എഡിറ്റര്‍
എഡിറ്റര്‍
ജനരോക്ഷം ഫലം കണ്ടു; പുതുവൈപ്പിലെ ഐ.ഒ.സി ഗ്യാസ് പ്ലാന്റിന്റെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു; പൂര്‍ണ്ണവിജയം വരെ സമരമെന്ന് സമരസമിതി
എഡിറ്റര്‍
Saturday 17th June 2017 10:22am

എറണാകുളം: പുതുവെപ്പില്‍ ഐ.ഒ.സി ഗ്യാസ് പ്ലാന്റിനെതിരെ നടക്കുന്ന ജനകീയ സമരത്തിന് താല്‍ക്കാലിക വിജയം. ഇന്നലെ നടന്ന പ്രതിഷേധ മാര്‍ച്ചിനെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം 321 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമരക്കാര്‍ സ്റ്റേഷന്‍ വിട്ടുപോകാന്‍ തയ്യാറാകാതേയും ജ്യാമത്തിന് അപേക്ഷിക്കാതേയും നിലപാടെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഗ്യാസ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ ധാരണയായതോടെയാണ് പ്രതിഷേധക്കാര്‍ സ്റ്റേഷനില്‍ നിന്നും വീടുകളിലേക്ക് മടങ്ങിയത്.


Also Read: ‘മെട്രോയുടെ തൂണില്‍ ഏണി ചാരിവച്ച് സിമന്റ് പൂശിക്കൊണ്ടിരുന്ന ആളുടെ മുഖത്ത് കെട്ടിയ ടവല്‍ അഴിഞ്ഞുവീണതും ഞാന്‍ ഞെട്ടി.. !! സാക്ഷാല്‍ മോദിജി.. !!


സമരത്തില്‍ പങ്കെടുത്തവരില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള 321 പേരെ അറസ്റ്റ് ചെയ്ത് അഞ്ച് സ്റ്റേഷനുകളിലായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. കസബ (105), മുളവുകാട് (56), എറണാകുളം നോര്‍ത്ത് (44) സെന്‍ട്രല്‍ (66) കടവന്ത്ര (90) എന്നീ സ്റ്റേഷനുകളിലാണ് ഇവരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ചിരിക്കുകയായിരുന്നു. നാലുപേര്‍ക്കെതിരെ പൊലീസിനെ അതിക്രമിച്ചു എന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തിരുന്നു.

പൊലീസ് ആക്രമണത്തില്‍ വൃഷണം തകര്‍ന്ന സി.പി.ഐ നേതാവ് ഫ്രാന്‍സിസിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജനനേന്ദ്രിയ ഭാഗത്തില്‍ ഞെക്കിയാണ് യുവാവിനെ പൊലീസ്ആക്രമിച്ചത്. 13 വയസിനും ആറുവയസ്സിനും ഇടയ്ക്ക് പ്രായമുള്ള ഏഴു കുഞ്ഞുങ്ങള്‍ മാലിപ്പുറം ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതേതുടര്‍ന്നായിരുന്നു സമരക്കാര്‍ രാത്രി പത്തു മണിയോളം പൊലീസ് സ്റ്റേഷനില്‍ തന്നെ നിലയുറപ്പിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കുക, പ്രതിഷേധത്തെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ച പൊലീസ് നടപടിയ്‌ക്കെതിരെ അന്വേഷണം നടത്തുക, സമരക്കാര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളായിരുന്നു അവര്‍ ഉന്നയിച്ചിരുന്നത്.

ഇന്നലെ നടന്ന ചര്‍ച്ചയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ആളുകള്‍ മടങ്ങിയത്. അതേസമയം, സമരം പൂര്‍ണ്ണ വിജയത്തിലെത്തുന്നതു വരെ പിന്‍മാറില്ലെന്ന് സമര സമിതി ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി. പൊലീസ് പൊളിച്ചു നീക്കിയ സമരപ്പന്തല്‍ ഇന്ന് വീണ്ടും ഉയരുമെന്നും ആശുപത്രിയിലുള്ള കുട്ടികളേയും മറ്റും ഡിസ്ചാര്‍ജ് ചെയ്യാനും കസ്റ്റഡിയിലുള്ളവരുടെ ജാമ്യത്തിനുള്ള നടപടികളും ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു.


Don’t Miss: പി.എസ്.സി പ്രമാണിച്ച് നാളെ കട അവധിയായിരിക്കും’; സോഷ്യല്‍ മീഡിയയില്‍ വൈറലായ പെയിന്റുകടയ്ക്കും പത്ര പരസ്യത്തിനു പിന്നിലെന്ത്?


ഇന്നലെ രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ 122 ദിവസമായ നടക്കുന്ന സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വെപ്പിന്‍ മേഖലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ ഹൈക്കോടതി ജംഗ്ഷനിലേക്ക് സമരവുമായെത്തിയ വെപ്പിന്‍ സ്വദേശികളായ പ്രതിഷേധക്കാരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

കഴിഞ്ഞ 122 ദിവസമായി തുടരുന്ന, ന്യായമായ അവശ്യം ഉന്നയിച്ചുള്ള സമരത്തെ അടിച്ചമര്‍ത്തുകയാണ് പൊലീസ് മര്‍ദ്ദനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രതിഷേധക്കാര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

 

Advertisement