എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ ഗെയ്ല്‍ ഇരകളുടെ കൈയേറ്റശ്രമം
Kerala
എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ ഗെയ്ല്‍ ഇരകളുടെ കൈയേറ്റശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd August 2013, 11:18 am

[]കണ്ണൂര്‍ : കൊച്ചി-മംഗലാപുരം ഗെയില്‍ വാതകക്കുഴല്‍ പദ്ധതിയെപ്പറ്റി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തിനിടെ എ.പി.അബ്ദുല്ലക്കുട്ടി എം.എല്‍.എ.യ്‌ക്കെതിരെ കൈയേറ്റശ്രമം. []

വികസന കാഴ്ചപ്പാട് വേണമെന്നും മെട്രോ നഗരങ്ങളിലടക്കം പദ്ധതിക്കായി പൈപ്പ്‌ലൈന്‍ സ്ഥാപിച്ചിട്ടുണ്ടെന്നും എം.എല്‍.എ. പറഞ്ഞപ്പോള്‍ ആക്ഷന്‍ കമ്മിറ്റിക്കാര്‍ ബഹളം കൂട്ടുകയായിരുന്നു.

എം.എല്‍.എ. ഗെയ്‌ലിന്റെ ഏജന്റാണെന്നും ജനങ്ങളുടെ പക്ഷത്തുനിന്ന് സംസാരിക്കുന്നില്ലെന്നും സമരസമിതി ആരോപിച്ചു.

ഗെയ്ല്‍ പൊതുമേഖലാ സ്ഥാപനമാണെന്നും അതിന്റെ ഏജന്റാണെന്ന് പറഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്നുംകൂടി എം.എല്‍.എ. പറഞ്ഞതോടെ യോഗം ബഹളമയമായി.

കണ്ണൂരില്‍ മാത്രം എന്തിനാണ് പദ്ധതിയോട് എതിര്‍പ്പെന്ന് എം.എല്‍.എ. ചോദിച്ചു. ഇവിടെ വന്നിരിക്കുന്നവര്‍ക്കുമാത്രമാണ് എതിര്‍പ്പെന്ന് പദ്ധതിയെ പിന്തുണയ്ക്കുന്നതായി ജനങ്ങള്‍ ഒപ്പിട്ട് നല്‍കിയിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

എന്നാല്‍ സ്ത്രീകളെയും പ്രായമായവരെയും തെറ്റിദ്ധരിപ്പിച്ചാണ് ഗെയ്ല്‍ ഒപ്പിട്ടുവാങ്ങിയതെന്ന് സമരക്കാര്‍ ആരോപിച്ചു.

എം.എല്‍.എയെ സംസാരിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് മന്ത്രി കെ.സി. ജോസഫ് യോഗം പിരിച്ചുവിടുകയും ചെയ്തു.

യോഗഹാളില്‍ നിന്നു പുറത്തിറങ്ങിയ എം.എല്‍.എയോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞപ്പോഴാണു സംഘം അക്രമം നടത്തിയത്.

തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് അബ്ദുള്ളക്കുട്ടിയെ സംഭവസ്ഥലത്തു നിന്നു വാഹനത്തില്‍ കയറ്റി പുറത്തെത്തിച്ചത്.

ടാങ്കര്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വാതകക്കുഴല്‍ പദ്ധതി യാഥാര്‍ഥ്യമാകണമെന്ന്, ചാല ദുരന്തമുണ്ടായപ്പോള്‍ ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നുവെന്നും പദ്ധതിയില്‍ എം.എല്‍.എ.യ്ക്കുള്ള തിടുക്കമാണ് ഇതു വ്യക്തമാക്കിയതെന്നും ഗ്യാസ് പൈപ്പ്‌ലൈന്‍ വിക്ടിംസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.ഗോപാലന്‍ പറഞ്ഞു.

ഗ്യാസ് പൈപ്പ്‌ലൈന്‍ വിരുദ്ധ സമരം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍