ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ല: പ്രതിഷേധിച്ച് ലോകം; ഇറ്റലിയിൽ പൊതു പണിമുടക്ക്
World
ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ല: പ്രതിഷേധിച്ച് ലോകം; ഇറ്റലിയിൽ പൊതു പണിമുടക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd October 2025, 8:58 am

റോം: ഗസയിലേക്ക് യാത്ര തിരിച്ച ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയെ ആക്രമിച്ച ഇസ്രഈല്‍ നടപടിക്കെതിരെ ലോകമെമ്പാടും പ്രതിഷേധം. ഇറ്റലി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും തുര്‍ക്കിയിലും പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി.

ഇറ്റലിയിലെ റോമില്‍ വിദ്യാര്‍ത്ഥികളും അടിസ്ഥാന യൂണിയന്‍ അംഗങ്ങളും പ്രതിഷേധിച്ചു. നൂറുകണക്കിന് വരുന്ന പ്രകടനക്കാര്‍ ടെര്‍മിനി സ്റ്റേഷന് മുന്നിലുള്ള പിയാസ ഡെയ് സിന്‍ക്വെസെന്റോയില്‍ ഒത്തുകൂടി. ഫലസ്തീനും ഫ്‌ളോട്ടില്ലയ്ക്കും വേണ്ടി നമ്മുക്ക് എല്ലാം തടയാമെന്ന മുദ്രവാഖ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു പ്രതിഷേധം.

നേപ്പിള്‍സില്‍ പ്രകടനക്കാര്‍ പ്രകടനക്കാര്‍ പ്രധാന സ്റ്റേഷനില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് നിരവധി മെട്രോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടുകയും ടെര്‍മിനലിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു

പിന്നാലെ, ഇസ്രാഈലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇറ്റലിയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ കോണ്‍ഫെഡറാസിയോണ്‍ ജനറലെ ഇറ്റാലിയാന ഡെല്‍ ലാവോറോ (സി.ജി.ഐ.എല്‍) ഒക്ടോബര്‍ മൂന്നിന് പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തു. ഇറ്റാലിയന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന ട്രേഡ് യൂണിയനാണ് സി.ജി.ഐ.എല്‍.

സംഭവത്തില്‍ യൂണിയന്‍ സിന്‍ഡകേല്‍ ഡി ബേസും (യു.എസ്.ബി) ഇറ്റലിയില്‍ പൊതു പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറ്റലിക്ക് പുറമെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ബാഴ്സലോണയില്‍ ഇസ്രഈല്‍ കോണ്‍സുലേറ്റിന് മുമ്പില്‍ നൂറുകണക്കിന് പേര്‍ റാലി നടത്തി. റാലി ഫ്‌ളോട്ടില്ലക്കെതിരായ ആക്രമണത്തെ അപലപിക്കുകയും ഗസയിലെ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനിലും ബെല്‍ജിയം തലസ്ഥാന നഗരിയായ ബ്രസല്‍സിലും സമാന പ്രതിഷേധങ്ങള്‍ അരങ്ങേറി. ബെര്‍ലിനില്‍ ആയിരക്കണക്കിന് ആളുകള്‍ സെന്‍ട്രല്‍ സ്റ്റേഷന്‍ മുമ്പില്‍ പ്രതിഷേധവുമായി ഒത്തുകൂടി. ബ്രസല്‍സില്‍ പ്ലേസ് ഡി ലാ ബോഴ്സില്‍ നിന്ന് ബെല്‍ജിയന്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് സംഘടിപ്പിച്ചു.

തുര്‍ക്കിയിലെ ഇസ്താന്‍ബൂളിലും ഇസ്രഈല്‍ നടപടിയില്‍ നൂര്‍കണക്കിന് ആളുകള്‍ പ്രതിഷേധിച്ചു. ഇസ്താന്‍ബൂളിലെ യു.എസ് കോണ്‍സുലേറ്റിന് മുമ്പില്‍ ഗസയിലെ ഫലസ്തീനികള്‍ക്കായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധക്കാര്‍ ഒത്തുകൂടുകയായിരുന്നു.

ഇന്ന് പുലര്‍ച്ചയോടാണ് ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയെ ഇസ്രഈല്‍ സേന തടഞ്ഞത്. ഗസയില്‍ നിന്ന് 70 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നാണ് കപ്പിലെ തടഞ്ഞത്. കപ്പലുകളിലേക്ക് ബലമായി പ്രവേശിച്ച് ഗ്രെറ്റ തെന്‍ബെര്‍ഗ് അടക്കമുള്ള ആക്ടിവിസ്റ്റുകളെ സൈന്യം അറസ് ചെയ്തു നീക്കിയിരുന്നു. പിന്നാലെ നിരവധി കപ്പലുകള്‍ പിടിച്ചെടുക്കുകയും ഇസ്രഈല്‍ തുറമുഖത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

 

Content Highlight: Protest erupt in Italy and other Europe countries over Israel interception on Global Sumud Flotilla