നോട്ടുനിരോധനത്തെ നൈസായി വെളുപ്പിക്കാന്‍ നോക്കിയിട്ടുണ്ട്... ഒ.ടി.ടി റിലീസിന് ശേഷം ധുരന്ധറിലെ പ്രൊപ്പഗണ്ടകള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ
Indian Cinema
നോട്ടുനിരോധനത്തെ നൈസായി വെളുപ്പിക്കാന്‍ നോക്കിയിട്ടുണ്ട്... ഒ.ടി.ടി റിലീസിന് ശേഷം ധുരന്ധറിലെ പ്രൊപ്പഗണ്ടകള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Friday, 30th January 2026, 4:53 pm

ആരും തിരിഞ്ഞുനോക്കാനില്ലാതെ ഫ്‌ളോപ്പാകുമെന്ന് ആദ്യദിവസം വിധിയെഴുതിയ ചിത്രം ഇന്‍ഡസ്ട്രിയല്‍ ഹിറ്റാവുക. ധുരന്ധര്‍ എന്ന ചിത്രം രചിച്ച ചരിത്രം അടുത്തൊന്നും മറ്റൊരു സിനിമയും തകര്‍ക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. തിയേറ്ററിലെ വന്‍ വിജയത്തിന് ശേഷം ധുരന്ധര്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു.

തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ ധുരന്ധറില്‍ ഒളിച്ചുകടത്തപ്പെടുന്ന പ്രൊപ്പഗണ്ടയെക്കുറിച്ചുള്ള ചില പോസ്റ്റുകള്‍ വൈറലായിരുന്നു. ബി.ജെ.പി ഗവണ്മെന്റിനെ വെളുപ്പിക്കുന്ന ചില ഡയലോഗുകള്‍ സംവിധായകന്‍ മനപൂര്‍വം ഉള്‍പ്പെടുത്തിയതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഒ.ടി.ടി റിലീസിന് ശേഷവും ധുരന്ധറിലെ പ്രൊപ്പഗണ്ട ഡയലോഗ് ചര്‍ച്ചയായിരിക്കുകയാണ്.

ബി.ജെ.പി ഗവണ്മെന്റ് നടത്തിയ ഏറ്റവും മോശം നീക്കമായ നോട്ട് നിരോധനത്തെ ധുരന്ധര്‍ വെളുപ്പിക്കുകയാണെന്നാണ് വൈറലായ ഒരു പോസ്റ്റ്. വലതുപക്ഷത്തിന്റെ പ്രൊപ്പഗണ്ട ഒളിച്ചുകടത്തുന്ന സിനിമയാണ് ധുരന്ധര്‍ എന്ന് അലിം ഷാ എന്ന ഐ.ഡി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നുണ്ട്.

ധുരന്ധര്‍ Photo: Netflix

പാകിസ്ഥാനില്‍ നിന്നുള്ള കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ നടത്തിയ നോട്ട് നിരോധനം അമ്പേ പരാജയമായെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ധുരന്ധറില്‍ പാകിസ്ഥാനില്‍ നിന്ന് ധാരാളമായി കള്ളനോട്ട് ഇന്ത്യയിലേക്ക് ഒഴുകുകയാണെന്ന് കാണിക്കുന്നുണ്ട്.

പാകിസ്ഥാന് വേണ്ടി ഇന്ത്യന്‍ നോട്ടുകളുടെ പ്ലേറ്റ് കൈമാറുന്ന കേന്ദ്ര മന്ത്രിയുണ്ടെന്നും കള്ളനോട്ടുകള്‍ നേപ്പാള്‍ വഴി ഉത്തര്‍പ്രദേശിലെ ഇറച്ചിവില്പന കടകളിലൂടെയാണ് മറ്റിടങ്ങളിലേക്ക് പോകുന്നതെന്നും പറയുന്നുണ്ട്. വര്‍ഗീയ ലഹളയുണ്ടാകുമെന്ന് പേടിച്ച് കള്ളപ്പണ മാഫിയയെ തൊടാന്‍ ആരും തയാറാകുന്നില്ലെന്നും ചിത്രത്തില്‍ പറഞ്ഞുവെക്കുന്നു.

ധുരന്ധര്‍ Photo: Netflix

‘പരമാവധി വിവരങ്ങള്‍ ഇപ്പോള്‍ ശേഖരിച്ച് വെക്കാം, ഇന്ത്യ നന്നായി കാണണമെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും നേതാവ് യു.പിയില്‍ ഒരിക്കല്‍ അധികാരത്തില്‍ വരും. അന്ന് ഈ വിവരങ്ങള്‍ ഉപകാരപ്പെടും’ എന്നാണ് അജിത് ഡോവലുമായി സാമ്യതയുള്ള മാധവന്റെ കഥാപാത്രം പറയുന്നത്. കിട്ടിയ സമയത്തില്‍ യോഗി ആദിത്യനാഥിനെയും സുഖിപ്പിക്കാന്‍ സംവിധായകന്‍ മറന്നിട്ടില്ല എന്നതിന്റെ തെളിവാണ് ഈ ഡയലോഗ്.

പാകിസ്ഥാനില്‍ നിന്ന് ധാരാളമായ കള്ളപ്പണം ഒഴുകുന്നതായി ചിത്രത്തില്‍ കാണിക്കുന്നുണ്ട്. എന്നാല്‍ നോട്ട് നിരോധന സമയത്ത് ഇവയൊന്നും കണ്ടുപിടിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് അന്നേ ചോദ്യമുയര്‍ന്നിരുന്നു. യഥാര്‍ത്ഥ സംഭവങ്ങളില്‍ ഫിക്ഷന്‍ ചേര്‍ക്കുന്നത് നല്ലതാണെങ്കിലും അതില്‍ ഇത്തരം പ്രൊപ്പഗണ്ട കുത്തിക്കയറ്റുന്നത് വിമര്‍ശിക്കപ്പെടേണ്ടതാണ്.

പോസ്റ്റ് ക്രെഡിറ്റ് സീനില്‍ രണ്‍വീറിന്റെ ഹംസ അലി എന്ന കഥാപാത്രം ‘ഇത് പുതിയ ഹിന്ദുസ്ഥാനാണ്’ എന്ന് പറയുന്നതും ബി.ജെ.പിയെ ബൂസ്റ്റ് ചെയ്തുകൊണ്ടുള്ള ഡയലോഗാണെന്ന് കരുതിയാല്‍ തെറ്റ് പറയാനാകില്ല.

Content Highlight: Propagandas hidden in Dhurandhar viral in social media

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം