കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഓര്‍മയില്‍ കോഴിക്കോട്ട് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. കേരള രാഷ്ട്രീയത്തേയും സമൂഹത്തേയും ഗൗരവമായി കാണുന്ന സംഘടനകളേയും വ്യക്തികളേയും ജനാധിപത്യവേദിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത് എം.എന്‍ കാരശ്ശേരി ചെയര്‍മാനും ജോസഫ് സി. മാത്യു കണ്‍വീനറായും രൂപീകരിച്ച സംഘാടക സമിതിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
‘വി.എസ്. ഓര്‍മ്മ’യില്‍ ‘ഭരണഘടന – ജനാധിപത്യം’ എന്ന ശീര്‍ഷകത്തില്‍ ദേശീയ സെമിനാര്‍, കേരളത്തെ സംബന്ധിച്ച് വി.എസ്. ഉയര്‍ത്തിയ കാഴ്ചപ്പാടുകളുടെയും ജനകീയ ഇടപെടലുകളുടെയും പശ്ചാത്തലത്തില്‍ ജനപക്ഷ ഇടത് രാഷ്ട്രീയത്തെ കാലോചിതമായി വികസിപ്പിക്കാനുതകുന്ന ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴി തുറക്കുന്ന ദ്വിദിന ശില്‍പ്പശാല, അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ത്യാഗനിര്‍ഭരമായ പൊതുജീവിതവും സമരസന്ദര്‍ഭങ്ങളും അനാവരണം ചെയ്യപ്പെടുന്ന ഇന്‍സ്റ്റലേഷന്‍, ചിത്രാവിഷ്‌കാരം, ഫോട്ടോ എക്‌സിബിഷന്‍ എന്നിവയാണ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.
വി.എസ്സിന്റെ വിയോഗത്തിന് ശേഷം കേരളത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും ശ്രദ്ധേയമായ പരിപാടിയായിരിക്കും ഇത്. നവംബര്‍ 25 മുതല്‍ 29 വരെ അഞ്ച് ദിവസങ്ങളിലായി കോഴിക്കോട് ടൗണ്‍ഹാള്‍, ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി എന്നിവിടങ്ങളിലായാണ് പരിപാടികള്‍ നടക്കുക.
26ന് ഉച്ചയ്ക്ക് മൂന്നുമണി മുതല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം, ഭരണഘടന – ജനാധിപത്യം, എന്ന വിഷയത്തില്‍ ദേശീയ സെമിനാറായി സംഘടിപ്പിക്കും.
റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍, ജുഡീഷ്യറിയുടെ പക്ഷപാത നിലപാടുകളില്‍ പ്രതിഷേധിച്ച് അഭിഭാഷകവൃത്തി ഉപേക്ഷിച്ച സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനും മുന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ അഡ്വ: ദുഷ്യന്ത് ദാവെ എന്നിവര്‍ പരിപാടിയുടെ ഭാഗമാകും.
‘നമ്മള്‍ ഇന്ത്യന്‍ പൗരന്മാര്‍, ഭരണഘടന, നീതിന്യായ വ്യവസ്ഥ – ആര് ആരെ സംരക്ഷിക്കും?’ എന്ന വിഷയത്തില്‍ ഇരുവരും സംസാരിക്കും.
കര്‍ഷക സമരസൈദ്ധാന്തികനും പഞ്ചാബ് സര്‍ക്കാരിന്റെ ഫാര്‍മേഴ്‌സ് കമ്മീഷന്‍ ചെയര്‍മാനുമായ ഡോ. സുഖ്പാല്‍ സിങ്, കെ.കെ. രമ എം. എല്‍.എ, കല്‍പ്പറ്റ നാരായണന്‍, ഡോ: ഖദീജാ മുംതാസ് എന്നിവരും പരിപാടിയില്‍ സംസാരിക്കും.
നവംബര്‍ 25 മുതല്‍ 29 വരെ, കോഴിക്കോട് ലളിതകലാ അക്കാദമി ഗാലറിയില്‍ വി.എസ്സിന്റെ സമരജീവിതവും പോരാട്ടങ്ങളും ദൃശ്യവത്കരിക്കുന്ന ഇന്‍സ്റ്റലേഷനുകള്‍, ചിത്രാവിഷ്‌കാരങ്ങള്‍, ഫോട്ടോ പ്രദര്‍ശനം എന്നിവ ഉണ്ടാകും.
നവംബര്‍ 27, 28 തിയ്യതികളില്‍, നടക്കുന്ന ദ്വിദിന ശില്പശാലയില്‍ അന്തര്‍ദേശീയ – ദേശീയ തലങ്ങളില്‍ പ്രശസ്തരായ
ഫാക്കല്‍റ്റികളും പതിനാല് ജില്ലകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്‌തെത്തുന്ന പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്.
27ന് രാവിലെ നടക്കുന്ന, ‘ഭൂബന്ധകളും കേരളത്തിന്റെ ഭാവിയും’ എന്ന വിഷയത്തില്‍ ഡോ. മൈക്കിള്‍ തരകന്‍, സി.പി. ജോണ്‍, സണ്ണി എം. കപിക്കാട് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. എന്‍.എം. പിയേഴ്‌സണാണ് മോഡറേറ്റര്‍.
തുടര്‍ന്ന് നടക്കുന്ന പരിസ്ഥിതിയും വികസനവും എന്ന ചര്‍ച്ചയില്‍ ശ്രീധര്‍ രാധാകൃഷ്ണന്‍, സി.ആര്‍. നീലകണ്ഠന്‍, ആര്‍.കെ. സോണി, ജോസഫ് സി. മാത്യു, കെ. സുരേഷ് കുമാര്‍ ഐ.എ.എസ് എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രൊഫ: കുസുമം ജോസഫാണ് ഈ സെഷന്റെ മോഡറേറ്റര്‍.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന ‘ലിംഗനീതി കേരളിയാനുഭവങ്ങള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ ഡോ. കെ എം ഷീബ, വിജയരാജമല്ലിക, കെ അജിത, എം.എ. ബിന്ദു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും. കെ. ശാന്ത മോഡറേറ്റ് ചെയ്യും.
അന്ന് വൈകീട്ട് നടക്കുന്ന ‘പരിവേഷങ്ങളഴിയുന്ന കേരളാ മോഡല്‍’ എന്ന വിഷയത്തില്‍ വി.കെ. ശശിധരന്‍, ഡോ:കെ എന്‍ അജോയ്കുമാര്‍, ഫ്രെഡ്ഡി കെ. താഴത്ത്, ഡോ:സജിന്‍ രാഘ് എസ്.ആര്‍, കെ. ദിലീപ്കുമാര്‍, റജീന അഷറഫ് എന്നിവര്‍ പങ്കെടുക്കും. കെ.കെ. സുരേന്ദ്രന്‍ മോഡറേറ്റ് ചെയ്യും.
28ന് രാവിലെ നടക്കുന്ന ‘ഫാസിസ്റ്റ് കാലത്തെ മാധ്യമ പ്രവര്‍ത്തനം’ എന്ന വിഷയത്തില്‍ ആര്‍. രാജഗോപാല്‍, വിനോദ് കെ ജോസ്, ദാമോദര്‍ പ്രസാദ്, എം.പി. ബഷീര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും. എന്‍.പി ചെക്കുട്ടിയാണ് മോഡറേറ്റര്‍. തുടര്‍ന്ന് നടക്കുന്ന ‘ഫാസിസത്തിന്റെ സാംസ്‌കാരിക അധിനിവേശം’ എന്ന വിഷയത്തില്‍ ഡോ. യാസിര്‍ അറാഫത്ത്, ഡോ. ടി.എസ്. ശ്യാംകുമാര്‍, കെ. സഹദേവന്‍, കെ.എസ്. ഹരിഹരന്‍ എന്നിവര്‍ സംസാരിക്കും. വി.എസ്. അനില്‍കുമാര്‍ മോഡറേറ്ററാകും.
വൈകിട്ട് നടക്കുന്ന അവസാന സെഷനില്‍ ‘മാറുന്ന ലോകം, ഇതുപക്ഷം ജനാധിപത്യം’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ഡോ. കെ.പി. കണ്ണന്‍, അഡ്വ. തമ്പാന്‍ തോമസ്സ്, എം.എം സോമശേഖരന്‍, അരുണ്‍ എം, ഡോ. ആസാദ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. എന്‍.വി. ബാലകൃഷ്ണന്‍ മോഡറേറ്ററായിരിക്കും.
ചര്‍ച്ചകളുടെ അനുഭവങ്ങള്‍ ക്രോഡീകരിച്ച് പ്രൊഫ: എന്‍ സുഗതന്‍, ജോസഫ് സി മാത്യു എന്നിവര്‍ സംസാരിക്കും.
സംവാദങ്ങളിലൂടെ ഉരുത്തിരിയുന്ന ആശയങ്ങളും പ്രബന്ധങ്ങളും ക്രോഡീകരിച്ച് ‘ കേരളം സങ്കല്പവും സാക്ഷാത്കാരവും’ എന്ന രേഖ പുസ്തക രൂപത്തില്‍ തയാറാക്കി കേരളത്തിന്റെ ഭാവി പരിഗണനകള്‍ക്കായി സമര്‍പ്പിക്കും.
കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ എം.എന്‍. കാരശ്ശേരി, കണ്‍വീനര്‍ ജോസഫ് സി. മാത്യു, ജോയ് കൈതാരം, എന്‍.വി. ബാലകൃഷ്ണന്‍, തെ.പി. ചന്ദ്രന്‍, പ്രിയേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlight: Programs are being organized in memory of former Chief Minister VS Achuthanandan.