പുതിയ സിനിമകള്‍ക്ക് ഷൂട്ടിങ് അനുമതി നല്‍കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
Movie Day
പുതിയ സിനിമകള്‍ക്ക് ഷൂട്ടിങ് അനുമതി നല്‍കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th November 2012, 2:33 pm

കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സമരം തുടരുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ പുതിയ സിനിമകള്‍ക്ക് ഷൂട്ടിങ് അനുമതി നല്‍കേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഷൂട്ടിങ്ങ് നടക്കുന്ന സിനിമകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരും. സര്‍വീസ് ചാര്‍ജില്‍ രണ്ടുരൂപ വര്‍ധന ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായും മന്ത്രി കെ.ബി. ഗണേഷ് കുമാറുമായും ചര്‍ച്ച നടത്തുമെന്നും അസോസിയേഷന്‍ പ്രസിഡണ്ട് മിലന്‍ ജലീലും ജനറല്‍ സെക്രട്ടറി ശശി അയ്യഞ്ചിറയും പറഞ്ഞു.[]

സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നവംബര്‍ രണ്ടുമുതല്‍ എ ക്ലാസ് തിയേറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തിയേറ്ററുകള്‍ അടച്ചിട്ട് സമരം നടത്തുന്നത്. അഞ്ചുരൂപ വര്‍ധനയായിരുന്നു സമരം തുടങ്ങുമ്പോള്‍ ആവശ്യം. മൂന്നുരൂപ തിയേറ്ററുടമകള്‍ക്കും രണ്ടുരൂപ നിര്‍മാതാക്കള്‍ക്കുമെന്ന അനുപാതത്തിലായിരുന്നു ഇത്.

തിയേറ്റര്‍ സമരത്തോട് സഹകരിക്കാതെ ഷൂട്ടിങ് തുടരുന്ന നിര്‍മാതാക്കളുടെ നിലപാടില്‍ പ്രതിഷേധിച്ച് അഞ്ചുരൂപയെന്ന ആവശ്യം മൂന്നുരൂപയിലേക്ക് മയപ്പെടുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ ബോഡി തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടുരൂപ വര്‍ധന ആവശ്യപ്പെട്ട് തനിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്.

20 സിനിമകള്‍ നിര്‍മാണത്തിലിരിക്കുന്നുണ്ടെന്നും ഇവയുടെ ഷൂട്ടിങ്ങ് നിര്‍ത്തിവച്ചാല്‍ 60കോടി നഷ്ടമുണ്ടാകുമെന്നും ശശി അയ്യഞ്ചിറ പറഞ്ഞു. ഷൂട്ടിങ് നിര്‍ത്തിവച്ചുകൊണ്ടുള്ള സമരത്തിന് തയ്യാറല്ലെന്ന് നേരത്തെതന്നെ ഫെഡറേഷനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെഡറേഷന്റെ ന്യായമായ ആവശ്യങ്ങള്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഒപ്പമുണ്ട്. ഈ മാസം 15ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗം ചേരുന്നുണ്ട്.