ഉഭയക്ഷി സമ്മതപ്രകാരം മുമ്പ് ബന്ധപ്പെട്ടാലും ഒരു തവണ നോ പറഞ്ഞാല്‍ അത് ബലാത്സംഗം; എല്‍ദോസ് കേസില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍
Kerala News
ഉഭയക്ഷി സമ്മതപ്രകാരം മുമ്പ് ബന്ധപ്പെട്ടാലും ഒരു തവണ നോ പറഞ്ഞാല്‍ അത് ബലാത്സംഗം; എല്‍ദോസ് കേസില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th November 2022, 5:04 pm

കൊച്ചി: കോണ്‍ഗ്രസ് എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി പരാതിക്കാരിയുമായി ഉണ്ടായത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി.

പീഡനക്കേസില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെയും യുവതിയുടെയും ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്.

എന്നാല്‍, ഉഭയക്ഷി സമ്മതപ്രകാരം എത്ര തവണ ബന്ധപ്പെട്ടാലും ഒരുതവണ നോ പറഞ്ഞാല്‍ അത് ബലാത്സംഗം തന്നെയെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. ലൈംഗിക തൊഴിലാളിക്ക് പോലും നോ എന്ന് പറയാന്‍ അവകാശം ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇരകള്‍ക്ക് വേണ്ടി നിലനില്‍കേണ്ട ആളാണ് എം.എല്‍.എ എന്നും കോവളം സി.ഐ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ സാഹചര്യം കൂടി പരിശോധിക്കണം എന്നാണ് ഇതിനോട് കോടതി പ്രതികരിച്ചത്. ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്ന് കോടതി പറഞ്ഞു. ആദ്യ മൊഴി വായിച്ചാല്‍ പരസ്പര സമ്മതത്തോടുകൂടി ആണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെതെന്ന് മനസ്സിലാകും. ആദ്യ പരാതിയില്‍ ലൈംഗിക പീഡനമുണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.

പരാതിക്കാരിയെ കോവളത്ത് ആത്മഹത്യാ മുനമ്പില്‍ വച്ചു തള്ളിയിടാന്‍ പ്രതി ശ്രമിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു.

അതേസമയം, കേസിലെ കാര്യങ്ങള്‍ സിനിമാക്കഥ പോലെ തോന്നുന്നുവെന്നും കോടതി പറഞ്ഞു. വഞ്ചിയൂര്‍ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാണാവശ്യപ്പെട്ടാണ് പ്രതിയുടെ അഭിഭാഷകര്‍ കോടതിയെ സമീപിച്ചത്. എല്‍ദോസ് കുന്നപ്പിള്ളിക്കു നിയമസഹായം നല്‍കുന്നതില്‍ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേസെടുത്തിരിക്കുന്നത് എന്ന വാദമാണ് അഭിഭാഷകര്‍ കോടതില്‍ ഉയര്‍ത്തിയത്.

എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാണം എന്ന ആവശ്യവുമായാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ എല്‍ദോസിനെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി എല്‍ദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞിരുന്നത്.

യുവതിയെ പീഡിപ്പിച്ച കേസില്‍ ഉപാധികളോടെയാണ് അഡി.സെഷന്‍സ് കോടതി എല്‍ദോസിന് ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യ വ്യവസ്ഥയില്‍ കോടതി നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ മാസം 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് കാണിച്ച് പേട്ട നിവാസിയായ അധ്യാപിക പരാതി നല്‍കിയത്. മദ്യപിച്ച് വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്ക് പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

കമ്മീഷണര്‍ കോവളം സി.ഐയ്ക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബര്‍ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സി.ഐ ശ്രമിച്ചെന്ന് യുവതി ആരോപിച്ചതിനെ തുടര്‍ന്ന് കോവളം സി.ഐയെ സ്ഥലം മാറ്റിയിരുന്നു.