തിരുവനന്തപുരം: തിരുവനന്തപുരം ജവഹര്‍ നഗറില്‍ വ്യാജരേഖ ചമച്ച് നാലരക്കോടിയുടെ വീടും വസ്തുവും തട്ടിയെടുത്ത സംഭവത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധം പുറത്ത്.
ഡി.സി.സി അംഗം അനന്തപുരി മണികണ്ഠന്‍, കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ വൈ. കോണ്‍സ്റ്റന്റൈന്‍ എന്നിവര്‍ ചേര്‍ന്നാണ് വ്യാജരേഖ ചമച്ച് വീടും വസ്തുവും തട്ടിയെടുത്തത്.
ആധാരം എഴുത്തുകാരന്‍ കൂടിയായ അനന്തപുരി മണികണ്ഠന്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ സ്വാധീനിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിക്കും. നിലവില്‍ കന്റോണ്‍മെന്റ് എ.സി.പിയാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആറ്റുകാല്‍ വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായ അനന്തപുരി മണികണ്ഠന്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ വി.എസ്. ശിവകുമാറിന്റെ അടുത്ത അനുയായിയാണ്.
കേസില്‍ അറസ്റ്റിലായ പുനലൂര്‍ ചണ്ണപ്പേട്ട മണക്കാട് കോടാലിപച്ച പുതുപ്പറമ്പില്‍ മെറിന്‍ ജേക്കബ് (27), വട്ടപ്പാറ മരുതൂര്‍ ചീനിവിള പാലയ്ക്കാട് വീട്ടില്‍ വസന്ത (75) എന്നിവര്‍ പ്രാഥമിക കണ്ണികള്‍ മാത്രമാണെന്നും പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നും മ്യൂസിയം പൊലീസ് പറയുന്നു.
അറസ്റ്റിലായ മെറിന്‍, വസന്ത എന്നിവർ
ആള്‍മാറാട്ടം നടത്തിയതിന് തങ്ങള്‍ക്ക് പണം ലഭിച്ചുവെന്നും മണികണ്ഠന്‍ പറഞ്ഞതുപ്രകാരം ഒപ്പിട്ടു നല്‍കുകയായിരുന്നു ചെയ്തത് എന്നുമാണ് അറസ്റ്റിലായ രണ്ടു സ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്.
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിപ്സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും ഇവരുടെ വളര്‍ത്തുമകളെന്ന വ്യാജേന പ്രതി മെറിന്‍ ജോസഫിന്റെ പേരില്‍ ധനനിശ്ചയം ചെയ്ത് ആധാരം തയ്യാറാക്കിയത് കോണ്‍സ്റ്റന്റൈനാണ്.
ഈ വസ്തു ഒന്നരക്കോടി രൂപയ്ക്ക് ചന്ദ്രസേനന്‍ എന്നയാള്‍ക്ക് മെറിന്‍ വിലയാധാരം നല്‍കുന്നതായുള്ള ആധാരം അനന്തപുരി മണികണ്ഠനും തയ്യാറാക്കി നല്‍കി.
ചന്ദ്രസേനന്റെ മകളുടെ ഭര്‍ത്താവും ബിസിനസുകാരനുമായ അനില്‍ തമ്പി വിലയാധാരത്തില്‍ സാക്ഷിയായി ഒപ്പുവെച്ചു. ഇയാളും കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതാക്കളുമായും അടുത്ത ബന്ധം വെച്ചുപുലര്‍ത്തുന്നയാളാണ്.
മണികണ്ഠന്‍ തയ്യാറാക്കിയ ആധാരത്തില്‍ താന്‍ ഒപ്പിടുകമാത്രമാണ് ചെയ്തതെന്നാണ് കോണ്‍സ്റ്റന്റൈന്‍ പറയുന്നത്.
വസ്തു ഇടപാടിനായി മെറിന്റെ ആധാര്‍ കാര്‍ഡും വ്യാജമായിരുന്നു. ആധാര്‍ നമ്പര്‍ ഒഴികെയുള്ള എല്ലാ വിവരങ്ങളും തെറ്റായാണ് കാണിച്ചിരുന്നത്. ഈ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിനെയും വസന്തയെയും പിടികൂടിയത്.
പിതാവ് അസറിയയില്‍നിന്ന് പാരമ്പര്യമായി കിട്ടിയ ഭൂമിയാണ് ഇവര്‍ തട്ടിയെടുത്തതെന്നാണ് ഡോറ അസറിയ ക്രിപ്സിന്റെ പരാതി. ഭൂമി നോക്കിനടത്താന്‍ ബന്ധുവായ അമര്‍നാഥ് പോളിനെ ഏല്‍പ്പിച്ചിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ കരമടയ്ക്കാന്‍ വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് മറ്റൊരാളുടെ ഉടമസ്ഥതയിലേക്ക് മാറ്റിയത് അറിഞ്ഞതെന്ന് അമര്‍നാഥ് പോള്‍ പറയുന്നു. ഇതോടെ ഡോറയെ വിവരം അറിയിക്കുകയും അവര്‍ ഇ-മെയില്‍ പരാതി അറിയിക്കുകയുമായിരുന്നു.
Content Highlight: Property snatched by forging documents; former Congress candidate is the main mastermind