം; പാക് അധിനിവേശ കശ്മീരില്‍ എട്ട് പ്രതിഷേധക്കാരെ വെടിവെച്ച് കൊന്ന് സൈന്യം
India
സാമ്പത്തിക പരിഷ്‌കരണത്തിനായി പ്രതിഷേധം; പാക് അധിനിവേശ കശ്മീരില്‍ എട്ട് പ്രതിഷേധക്കാരെ വെടിവെച്ച് കൊന്ന് സൈന്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st October 2025, 5:09 pm

ഇസ്‌ലാമാബാദ്: പാക് അധിനിവേശ കശ്മീരില്‍ സാമ്പത്തിക പരിഷ്‌കരണം ആവശ്യപ്പെട്ട് പ്രതിഷേധമുയര്‍ത്തിയ എട്ട് പേരെ വെടിവെച്ച് കൊലപ്പെടുത്തി പാകിസ്ഥാന്‍ സൈന്യം.

പാക് സര്‍ക്കാരിനെതിരായ പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ സാധാരണക്കാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിലും സൈന്യവുമായുള്ള ഏറ്റുമുട്ടലിലും 100ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബാഗ് ജില്ലയിലെ ധിര്‍കോട്ടില്‍ നാല് പേരും മുസാഫറാബാദ്, മിര്‍പൂര്‍ എന്നീ ജില്ലകളില്‍ രണ്ട് പേര്‍ വീതവുമാണ് സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമായതായാണ് വിവരം.

അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പാക് അധിനിവേശ കശ്മീരിലെ പ്രതിഷേധം തുടരുന്നത്. മേഖലയുടെ സമഗ്രമായ സാമ്പത്തിക-രാഷ്ട്രീയ പരിഷ്‌കാരങ്ങളാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പി.ഒ.കെ ഭരണകൂടവും കേന്ദ്രമന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അവാമി ആക്ഷന്‍ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയത്. പാക് അധീന കശ്മീരിലെ ജനങ്ങളെ കാലങ്ങളായി പാകിസ്ഥാന്‍ സര്‍ക്കാര്‍ രാഷ്ട്രീയമായും സാമ്പത്തികമായും ഒറ്റപ്പെടുത്തുകയാണെന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം.

അധിനിവേശ കശ്മീരിലെ അഭയാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന 12 സീറ്റുകള്‍ റദ്ദാക്കുക, ഉന്നതര്‍ അനുഭവിച്ചുകൊണ്ടിരുന്ന പ്രത്യേകാവകാശങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ 38 ഇന നിർദേശങ്ങളും പ്രതിഷേധക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്.

കൂടാതെ റോഡുകളുടെ നിര്‍മാണം, നികുതി ഇളവ്, വൈദ്യുതിക്കുള്ള സബ്‌സിഡി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്.

Content Highlight: Protest for economic reforms; Army shoots dead eight protesters in Pakistan-occupied Kashmir