ചെന്നൈ: ഗസയിലെ ഇസ്രഈല്‍ വംശഹത്യക്കെതിരെ സി.പി.ഐ.എം സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പങ്കെടുത്തു. കഫിയ ധരിച്ചാണ് സ്റ്റാലിന്‍ പ്രതിഷേധത്തിനെത്തിയത്.
ഇസ്രഈലിന്റെ ആക്രമണങ്ങള്‍ ആഗോളതലത്തില്‍ ആശങ്ക സൃഷ്ടിക്കുകയാണെന്ന് സ്റ്റാലിന്‍ പ്രതിഷേധ യോഗത്തില്‍ പറഞ്ഞു.
ഗസയില്‍ വെടിനിര്‍ത്തലിന് കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗസയിലെ വംശഹത്യക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കുമെന്നും സ്റ്റാലിന്‍ അറിയിച്ചു.
തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭിന്നതകള്‍ മറന്ന് ഈ വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഗസയിലെ സാഹചര്യങ്ങളെ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി മാത്രം കാണരുത്. അതൊരു മാനുഷിക വിഷയമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.
‘ഗസ ജനതയ്‌ക്കെതിരായ ആക്രമണങ്ങളെ ഞാന്‍ അപലപിക്കുന്നു. ഇസ്രഈല്‍ സൈന്യം അറസ്റ്റ് ചെയ്ത എല്ലാവരേയും വിട്ടയക്കണം. ഇസ്രഈല്‍ ആക്രമണം ഉടനെ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
ഗസയിലെ ആക്രമണങ്ങള്‍ ഞങ്ങളില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ആശങ്കയുയര്‍ത്തുന്നതാണ്. യു.എന്‍ കരാറിനെതിരായ ഇസ്രഈലിന്റെ നടപടികള്‍ അവസാനിപ്പിക്കണം’, സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
ഗസയിലെ മരണസംഖ്യകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഹൃദയഭേദകമാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ ഗസയില്‍ സമാധാനം പുനസ്ഥാപിക്കാനായി ഇടപെടണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
‘കഴിഞ്ഞവര്‍ഷം മാത്രം ഗസയില്‍ 11,000 സ്ത്രീകളും 17000 കുട്ടികളും 125 മാധ്യമപ്രവര്‍ത്തകരും 120 യു.ന്‍െ ഉദ്യോഗസ്ഥരും മരിച്ചു. 27,000 കുട്ടികളാണ് അനാഥരായത്. ഗസയിലെ മണ്ണ് ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു. ഭക്ഷണതത്ിനായി അലയുന്നഫലസ്തീനികളെ ഇസ്രഈല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയാണ്. ഇതെല്ലാം ഹൃദയവേദയുണ്ടാക്കുന്നതാണ്.
ഇസ്രഈല്‍ ആക്രമണം ഉടനെ അവസാനിപ്പിക്കാനും ഗസയില്‍ സമാധാനം പുനസ്ഥാപിക്കാനും ഇസ്രഈലിന് മേല്‍ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണം’, സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
അതേസമയം, ഗസയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള യു.എസ് മുന്നോട്ട് വെച്ച കരാര്‍ ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു. ഇതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തുകയും സമാധാന കരാര്‍ മുന്നോട്ട് വെച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രശംസിക്കുകയും ചെയ്തിരുന്നു.
രണ്ട് വര്‍ഷമായി തുടരുന്ന ഗസയിലെ ആക്രമണം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതി തിങ്കളാഴ്ചയാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയത്. ട്രംപും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു പദ്ധതി പുറത്തിറക്കിയത്.
Content Highlight: Protest against Gaza genocide; Stalin wears a kaffiyeh at the CPI(M) stage