ഈ വര്‍ഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ബാഹുല്‍ രമേശ് തിരക്കഥയെഴുതി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ. മലയാളി കണ്ടു പരിചയിച്ചിട്ടില്ലാത്ത കഥാഗതിയും പരിസരവുമെല്ലാം എക്കോയെ മറ്റു ചിത്രങ്ങളില്‍ നിന്നും വേറിട്ടു നിര്‍ത്തിയിരുന്നു. ചിത്രം ഷൂട്ട് ചെയ്ത ലൊക്കേഷന്‍ തെരഞ്ഞെടുക്കുമ്പോഴുണ്ടായ വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്.
കൊച്ചിയില്‍ നടന്ന മനോരമ ഹോര്‍ത്തൂസില്‍ എക്കോ ടീമിനൊപ്പം സംസാരിക്കവെയാണ് ഷാഫി അനുഭവം പങ്കുവെച്ചത്.
എക്കോ. Photo: screen grab/ movie trailer
‘ ചിത്രത്തിന്റെ തിരക്കഥ വായിച്ച് കഴിഞ്ഞപ്പോള്‍ സംവിധായകനെ വിളിച്ച് ഞാന്‍ ആദ്യം ചോദിച്ച കാര്യം ഇത് ഷൂട്ട് ചെയ്യാന്‍ തന്നെ ആണോ എന്നാണ്. ഇത് എങ്ങനെ ചിത്രീകരിക്കുമെന്ന് എനിക്കൊരു പിടിയും ഇല്ലായിരുന്നു. തിരുവനന്തപുരത്തെ ബോണക്കാട് മുതല്‍ തുടങ്ങിയ യാത്രയാണ്. കേരളത്തിലിനി ഞങ്ങള്‍ കയറാന്‍ കാടുകളും മലകളും ബാക്കിയില്ല. തോള്‍ സഞ്ചിയില്‍ ആപ്പിളും ഓറഞ്ചും വെള്ളവുമായി രാവിലെയിറങ്ങും.
ഒരു തവണ 18 കിലോമീറ്റര്‍ അപ്പുറത്തുള്ള സ്ഥലത്തെത്തി വണ്ടി അങ്ങോട്ട് വിളിപ്പിക്കുകയായിരുന്നു. ഡയറക്ടര്‍, ക്യാമറമാന്‍, ആര്‍ട്ട് ഡയറക്ടര്‍, നിര്‍മാതാവ് തുടങ്ങി ഞങ്ങള്‍ അഞ്ചു പേര്‍ ചേര്‍ന്നുള്ള യാത്രയായിരുന്നു. ബാഹുല്‍ വണ്ടിയിറങ്ങി കഴിഞ്ഞാല്‍ ഒരോട്ടമോടും പിന്നാലെ പോകുകയല്ലാതെ നിവര്‍ത്തിയില്ല. അങ്ങനെ അദ്ദേഹത്തിന്റെ പിന്നാലെ ഓടിക്കിതച്ച് എത്തിച്ചേര്‍ന്നത് വാഗമണ്ണിലാണ്,’ ഷാഫി പറയുന്നു.
തങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി വീടു നിന്ന സ്ഥലമായിരുന്നെന്നും, അത് കണ്ടുപിടിച്ചാല്‍ ബാക്കിയെല്ലാം ശരിയാകുമെന്നുള്ള വിശ്വാസം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ യാത്ര ഇത്ര വലിയ ഒരു വിജയമായി മാറിയതില്‍ സന്തോഷമുണ്ടെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. മലയാളത്തിലെ അറിയപ്പെടുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാഫി ചെമ്മാട് ഹൃദയം, അനാര്‍ക്കലി, ആനന്ദം തുടങ്ങി മറ്റ് ഒട്ടനവധി ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്.
റിലീസ് ചെയ്ത് മൂന്നാഴ്ച്ചകള്‍ പിന്നിട്ടപ്പോള്‍ ചിത്രം ഏകദേശം 25 കോടി രൂപ തിയേറ്ററുകളില്‍ നിന്നും മാത്രം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണിങ്ങില്‍ 80 ലക്ഷം മാത്രം നേടിയ ചിത്രം തുടര്‍ന്നുള്ള ദിവസങ്ങളില്‍ മികച്ച മുന്നേറ്റമാണ് കാഴ്ച്ചെവച്ചത്. കിഷ്‌കിന്ധാ കാണ്ഡത്തിനു ശേഷം ബാഹുല്‍-ദിന്‍ജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സന്ദീപ് പ്രദീപ്, വിനീത്, അശോകന്‍, നരെന്‍, ബിനു പപ്പു തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: production controller of eko movie shafi chemmad talks about the location hunting