മൈക്രോസോഫ്റ്റിന്റെ ഇസ്രഈല്‍ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം; നാല് ജീവനക്കാരെ പുറത്താക്കി
World
മൈക്രോസോഫ്റ്റിന്റെ ഇസ്രഈല്‍ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം; നാല് ജീവനക്കാരെ പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th August 2025, 6:14 pm

വാഷിങ്ടണ്‍: ഗസയില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രഈലുമായി ബന്ധം തുടരുന്ന മൈക്രോസോഫ്റ്റ് കമ്പനിയുടെ നയത്തിനെതിരെ കമ്പനി ഓഫീസില്‍ പ്രതിഷേധിച്ച നാല് ജീവനക്കാരെ പുറത്താക്കി.

മൈക്രോസോഫ്റ്റ് കമ്പനി പ്രസിഡന്റ് ബ്രാഡ് സ്മിത്തിന്റെ ഓഫീസില്‍ വെച്ച് പ്രതിഷേധിച്ച അന്ന ഹട്ടില്‍, റിക്കി ഫാമെലി എന്നിവരേയും കമ്പനിയുടെ ഹെഡ്ക്വാട്ടേഴ്‌സില്‍ വെച്ച് പ്രതിഷേധിച്ച നിസ്രീന്‍ ജരദത്, ജൂലിയസ് ഷാന്‍ എന്നിവരെയുമാണ് പുറത്താക്കിയത്.

കമ്പനി ചട്ടങ്ങളുടെ ലംഘനമാണ് ജീവനക്കാരുടെ പുറത്താക്കലിന് കാരണമായതെന്ന് കമ്പനി അറിയിച്ചു. ജീവനക്കാരുടെ പ്രതിഷേധം സുരക്ഷാപ്രശ്‌നങ്ങളുണ്ടാക്കിയെന്നും ഇതാണ് കടുത്ത നടപടികള്‍ക്ക് കാരണമായതെന്നും കമ്പനി പ്രതികരിച്ചു.

മൈക്രോസോഫ്റ്റിന്റെ ആസര്‍ സോഫ്റ്റ്‌വെയര്‍ ഇസ്രഈലിന് നല്‍കുന്നതിനെ ചൊല്ലിയാണ് പ്രതിഷേധം കനക്കുന്നത്. വംശഹത്യ നടത്തുന്ന ഇസ്രഈലിന് സോഫ്റ്റ്‌വെയറുകള്‍ നല്‍കരുതെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

മൈക്രോസോഫ്റ്റ് ഇസ്രഈലിനായി വംശഹത്യക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നത് തുടരുകയാണ്. സ്വന്തം ജീവനക്കാരെ പോലും കബളിപ്പിക്കുന്നതാണ് ഈ തീരുമാനമെന്ന് പ്രതിഷേധം നടത്തിയ അന്ന ഹട്ടില്‍ പറഞ്ഞു.

ഹട്ടിലും ഫാമെലിയും ഉള്‍പ്പടെ ഏഴ് ജീവനക്കാരെയാണ് കമ്പനി പ്രസിഡന്റ് ബ്രാഡ് സ്മിത്തിന്റെ ഓഫിസിലെ പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ താന്‍ മാനിക്കുന്നുണ്ടെന്നും എന്നാല്‍ അത് നിയമം അനുവദിക്കുന്ന തരത്തിലുള്ളതായിരിക്കണമെന്നും സ്മിത്ത് പ്രതികരിച്ചു.

ഇസ്രഈല്‍ അധീന വെസ്റ്റ്ബാങ്കിലെയും ഗസയിലെയും ഫലസ്തീന്‍ ജനങ്ങളുടെ ഫോണ്‍കോള്‍ റെക്കോര്‍ഡിങുകള്‍ ശേഖരിക്കാനായി, ഇസ്രഈല്‍ സൈന്യം മൈക്രോസോഫ്റ്റിന്റെ ആസുര്‍ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം വിവാദമായതോടെ ഇക്കാര്യത്തെ കുറിച്ച് പരിശോധിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രതികരിച്ചിരുന്നു.

Content Highlight: Protest demanding end to Microsoft’s ties with Israel, Four employees fired