'ഇന്ത്യ നേരിടുന്നത് കടുത്ത സ്വേച്ഛാധിപത്യ ഭീഷണി, ആറ് രാജ്യങ്ങളില്‍ ഏറ്റവും ദുഷ്‌ക്കരം': പ്രൊട്ടക്റ്റ് ഡെമോക്രസി
national news
'ഇന്ത്യ നേരിടുന്നത് കടുത്ത സ്വേച്ഛാധിപത്യ ഭീഷണി, ആറ് രാജ്യങ്ങളില്‍ ഏറ്റവും ദുഷ്‌ക്കരം': പ്രൊട്ടക്റ്റ് ഡെമോക്രസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2024, 9:15 pm

ന്യൂദല്‍ഹി: ഇന്ത്യ നേരിടുന്നത് കടുത്ത സ്വേച്ഛാധിപത്യമാണെന്ന് യു.എസ് ഗവേഷണ സ്ഥാപനമായ പ്രൊട്ടക്റ്റ് ഡെമോക്രസി. കടുത്ത സ്വേച്ഛാധിപത്യ ഭീഷണി നേരിടുന്ന ആറ് രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. അമേരിക്ക, പോളണ്ട്, ജര്‍മനി, കാനഡ, ബ്രിട്ടന്‍ എന്നിവയാണ് മറ്റു രാജ്യങ്ങള്‍.

അമേരിക്കന്‍ ജനാധിപത്യത്തിനെതിരായ ഭീഷണികളെ കുറിച്ച് നിരീക്ഷണം നടത്തുന്നതും പ്രമുഖരായ ജനാധിപത്യ ഗവേഷകര്‍ നേതൃത്വം ന്‍ല്‍കുന്നതുമായ യു.എസിലെ സ്ഥാപനമാണ് പ്രൊട്ടക്റ്റ് ഡെമോക്രസി. 2017 മുതല്‍ സ്ഥാപനം ലോക രാഷ്ട്രങ്ങളുടെ രാഷ്ട്രീയത്തിലും ഭരണക്രമത്തിലും ഉണ്ടാകുന്ന സ്വഭാവ വ്യത്യാസങ്ങളെ കുറിച്ച് നിരീക്ഷിക്കുന്നുണ്ട്.

സ്വേച്ഛാധിപത്യ ഭരണവുമായി ബന്ധപ്പെട്ട് പ്രൊട്ടക്റ്റ് ഡെമോക്രസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, ഇന്ത്യ 3.5, യു.എസ് 2.1, പോളണ്ട് 2.3, ജര്‍മനി 1.5, കാനഡ 1.5, യു.കെ 1.8 എന്നിങ്ങനെയാണ് സ്‌കോറുകള്‍ നേടിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളെ സംബന്ധിച്ച് ഇന്ത്യ കടുത്ത സ്വേച്ഛാധിപത്യ ഭീഷണി നേരിടുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം, എക്സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍, തെരഞ്ഞെടുപ്പ്, പൗരാവകാശങ്ങള്‍, സിവില്‍ അക്രമം, രാഷ്ട്രീയ തര്‍ക്കങ്ങള്‍ എന്നീ വിഷയങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് പ്രൊട്ടക്റ്റ് ഡെമോക്രസി സ്‌കോറുകള്‍ നിര്‍ണയിക്കുന്നത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തിലേറിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതോടെ, രാജ്യത്ത് മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും കടുത്ത നിയന്ത്രണങ്ങള്‍ക്കാണ് ഇരയായത്. സര്‍ക്കാരിനെതിരെ ശബ്ദിച്ചവരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയപ്പെട്ട മാധ്യമങ്ങള്‍ക്ക് വിമര്‍ശകര്‍ ‘ഗോഡി മീഡിയ’ എന്ന പേര് നല്‍കുകയും ചെയ്തു.

ഹിന്ദു രാജ്യം പടുത്തുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഭരണം കൈയാളുന്ന ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെ നിരന്തരം അടിച്ചമര്‍ത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുസ്‌ലിങ്ങൾ നുഴഞ്ഞുകയറ്റക്കാരാണെന്നും കുട്ടികളെ പ്രസവിച്ച് കൂട്ടുന്നവരാണെന്നും പറഞ്ഞ് അധിക്ഷേപിക്കുന്നു. മണിപ്പൂര്‍ കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരും മോദിയും മൗനം പാലിക്കുകയുമാണ്.

Content Highlight: Protect Democracy, a US research organization, says that India is facing severe dictatorship