സി.പി.ഐ.എമ്മിന്റെ പരിസ്ഥിതി നയത്തിനോട് പരിഷത്തിന് വിയോജിപ്പുകളുണ്ട്; പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍ സംസാരിക്കുന്നു
Interview
സി.പി.ഐ.എമ്മിന്റെ പരിസ്ഥിതി നയത്തിനോട് പരിഷത്തിന് വിയോജിപ്പുകളുണ്ട്; പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍ സംസാരിക്കുന്നു
ഷഫീഖ് താമരശ്ശേരി
Thursday, 31st January 2019, 11:23 pm

കേരളത്തിന്റെ ഒരു സാമൂഹിക രാഷ്ട്രീയ മണ്ഡലം പ്രളയത്തിന് ശേഷവും പ്രളയത്തിന് മുന്‍പും എന്നരീതിയില്‍ രണ്ടായി വിഭജിക്കപ്പെടുമെന്നായിരുന്നു പ്രളയകാലത്ത് ഏതാനും ചില സാമൂഹിക നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ പ്രളയാനന്തരകേരളത്തിന്റെ മുഖ്യധാരാ മണ്ഡലങ്ങളില്‍ മറ്റ് പല വിഷയങ്ങളുമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. പ്രളയ ബാധിത ജനതയുടെ ദുരിതങ്ങളോ ഇന്നും സങ്കീര്‍ണ്ണമായി കൊണ്ടിരിക്കുന്ന പരിസ്ഥിതിയോ അത്ര സജീവ ചര്‍ച്ചയായി പരിഗണിക്കപ്പെടുന്നില്ല. ഈ വൈരുധ്യത്തെ എങ്ങനെയാണ് താങ്കള്‍ കാണുന്നത്?

യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ പ്രളയത്തിന് ശേഷവും പ്രളയത്തിന് മുന്‍പും എന്ന വിഭജനം വന്നിട്ടുണ്ട്. അത് ഏത് മേഖല എടുത്താലും ബോധ്യപ്പെടും. ഉപജീവനം നഷ്ടപ്പെട്ടതായാലും പരിസ്ഥിതിയില്‍ വന്നിട്ടുള്ള ആഘാതമായാലും ഓരോ സ്ഥലത്തെ ജീവിതാവസ്ഥ വച്ച് നോക്കിയാലും അത് മനസ്സിലാവും. പ്രളയകാലത്ത്് കേരളത്തിന്റ ഏറ്റവും വലിയ പ്രത്യേകത അത് കാണിച്ചിട്ടുള്ള ഐക്യമാണ്. അതില്‍ സ്‌ക്കൂള്‍കുട്ടികള്‍ മുതല്‍ മത്സ്യതൊഴിലാളികള്‍ വരെയും മൊബൈല്‍ ആപ്പ് നടത്തുന്നവര്‍ മുതല്‍ പൈലറ്റുമാര്‍ വരെയും ഉള്‍പ്പെട്ടിട്ടുണ്ട്.

ആ കൂട്ടായ്മ പ്രളയാനന്തര കാലത്തും കേരളത്തില്‍ മുന്നോട്ട് പേകേണ്ടതായിരുന്നു. പക്ഷെ നമ്മള്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് പോയിട്ടില്ല. ഇത്രയും ഐക്യത്തോടെ പ്രവര്‍ത്തിച്ചിരുന്ന കേരളത്തിന്റെ ജനങ്ങള്‍ക്കിടയില്‍ വലിയ അനൈക്യത്തിന്റെ ചിത്രമാണ് കണ്ടിട്ടുള്ളത്. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതില്‍ പ്രധാനപ്പെട്ട ഘടകമാണ്. വളരെ കൃത്യമായി കേരളത്തില്‍ ജനജീവിതവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ഐക്യം പകര്‍ത്തിയെടുക്കാന്‍ സാധിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ആ ഐക്യം നിലനിര്‍ത്തി മുന്നോട്ട് കൊണ്ടുപോകുക എന്നത് പുതിയ കേരളത്തിന്റെ സൃഷ്ടിയെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായിരുന്നു.

കാരണം കേരളം വിഭജിക്കപ്പെട്ടിരുന്നു. ആ വിഭജനത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പുനര്‍നിര്‍മ്മാണത്തിന്റെ രീതിയില്‍ കേരളത്തില്‍ ശക്തിപ്പെടേണ്ടതായിരുന്നു. അത് സാധിച്ചിട്ടില്ല. അത് കേരളത്തിന്റെ വലിയ സാമൂഹിക പരാജയമാണ്. അവിടെ ശബരിമല വിഷയം ഉടലെടുത്തു. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം പ്രളയത്തില്‍ തകര്‍ന്നുപോയ കേരളത്തെ പുനര്‍നിര്‍മ്മാണം തന്നെയാണ്.

കേരളത്തില്‍ നവനിര്‍മ്മാണം അതിന്റെ അടിസ്ഥാന ലക്ഷ്യം പൂര്‍ത്തീകരിച്ചു എന്നതാണ് സര്‍ക്കാര്‍ ഇപ്പോഴും കണക്കാക്കുന്നത്. അതേസമയം കേരളത്തിന്റെ മലയോര മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും വനമേഖലയിലും താമസിക്കുന്ന ഒട്ടനേകം പ്രളയബാധിത കുടുംബങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരായിട്ട് തുടരുന്നു. ഇത്തരത്തില്‍ എങ്ങനെയാണ് നവനിര്‍മ്മാണം സാധ്യമാവുന്നത്?

സര്‍ക്കാര്‍ അടിസ്ഥാന ലക്ഷ്യം പൂര്‍ത്തീകരിച്ചുവെന്ന് പറയാന്‍ പറ്റുന്ന അവസ്ഥയിലല്ല കേരളം ഇപ്പോഴും ഉള്ളത്. വയനാട്ടില്‍ തുടങ്ങി വച്ചിട്ടുള്ള ഒരുപാട് പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കുട്ടനാടില്‍ തനതായ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇടുക്കിയില്‍ മൂന്നാറില്‍ ഞാന്‍ ക്ലാസ് എടുക്കാന്‍ പോകുന്ന കോളേജ് ഇന്നിപ്പേള്‍ അവിടെയില്ല. പരിമിതമായിട്ടുള്ള കോളേജിലാണ് ഇന്ന് ആ കോളേജ് പ്രവര്‍ത്തിക്കുന്നത്. അത്തരത്തില്‍ അടിസ്ഥാനപരമായ ഒരുപാട് പ്രശ്നങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. പക്ഷെ പെട്ടെന്നുണ്ടാവുന്ന ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കുക, തല്‍ക്കാലം വേണ്ടിവരുന്ന ,സമാശ്വാസ റിലീഫ് നടപടികള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍ ജനജീവിതത്തിന്റെയും പരിസ്ഥിതിയുടെയും പുനര്‍നിര്‍മ്മാണങ്ങള്‍ ശാശ്വതമായ രീതിയില്‍ നടപ്പേക്കേണ്ടതുണ്ട്. കാരണം പ്രകൃതി ദുരന്തങ്ങള്‍ ഇനിയും ഉണ്ടായേക്കാം.

നവനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കകത്ത് ഏറ്റവും കൂടുതല്‍ പ്രാധാന്യം ഭൗതികമായ നിര്‍മ്മിതികള്‍ക്ക് വേണ്ടി ചിലവഴിക്കുന്നു എന്ന നിരീക്ഷണം ഉണ്ടായിട്ടുണ്ട്. അതേസമയം കേരളത്തിന്റെ ഗ്രാമീണമേഖലകളില്‍ അടക്കം ജീവിതവരുമാനം നഷ്ടപ്പെട്ട് സര്‍ക്കാര്‍ സഹായത്തിന് വേണ്ടി മാത്രം കാത്തുനില്‍ക്കുന്ന ഒരുജനത ഒരു ഭാഗത്ത് ഉണ്ട്. അവരുടെ ജീവനോപാധി പുനസ്ഥാപിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌ക്കരിച്ചതായി കാണുന്നില്ല. അത്തരത്തില്‍ കേരളത്തിലെ സാമ്പത്തികാവസ്ഥയെ പ്രളയം എങ്ങനെ വിലയിരുത്താം.?

കേരളത്തില്‍ എല്ലാ പ്രശ്നങ്ങളും പ്രളയത്തോട് കൂടി ഉണ്ടായതല്ല. തോട്ടം തൊഴിലാളികളുടെയായാലും കുട്ടനാട്ടിലെ തനത് പ്രശ്നങ്ങളായാലും ഗ്രാമീണസമ്പത്ത് വ്യവസ്ഥയുടെ തകര്‍ച്ചയും നിലവില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങളാണ്. പ്രളയത്തോടെ ഈ പ്രശ്നങ്ങളെല്ലാം അഗ്രവേറ്റ് ചെയ്തു. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അതിന്റെ അഗ്രവേറ്റീവായ അവസ്ഥയെയും അഭിമുഖീകരിക്കണം ഒപ്പം അടിസ്ഥാനപരമായിട്ട് നേരത്തെ ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങളെയും അഭിമുഖീകരിക്കണം.

തോട്ടം തൊഴിലാളികളുടെ പ്രശ്നം ഒരു വലിയ പ്രശ്നമായി കേരളത്തില്‍ നിലനില്‍ക്കുകയാണ്. അത് പ്രളയത്തോടുകൂടി ഒരു പ്രത്യേക പ്രതിസന്ധിയിലേക്ക് എത്തി.

ഇത്തരത്തില്‍ രണ്ട് പ്രശ്നങ്ങളെയും പരിഹരിക്കാമുള്ള ശ്രമം സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നുണ്ട്. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് റോഡിന്റെ പുനര്‍ നിര്‍മ്മാണമാണ്. എന്നാല്‍ അത് മാത്രമാണോ പുനര്‍നിര്‍മ്മാണം എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. അല്ലാത്തതായിട്ടുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടാവാം. എന്നാല്‍ ഇത്ര വിസിബിള്‍ അല്ല. വിസിബിള് ആയിട്ടുള്ള കാര്യങ്ങള്‍ ഒരുപാട് നടക്കുന്നുണ്ട്. എന്നാല്‍ ജീവിതോപാധികളെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ അത്യാവശ്യമാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടാവാം. വിസിബിള്‍ അല്ലാത്തത് കൊണ്ടാവാം നമുക്ക് മനസ്സിലാകാത്തത്.

പ്രളയദിനങ്ങളിലെ കേരളം ചിന്തിച്ചിരുന്നത് ഇനി വരാന്‍ പോകുന്ന കേരളം കുറച്ചുകൂടി പാരിസ്ഥിതിക വിവേകമായിട്ടുള്ള കേരളമായിരിക്കുമെന്നും അത്തരത്തിലുള്ള നടപടികള്‍ കൈക്കൊള്ളുമെന്നുമായിരുന്നു. മുഖ്യമന്ത്രിയുടെ ആ ദിവസങ്ങളിലെ പത്രപ്രസ്താനവകളിലെല്ലാം തന്നെ ഇത്തരത്തിലുള്ള സൂചനകളുമുണ്ടായിരുന്നു. എന്നാല്‍ പ്രളയം അതിരൂക്ഷമായി ബാധിച്ച പ്രദേശങ്ങളായ വയനാട്, മലമ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളില്‍ പിന്നീട് നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന തരത്തിലായിരുന്നു. ആലപ്പാട്ടെ കരിമണല്‍ ഖനനം വിഷയത്തില്‍ പോലും പാരിസ്ഥിതികമായ ജാഗ്രതയില്‍ നിന്നുള്ള സമീപനം ഇടതുപക്ഷം സ്വീകരിക്കുന്നില്ല എന്ന വിമര്‍ശനങ്ങളാണ് പലഭാഗത്ത് നിന്നും ഉയരുന്നത്?

ആ വിമര്‍ശനത്തിനകത്ത് കാര്യമുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ നേരിടേണ്ട രീതിയും ആലപ്പാട്ട് പോലുള്ള പ്രദേശങ്ങളില്‍ കരിമണല്‍ ഖനനത്തെ തുടര്‍ന്നുണ്ടാകുന്ന നേരത്തെ തുടര്‍ന്നുവരുന്ന പ്രശ്‌നങ്ങളെ നേരിടേണ്ട രീതിയും രണ്ടാണ്. ഒരു ഭാഗത്ത് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് കാര്യങ്ങളെല്ലാം ചെയ്യുമെന്ന് പറയുമ്പോഴും വഴിവിട്ട രീതിയിലുണ്ടാകുന്ന ക്വാറികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത് ന്യായീകരിക്കാനാവില്ല.

വയനാടില്‍ സോയില്‍ പൈപ്പിംഗ് എന്ന രീതിയിലുള്ള ഒരു പ്രതിഭാസം ഉണ്ടായിട്ടുണ്ട.് ആ പ്രതിഭാസത്തെ നമ്മള്‍ എങ്ങനെ നേരിടണം എന്ന് അറിയണം. കേരളത്തിലെ പ്രകൃതിവിഭവങ്ങല്‍ കുഴിച്ചെടുക്കുന്നത് സംബന്ധിച്ച്, വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഒരു സാമൂഹ്യ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുതകുന്ന ഒരു നിയമം ഇല്ല.

ഞാന്‍ മനസിലാക്കിയിടത്തോളം പാറ പൊട്ടിക്കുന്നതിന് കേരളത്തില്‍ നിയമമില്ല. അഴകൊഴമ്പന്‍ രൂപത്തിലുള്ള ചട്ടങ്ങള്‍ മാത്രമേയുള്ളൂ. ഇതൊക്കെ കൃത്യമായി മനസിലാക്കാന്‍ സാധിക്കുന്ന ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളുണ്ട്. ഓരോ വിഭവശേഷിക്കും പ്രത്യേക സ്ഥാപനങ്ങളുള്ള സംസ്ഥാനമാണ് കേരളം. തിരുവനന്തപുരത്ത് സെസ് ഉണ്ട്, കോഴിക്കോട് വെള്ളത്തിന്റെ പഠനകേന്ദ്രമുണ്ട്. കാടിനെക്കുറിച്ച് പഠിക്കുന്ന കെ.എഫ്.ആര്‍.ഐ ഉണ്ട്.

ഇവയൊക്കെ കാര്യക്ഷമമായി ഉപയോഗിക്കണം. കരിമണല്‍ ഖനനം മൂലമുള്ള പ്രശ്‌നങ്ങള്‍ കൊല്ലം ജില്ലയില്‍ നേരത്തെയുള്ളതാണ്. പരിഷത്ത് നേരത്തെ ഇടപെട്ടിട്ടുള്ളതാണ്. പ്രളയത്തിന് ശേഷം അവിടെയുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ ആ രീതിയില്‍ തന്നെ സര്‍ക്കാര്‍ പഠിക്കണം. പരിഷത്ത് അവിടെയൊരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. അവര്‍ വിഷയം പഠിച്ച് ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

കേരളത്തിലെ പ്രളയം നമ്മുടെ മുന്നില്‍വെച്ചിട്ടുള്ള വസ്തുനിഷ്ഠമായ ചില കാര്യങ്ങളുണ്ട്. ഒന്ന് മൂന്ന് ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ കേരളം വാസയോഗ്യമായിട്ടുള്ള ഒരു പ്രദേശമല്ല, പുനര്‍നിര്‍മ്മാണവുമായി നമ്മള്‍ മുന്നോട്ട് പോകുമ്പോള്‍ എന്താണ് പ്രളയം ഉണ്ടാക്കിയിട്ടുള്ള കേരളത്തിലെ പ്രതിസന്ധി എന്ന് ചികയാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.

ലോകത്തില്‍ പലയിടത്തും ഒരു ഫിക്ഷന്‍ പോലെയാണ് കാലാവസ്ഥ വ്യതിയാനമെന്നാണ് പറയാറുള്ളത്. കേരളം അതല്ല…കേരളം അതിലേക്ക് വന്നുകഴിഞ്ഞു. കേരളത്തിലെ പ്രകൃതിപ്രതിഭാസങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു അതിനിടയിലുള്ള ദൈര്‍ഘ്യം കുറയുന്നു. 1924 ല്‍ പ്രളയം ഉണ്ടായി, 2018 ല്‍ ഉണ്ടായി. ഇനി 2118 ല്‍ അല്ല ഉണ്ടാകാന്‍ പോകുന്നത്. ഒരു പക്ഷെ അടുത്ത ഫെബ്രുവരിയില്‍ ഉണ്ടാകാം മാര്‍ച്ചിലുണ്ടാകാം. കാരണം കാലാവസ്ഥയുടെ സ്വഭാവം മാറുകയാണ്.

2004 ല്‍ സുനാമിയുണ്ടായി. 2017 ല്‍ ഓഖിയുണ്ടായി, 2018 ല്‍ പ്രളയമുണ്ടായി. അതുകൊണ്ട് ഇനി പരിസ്ഥിതിയില്‍ നടത്തുന്ന ഏതൊരു ഇടപെടലും ഈ പാഠങ്ങളെ ഉള്‍ക്കൊണ്ടുവേണം ചെയ്യാന്‍.

ശാസ്ത്രീയമായ രീതിയില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ പഠിക്കാന്‍ ഗവേഷണസ്ഥാപനങ്ങള്‍ തയ്യാറാകണം, സര്‍വകലാശാലകള്‍ തയ്യാറാകണം. ഇവര്‍ക്കൊക്കെ സര്‍ക്കാര്‍ പണം നല്‍കുന്നുണ്ട്. കേരളത്തെ ശാശ്വതമായിട്ടാണ് പുനര്‍നിര്‍മ്മിക്കേണ്ടത്. കേരളം പാരിസ്ഥിതികമായി വള്‍നറബിള്‍ ആയിട്ടുള്ള പ്രദേശമാണ്.

കേരളത്തിന്റെ നവനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏകമാത്രമായ രീതിയില്‍ സംഭവിക്കുക എന്നതിലപ്പുറം തദ്ദേശീയമായ ആവശ്യങ്ങളെ മനസിലാക്കിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതില്ലേ.?

മലനാട്, ഇടനാട്, തീരപ്രദേശം എന്നതരത്തില്‍ വിസിബിള്‍ ആണ് കേരളത്തിന്റെ പാരിസ്ഥിതിക ഡിവിഷന്‍. ഈ മൂന്ന് സ്ഥലത്തും ഒരു നിയമമേയുള്ളൂ. കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍. സമുദ്രനിരപ്പില്‍ നിന്ന് താഴേകിടക്കുന്ന കുട്ടനാടിന്റെ അതേനിയമം തന്നെയാണ് സമുദ്രനിരപ്പില്‍ നിന്ന് മുകളിലുള്ള മൂന്നാറിലുമുള്ളത്.

ഓരോ ഡിവിഷനുകളിലും കെട്ടിടം നിര്‍മ്മാണം പോലുള്ള കാര്യങ്ങള്‍ ഏത് തരത്തിലാണ് വേണ്ടതെന്ന കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. ഗാഡ്ഗിലൊക്കെ പറയാന്‍ ശ്രമിച്ചിട്ടുള്ള സംഗതിയാണ്.

പഞ്ചായത്ത് തലത്തില്‍ ഇതിനൊക്കെ ഏകീകരണം വേണം. സംസ്ഥാനത്ത് സാര്‍വത്രികമായി നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ് മാലിന്യസംസ്‌കരണം. പണ്ട് സൈലന്റ് വാലി സമരം നടക്കുമ്പോള്‍ പരിസ്ഥിതി എന്ന് പറയുന്നത് അവിടത്തെ മാത്രം പ്രശ്‌നമായിരുന്നു. ഇന്ന് പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാത്ത ഒരു പഞ്ചായത്ത് പോലും കേരളത്തിലില്ല.

നമ്മള്‍ ഏത് പാരിസ്ഥിക മേഖലയിലാണോ ജീവിക്കുന്നത് അവിടെ സംരക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. മലമുകളില്‍ താമസിക്കുന്നവന് എറണാകുളത്തേത് പോലേ ജീവിക്കണം എന്ന് വിചാരിക്കുന്നത് ശരിയല്ല. കാടിനകത്ത് താമസിക്കുകയും നഗരത്തിന്റെ സൗകര്യം അവിടെ കിട്ടുകയും വേണമെന്ന് പറഞ്ഞാല്‍ സാധ്യമല്ല.

അവര്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ട് എങ്കില്‍ അത് പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പരിസ്ഥിതിയുടെ റോള്‍ വഹിക്കാന്‍ അതിനെ അനുവദിക്കണം

അണക്കെട്ടുകളുടെ കാര്യം പരിശോധിക്കുകായണെങ്കില്‍ പ്രളയമുണ്ടായ സമയത്ത് ചാലിക്കുടി, കബനി, പെരിയാര്‍ പുഴയുടെ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പറഞ്ഞത് അപ്രതീക്ഷിതമായി വെള്ളം ഇരച്ചുകയറുകയായിരുന്നുവെന്നാണ്. യഥാര്‍ത്ഥത്തില്‍ അണക്കെട്ട് പെട്ടെന്ന് തുറന്നുവിട്ടു എന്നത് തന്നെയായിരുന്നോ പ്രശ്‌നം?

സാധാരണഗതിയില്‍ പെരിയാര്‍ ഒഴുകുന്നത് 300 മീറ്റര്‍ വീതിയിലാണ്. പ്രളയകാലത്ത് പെരിയാര്‍ ഒഴുകിയത് 9 കിലോമീറ്റര്‍ വീതിയിലാണ്. ആ വ്യത്യാസം നമ്മള്‍ കാണണം. ഇപ്പോള്‍ ഡെന്മാര്‍ക്ക്, നെതര്‍ലാന്റ്‌സ് പോലെയുള്ള രാജ്യങ്ങള്‍ നമ്മുടെ കുട്ടനാട് പോലെ തന്നെ അതിന്റെ നാലിലൊന്നിലധികം പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് താഴെയാണ്.

പക്ഷെ അവര്‍ക്ക് വേറെ സ്‌കീമുകളുണ്ട്. പുഴയ്ക്ക് അതിന്റെതായ ഒഴുക്ക് വഴികളുണ്ട്. ആ സ്ഥലത്ത് പോയിട്ട് നമ്മള്‍ റിവര്‍ വ്യൂ എന്ന് പേരിട്ട് വീട് വക്കരുത്. അത് തെറ്റാണ്. വെള്ളം എന്ന് പറയുന്നത് നമ്മുടെ ശത്രുവല്ല,

നമ്മുടെ ഇഷ്ടപ്രകാരം പ്രകൃതിശക്തികള്‍ പോകണം എന്ന് പറയുന്നത് തെറ്റായ ധാരണയാണ്. നമ്മളല്ല എല്ലാത്തിന്റേയും അധിപന്‍. കോഴിക്കോട് ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളിലെല്ലാം നേരത്തെ ഒരു നീര്‍ച്ചാലുണ്ടായിരുന്നു. കേരളത്തിന്റെ പ്രകൃതി ഏറെ ഗുണം ചെയ്യുന്നതാണ്. എന്നാല്‍ അതിനോട് കളിച്ചാല്‍ ഏറെ ദോഷം ചെയ്യുന്നതുമാണ്.

പരമ്പരാഗതമായ ജനങ്ങളുടെ അറിവും പുതിയ ആളുകളുടെ ഗവേഷണവും പുനര്‍നിര്‍മ്മാണത്തിന് ആവശ്യമാണ്.

കാലങ്ങളായി ഉയര്‍ന്നുവരുന്ന ചോദ്യം. വികസനം വേണ്ടേ, അതിന് പരിസ്ഥിതിയേ ഉപയോഗിക്കേണ്ടേ എന്നതാണ്. പ്രളയകാലത്ത് രൂക്ഷമായ ഫലങ്ങള്‍ നേരിടേണ്ടിവന്നു, പാരിസ്ഥിതിക വിഭവങ്ങളുടെ അമിതമായ ചൂഷണം മനുഷ്യന് പ്രത്യാഘാതമുണ്ടാക്കിയത് നമ്മള്‍ കണ്ടതാണ്. റോഡുവേണമെങ്കില്‍ പാറപൊട്ടിക്കണം എന്ന തരത്തിലുള്ള ചോദ്യവും ഉയരുന്നു. സുസ്ഥിര വികസനം എന്ന കാര്യം എങ്ങനെയാണ് കേരളീയ പശ്ചാത്തലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്നത്.?

പാറ പൊട്ടിക്കുന്നതില്‍ നിന്ന് തന്നെ തുടങ്ങാം. കെട്ടിടുമുണ്ടാക്കണമെങ്കിലും റോഡുണ്ടാക്കണമെങ്കിലും പാറ വേണം. ഒരു പാറയും പൊട്ടിക്കാന്‍ പാടില്ല എന്ന നിലപാട് എടുക്കാന്‍ പാടില്ല.

നമുക്കിതിനെല്ലാം പ്രത്യേക ഗവേഷണ സ്ഥാപനങ്ങളുണ്ട്. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ 450 കിലോമീറ്റര്‍ നീളമുള്ള പശ്ചമഘട്ട മലനിരകളും നമുക്കുണ്ട്. അവിടെ ഇന്ന് പ്രവര്‍ത്തിക്കുന്ന 80 ശതമാനം ക്വാറികളും നിയമവിരുദ്ധമാണ്. ചെറുകിടയുടെ പേരില്‍ ലൈസന്‍സ് എടുക്കുക, വന്‍കിടയായി പൊട്ടിക്കുക. നിയമവിരുദ്ധമായ രീതിയിലാണ് ഇന്ന് മിക്ക പാറമടകളും പ്രവര്‍ത്തിക്കുന്നത്.

ഇതിനെ നമുക്ക് സിസ്റ്റമാറ്റിക് ആക്കാന്‍ സാധിക്കും. കേരളത്തിലെ പാറകളുടെ മാപ്പിംഗ് നടത്തുക. ഏത് പാറ പൊട്ടിക്കാം, ഏതൊക്കെ പരിധി വരെ പൊട്ടിക്കാം, ഏത് സ്ഥലത്തെ പാറ പൊട്ടിക്കാം ഇതൊക്കെ നമ്മുടെ ഗവേഷണ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് തയ്യാറാക്കട്ടെ.

അധികം പാറകള്‍ ആവശ്യമാണെങ്കില്‍ ഇറക്കുമതി ചെയ്യണം. അതിന് ചെലവാകുന്ന സാമ്പത്തികത്തേക്കാള്‍ എത്രയോ വലുതാകും ഇവിടെ നമുക്ക് ലഭിക്കുന്ന പാരിസ്ഥിതികമായ ഗുണം. ശാസ്ത്രീയമായ വിശകലനത്തിലൂടെ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യമാണ്. അതൊന്നും ഇവിടെ ചെയ്യുന്നില്ല. ഇതൊക്കെ പറയുമ്പോള്‍ നിങ്ങള്‍ക്ക് റോഡ് ആവശ്യമില്ലേ. നിങ്ങളുടെ വീട്ടില്‍ കല്ലിട്ടിട്ടില്ലേ എന്നൊക്കെ ചോദിച്ചിട്ട് വായ മൂടിക്കെട്ടാന്‍ ശ്രമിക്കുകയാണ്. ഇത്തരം മറുപടിയല്ല നമുക്ക് വേണ്ടത്. ഇവിടെ നല്ല സംവിധാനം ഉണ്ട്, അത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

ഇത് എല്ലാ പ്രകൃതി വിഭവങ്ങള്‍ക്കും ബാധകമാണ്. പരിഷ്‌കൃതമായ രാജ്യങ്ങളിലെല്ലാം ഇത്തരം സാമൂഹിക നിയന്ത്രണങ്ങള്‍ ഉണ്ട്. ഇതൊക്കെ ഇവിടെയും സാധിക്കും. പഞ്ചായത്ത് തലത്തിലോ രാഷ്ട്രീയ പാര്‍ട്ടികളുടേയോ പരിസ്ഥിതി പ്രവര്‍ത്തകരുടേയോ നേതൃത്വത്തിലോ ഉള്ള ഒരു സമിതി ഇതൊക്കെ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കിയാലും മതി. അമിതലാഭം എന്ന കാര്യത്തിലേക്ക് നോക്കുമ്പോഴാണ് ഇത് നടക്കാതെ പോകുന്നത്.

കേരളത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഭൂരാഹിത്യം പ്രളയബാധിതരായ ജനങ്ങളെ കൂടുതല്‍ സൃഷ്ടിച്ചുവെന്ന നിരീക്ഷണമുണ്ടല്ലോ. അതായത് വയനാട്ടില്‍ കബനി നദിയുടെ തീരത്ത് താമസിക്കുന്ന കോളനികളിലെല്ലാമുണ്ടായിരുന്ന ആദിവാസികള്‍ കഴിഞ്ഞ കുറെ കാലങ്ങളായി നടക്കുന്ന ഭൂസമരത്തില്‍ പങ്കെടുത്തിട്ടുള്ളവരാണ്. മറ്റൊരു സ്ഥലത്തും സുരക്ഷിതമായ ഭൂമി ലഭ്യമാകാത്തതിനാലാണ് ഈ പുഴയോരങ്ങളില്‍ കുടില്‍ കെട്ടി കോളനികളായി താമസിച്ചുകൊണ്ടിരിക്കുന്നത്. ഭൂമി സര്‍ക്കാര്‍ നല്‍കാത്തതിനാല്‍ ഇത്തരത്തില്‍ അനധികൃതമായി താമസിച്ചിരുന്നവരാണ് അവരുടെ എല്ലാം നഷ്ടപ്പെട്ട് പോയത്. ഭൂരാഹിത്യം ഈ പ്രളയത്തില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അത്തരത്തിലൊന്ന് കേരളത്തിലുണ്ടായതേ ഇല്ല ?

ആദിവാസികളെ സംബന്ധിച്ചിടത്തോളം ഭൂമി ഒരു വലിയ പ്രശ്‌നമാണ്. ഇത് സംബന്ധിച്ച് ചില വില്ലേജ് ഉദ്യോഗസ്ഥരോട് സംസാരിക്കുമ്പോള്‍ അവര് വലിയ സാങ്കേതികമായ മറുപടിയാണ് തരുന്നത്. ഭൂമിയ്ക്ക് നികുതി അടച്ച രസീത് ഇല്ല എന്നൊക്കെയാണ് പറയുന്നത്. ഒരു കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഏതെങ്കിലും ഒരു രൂപത്തില്‍ ഇവര്‍ക്ക് കിട്ടാന്‍ സാധ്യതയുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അത് സര്‍ക്കാര്‍ ഗൗരവമായി കാണേണ്ടതാണ്. ആദിവാസി ജീവിതം കേരളത്തില്‍ കഷ്ടമാണ് എന്നതില്‍ ഒരു സംശയവുമില്ല.

പ്രളയം കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും ക്യാമ്പുകളില്‍ കഴിയുന്ന ആദിവാസികള്‍ ഇന്ന് വയനാട്ടിലുണ്ട്. അവര്‍ താമസിച്ച സ്ഥലം പോലും അവര്‍ക്ക് അറിയില്ല. മുഴുവന്‍ ഒലിച്ചുപോയിട്ടുണ്ട്.

മുന്‍കാലത്ത് ഇടതുപക്ഷത്തിനകത്ത് ഒരു നയരൂപീകരണത്തിന് കാര്യമായ സ്വാധീനം ചെലുത്താന്‍ പരിഷത്തിന് സാധിച്ചിരുന്നു. എന്നാല്‍ സമീപകാലത്ത് അത്തരമൊരു തിരുത്തല്‍ശക്തിയായി ഇടതുപക്ഷത്തില്‍ ഇടപെടാന്‍ പരിഷത്തിന് സാധ്യമാകുന്നില്ല എന്നുള്ള ഒരു പൊതുനിരീക്ഷണമാണ് ഉള്ളത്. എങ്ങനെയാണ് അതിനെ കാണുന്നത്?

കേരളത്തില്‍ സി.പി.ഐ.എം ഒഴിച്ചുള്ള രാഷ്ട്രീയപാര്‍ട്ടികളുടെയും സ്വതന്ത്രമായി ചിന്തിക്കുന്നവരുടെയും ധാരണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേ നയരൂപീകരണത്തേ ഭയങ്കരമായി സ്വാധീനിക്കുന്ന സംഘടനയാണ് പരിഷത്ത് എന്നാണ്. തെറ്റായ ഒരു ധാരണയാണ്. സി.പി.ഐ.എം അത് ആഗ്രഹിക്കുന്നില്ല, ഞങ്ങളും അത് ആഗ്രഹിക്കുന്നില്ല. പരിഷത്തിന്റെ ലക്ഷ്യം അതല്ല. ഞങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനോട് യോജിക്കുന്ന പാര്‍ട്ടിയല്ല സി.പി.ഐ.എം. വളരെ കൃത്യമായിട്ടുള്ള വൈരുധ്യം ഇതിനകത്തുണ്ട്. പരിഷത്ത് സി.പി.ഐ.എമ്മിന്റെ പോഷകസംഘടനയാണ് എന്നൊക്കെ പറയുന്ന ആളുകളുണ്ട്. 1970 മുതലുള്ള സമരങ്ങളില്‍, സൈലന്റ് വാലി ഏറ്റവുമൊടുവില്‍ ആലപ്പാട് വരെയുള്ള വിഷയങ്ങളില്‍ സി.പി.ഐ.എം സ്വീകരിക്കുന്ന നിലപാടിനോട് പരിഷത്തിന് അഭിപ്രായവ്യത്യാസമുണ്ട്.

ഇടതുസര്‍ക്കാരാണോ വലത് സര്‍ക്കാരാണോ എന്ന് നോക്കിയിട്ടല്ല പരിഷത്ത് നിലപാട് എടുക്കാറുള്ളത്. നമുക്കൊരിക്കലും വര്‍ഗീയമായി ചിന്തിക്കാന്‍ കഴിയില്ല, ജനാധിപത്യവിരുദ്ധമായി ചിന്തിക്കാന്‍ കഴിയില്ല. കാരണം ഞങ്ങള്‍ ശാസ്ത്രബോധം പ്രചരിപ്പിക്കാനുള്ള സംഘടനയാണ്.

70 കളില്‍ കേരളത്തിലെ സാംസ്‌കാരികവും സാമൂഹ്യവുമായി ഇടപെട്ടിരുന്ന ആളുകളില്‍ വളരെ സ്വാധീനം ചെലുത്തിയിരുന്ന സംഘനയായിരുന്നു പരിഷത്ത്. എന്നാല്‍ പുതിയ കാലത്ത് രാഷ്ട്രീയമായി ചിന്തിക്കുന്ന ആളുകളുടെ ഇടയില്‍ പരിഷത്ത് പ്രവര്‍ത്തിക്കുന്നില്ല. നവമാധ്യമങ്ങളുടെ കാലത്ത് മാറിയ കാലത്തെ സ്വാംശീകരിക്കാന്‍ പരിഷത്തിന് സാധിക്കാതെ പോയതാണോ ഇതിന് കാരണം. ?

രണ്ട് പ്രശ്‌നങ്ങളുണ്ട്. ഇന്ന് സന്നദ്ധപ്രവര്‍ത്തനത്തിന് വേണ്ടി വന്നിട്ടുള്ളവരുടെ എണ്ണത്തിലുണ്ടായിട്ടുള്ള തകര്‍ച്ചയാണ്. പണ്ട് ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയിട്ടുള്ളവര്‍ സാമൂഹ്യപുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി എടുത്തുചാടി പ്രവര്‍ത്തിച്ചിരുന്ന അന്തരീക്ഷം ഇന്നില്ല. പൂര്‍ണ്ണമായും സേവനത്തിലൂന്നിയ പ്രവര്‍ത്തനമാണ് പരിഷത്തിന്റേത്. നവലിബറല്‍ കാലത്തില്‍ കമ്പോളത്തിന്റെ അമിതമായ സ്വാധീനം, രാഷ്ട്രീയമായി വന്നിട്ടുള്ള വലിയ അപചയം ഇതൊക്കെ ഇതിന് കാരണമാകാം. സോഷ്യല്‍മീഡിയയെ ഉപയോഗപ്പെടുത്തുന്നതില്‍ പരിഷത്ത് പിന്നിലാണെന്നത് ഒരു വസ്തുതയാണ്.