മാമാങ്കം എന്ന ചിത്രത്തിലൂടെ നിര്‍മാണ രംഗത്തേക്ക് കടന്നുവന്നയാളാണ് വേണു കുന്നപ്പിള്ളി. കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും കൂടിയാണ് അദ്ദേഹം. എന്നാല്‍ ആദ്യ ചിത്രമായ മാമാങ്കം പ്രതീക്ഷിച്ചയത്ര വിജയിച്ചില്ല.
മാമാങ്കം, ആഫ്റ്റര്‍ മിഡ്‌നൈറ്റ്, മാളികപ്പുറം, 2018, ചാവേര്‍, ആനന്ദ് ശ്രീബാല, രേഖാചിത്രം എന്നിവയാണ് വേണു കുന്നപ്പിള്ളി നിര്‍മിച്ചത്. 2018, മാളികപ്പുറം, രേഖാചിത്രം എന്നിവ അതില്‍ ഹിറ്റ് ചിത്രങ്ങളായിരുന്നു.
ആദ്യമായി നിര്‍മിച്ച മാമാങ്കം സിനിമയ്ക്ക് ലഭിച്ച ഡീഗ്രേഡിങ് വേദനാജനകമായിരുന്നുവെന്നും വളരെ കുറച്ച് ഡയറക്ടേഴ്‌സ് മാത്രമാണ് തന്നെ സപ്പോര്‍ട്ട് ചെയ്തതെന്നും തുറന്ന് പറയുകയാണ് വേണു കുന്നപ്പിള്ളി. വേണമെന്ന് വിചാരിച്ചിരുന്നുവെങ്കില്‍ തന്നെ കുറച്ചെങ്കിലും സപ്പോര്‍ട്ട് ചെയ്യാമായിരുന്നുവെന്നും വേണു പറയുന്നുണ്ട്. ഒരു സിനിമയെയും അടച്ചാക്ഷേപിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തിലാണ് വേണു കുന്നപ്പിള്ളി ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇത്രയധികം ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സും അസോസിയേഷനുമൊക്കെ ഉണ്ടായിട്ടും മിക്കവരും മാറിനിന്ന് കൈകൊട്ടി ചിരിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയിരുന്നത്. വളരെ കുറച്ച് ഡയറക്ടേഴ്‌സ് മാത്രമാണ് സപ്പോര്‍ട്ട് ചെയ്തത്.
ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ജീത്തു ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. ‘ഇതൊരു നല്ല സിനിമയാണ് ഞാന്‍ കണ്ടതാണ്’ എന്ന് പറഞ്ഞ്. ഞാന്‍ ഇതുവരെ പുള്ളിയെ നേരിട്ട് കണ്ടിട്ടില്ല. അതുപോലെ മേജര്‍ രവിയും സപ്പോര്‍ട്ട് ചെയ്തിരുന്നു. അങ്ങനെ വളരെ വിരലിലെണ്ണാവുന്ന ആള്‍ക്കാര്‍ മാത്രമാണ് ജെനുവിന്‍ ആയിട്ടുള്ള കാര്യം പറഞ്ഞത്.
എത്ര നടന്‍മാരുണ്ട്? ഒരാള്‍ പോലും ഇതിനെ സപ്പോര്‍ട്ട് ചെയ്ത് പറഞ്ഞതായി ഞാനോര്‍ക്കുന്നില്ല. അസോസിയേഷനുകളുള്ള നാടാണിത്. ഇവരെല്ലാവരും ചേര്‍ന്ന് വേണമെന്നുണ്ടെങ്കില്‍ കുറച്ചെങ്കിലും സപ്പോര്‍ട്ട് ചെയ്യാമായിരുന്നു.
ഒരു സിനിമ നല്ലതാണോ ചീത്തയാണോ എന്നളക്കാന്‍ പറ്റില്ല. എനിക്ക് ഇഷ്ടപ്പെടുന്ന സിനിമ നിങ്ങള്‍ കാണുമ്പോള്‍ മോശമായിരിക്കും. നമ്മള്‍ ഒരു സിനിമയെ അടച്ചാക്ഷേപിക്കുകയോ ഡീഗ്രേഡ് ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ല. ഡീഗ്രേഡിങ് എന്ന് പറയുന്നത് വേദനാജനകമായിരുന്നു,’ വേണു കുന്നപ്പിള്ളി പറയുന്നു.
ഇതിന് മുമ്പ് ചിത്രത്തിന്റെ സംവിധായകന്‍ മാറുകയും സ്‌ക്രിപ്റ്റ് തിരുത്തിയെഴുതുകയും ചെയ്തിട്ടുണ്ടെന്നും ചിത്രത്തിന്റ മേല്‍ പല പ്രശ്‌നങ്ങളും നേരിട്ടിട്ടുണ്ടെന്നും വേണു പറഞ്ഞിട്ടുണ്ടായിരുന്നു. മാമാങ്കത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നടന്ന ഡീഗ്രേഡിങ്ങും മാമാങ്കത്തിനെ ബാധിച്ചുവെന്നാണ് വേണു പറയുന്നത്.
content highlights: Producer Venu Kunnappilly talks about the failure of Mamangam movie