ടെഹ്റാന്: തങ്ങളുടെ ഉപാധികള് യു.എസ് അംഗീകരിച്ചാല് ഏഴ് ദിവസത്തിനുള്ളില് ഹോര്മുസ് തുറന്നുകൊടുക്കാമെന്ന വാഗ്ദാനം ഇപ്പോഴും പരിഗണനയിലുണ്ടെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാനിയന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അറാഗ്ചി ഈ കാര്യം വ്യക്തമാക്കിയത്.
സെപ്റ്റംബറിലായിരുന്നു ഹോര്മുസ് തുറക്കുന്നതിനുള്ള ഉപാധികള് ഇറാന് യു.എസിനു മുന്നില് വെച്ചത്. ജൂണിലെ വെടിനിര്ത്തല് കരാര് പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ഇത്. ജൂണിലെ വെടിനിര്ത്തല് കരാറിലെ വ്യവസ്ഥകള്ക്ക് സമാനമായിരുന്നു ഹോര്മുസ് തുറക്കാന് ഇറാന് കഴിഞ്ഞ മാസം യു.എസിന് മുന്നില്വെച്ച ഉപാധികള്.
ഹോര്മുസ് തുറക്കുന്നതിന് തങ്ങള് മുന്നില് വെച്ച നിര്ദേശങ്ങള്ക്ക് യു.എസില് നിന്ന് മറുപടി ലഭിച്ചതായി ഇറാന് പിന്നീട് സ്ഥിരീകരിച്ചിരുന്നു. എന്നാല് തങ്ങള് മുന്നോട്ട് വെച്ച നിബന്ധനകള് യു.എസ് അംഗീകരിക്കാന് തയ്യാറാവാത്തതിനാല് ചര്ച്ചകള് സ്തംഭിച്ചതായി ഇറാന്റെ സുരക്ഷാ വിഭാഗം തലവന് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
ഇപ്പോള് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോപ്പറേഷന്’ (ഒ.ഐ.സി) യോഗത്തില് എത്തിയപ്പോഴാണ് ഹോര്മുസ് തുറക്കുന്നതിനുള്ള നിബന്ധനകളെക്കുറിച്ച് അരാഗ്ചിയുടെ പുതിയ പ്രതികരണം. അമേരിക്കയ്ക്ക് നല്കിയ നിര്ദേശത്തെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ നിലപാടെന്ന് ഒ.ഐ.സി യോഗത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ അരാഗ്ചി പറഞ്ഞു.
‘ഞങ്ങളുടെ നിലപാട് വ്യക്തമാണ്. അത് അമേരിക്കയ്ക്ക് സമര്പ്പിച്ച ഏഴ് ദിവസത്തെ നിര്ദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അവര് ചില അഭിപ്രായങ്ങള് അറിയിച്ചിട്ടുണ്ട്. ഞങ്ങള് അത് പരിശോധിച്ചുവരികയാണ്.
ഞങ്ങളുടെ നിര്ദ്ദേശം ഇപ്പോഴുംപരിഗണനയിലുണ്ട്. അമേരിക്കയുടെ ഭാഗത്ത് ആത്മാര്ത്ഥതയുണ്ടെങ്കില് ഹോര്മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള വഴി വളരെ എളുപ്പമാണ്. വാസ്തവത്തില് അവിടെ അത്തരം ആത്മാര്ത്ഥതയൊന്നുമില്ല,’ അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യന് മേഖലയിലെ എല്ലാ സംഘര്ഷങ്ങളും അവസാനിപ്പിക്കുക, തങ്ങളുടെ തുറമുഖങ്ങള്ക്കു മേലുള്ള അമേരിക്കന് ഉപരോധം നീക്കുക, എണ്ണ കയറ്റുമതിക്ക് ഏര്പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങള് പിന്വലിക്കുക എന്നിവയടക്കമുള്ള നിബന്ധനകളാണ് ഹോര്മുസ് തുറക്കാനായി ഇറാന് യു.എസിന് മുന്നില് വെച്ചത്. ഇവ ആറ് ദിവസത്തിനുള്ളില് യു.എസ് അംഗീകരിച്ചാല് അതിനടുത്ത ദിവസം ഹോര്മുസ് കടലിടുക്ക് വീണ്ടും തുറക്കാന് പറ്റുമെന്ന് അരാഗ്ചി പറഞ്ഞു.
Content Highlight: Proposal to reopen Strait of Hormuz still under consideration- Iran
