കേരള സര്‍വകലാശാല വി.സി. ഡോ. മോഹന്‍ കുന്നുമ്മലിനെതിരെയാണ് എസ്.എഫ്.ഐ അനിശ്ചിതകാല സമരം നടത്തുന്നത്.
തെരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്‌സിറ്റി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്തതിനെതിരെയാണ് അനിശ്ചിതകാല സമരം.
ആര്‍.എസ്.എസിന്റെ ടൂളായി പ്രവര്‍ത്തിക്കുന്ന വി.സിയെ സര്‍വകലാശാലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ പ്രതികരിച്ചിരുന്നു. സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ഷോ. ഇതിനുപിന്നാലെയാണ് സമരപ്പന്തല്‍ പൊളിക്കാന്‍ സര്‍വകലാശാല പൊലീസിനോട് ആവശ്യപ്പെട്ടത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലുമാസമായിട്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ സര്‍വകലാശാല യൂണിയന് വി.സി അനുമതി നല്‍കിയിട്ടില്ല. യൂണിയന്‍ നിലവില്‍ വരാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന നിരവധി പരിപാടികള്‍ മുടങ്ങി കിടക്കുകയാണെന്നും എസ്.എഫ്.ഐ ചൂണ്ടിക്കാട്ടി.
കലോത്സവം ഉള്‍പ്പെടെ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത് വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് അടക്കം പ്രതിസന്ധിയിലാക്കുകയാണെന്നും എസ്.എഫ്.ഐ പറയുന്നു. അതേസമയം വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാന്‍സിലര്‍ ഒഴിയുകയാണ്.