ഞാനും പൃഥ്വിയും കെ.ജി.എഫിന്റെ വലിയ ആരാധകര്‍; പൃഥ്വിരാജ് പ്രൊഡക്ഷന് ഈ ചിത്രം നിങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം: സുപ്രിയ
Movie Day
ഞാനും പൃഥ്വിയും കെ.ജി.എഫിന്റെ വലിയ ആരാധകര്‍; പൃഥ്വിരാജ് പ്രൊഡക്ഷന് ഈ ചിത്രം നിങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം: സുപ്രിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th April 2022, 11:22 am

സിനിമാ ആസ്വാദകരെ ഒന്നടങ്കം കോരിത്തരിപ്പിച്ച ചിത്രമായിരുന്നു കെ.ജി.എഫ്. ഏപ്രില്‍ 14 ന് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രദര്‍ശനത്തിനെത്തുകയാണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി തവണ റിലീസ് ഡേറ്റ് മാറ്റിവെച്ചതിന് ശേഷമാണ് ഏപ്രില്‍ 14 ന് കെ.ജി.എഫ് 2 റിലീസിനൊരുങ്ങുന്നത്.

കേരളത്തില്‍ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്‍ യഷും നടി ശ്രീനിഥിയും അടക്കമുള്ളവര്‍ ഇന്നലെ കൊച്ചിയില്‍ എത്തിയിരുന്നു.

കെ.ജി.എഫ് പോലൊരു വലിയ സിനിമ മലയാളികള്‍ക്ക് മുന്‍പില്‍ എത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് പറയുകയാണ് നിര്‍മാതാവ് സുപ്രിയ പൃഥ്വിരാജ്. എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ.ജി.എഫ് 2 വെന്നും സൗത്ത് ഇന്ത്യയിലെ ഒരു ചിത്രത്തിന് ഇത്രയേറെ സ്വീകാര്യത ഇന്ത്യയിലും പുറത്തും ലഭിച്ചതില്‍ അങ്ങേയറ്റം അഭിമാനമുണ്ടെന്നും സുപ്രിയ പറഞ്ഞു.

‘ഇവിടെ എത്തി നിങ്ങളെ എല്ലാവരേയും കാണാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്. ഞാനും അവിടെ നിങ്ങള്‍ക്കൊപ്പം ഇരിക്കേണ്ട ആളായിരുന്നു. അതും എന്റെ ജോലിയായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കെ.ജി.എഫ്. മലയാളികള്‍ക്ക് മുന്‍പില്‍ എത്തിക്കുന്നു എന്നതില്‍ സന്തോഷവും അതിലേറെ അഭിമാനവുമുണ്ട്.

എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ.ജി.എഫ് 2. പ്രശാന്ത് നീലിനെപ്പോലെ ഒരു സംവിധായകനും ഇന്ത്യയിലെ തന്നെ മികച്ച ടെക്‌നീഷ്യന്‍മാരും ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു.

ഇത്തരത്തിലുള്ള ഒരു വലിയ പ്രൊജക്ടുമായി അസോസിയേറ്റ് ചെയ്യാന്‍ പറ്റിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. സൗത്ത് സിനിമ ഇന്ത്യയൊട്ടാകെ ഇത്രയേറെ ചര്‍ച്ചയാകുന്നതിലും ആളുകളിലേക്ക് എത്തുന്നതിലും സന്തോഷമുണ്ട്. നിങ്ങളെപ്പോല തന്നെ ഞാനും കെ.ജി.എഫിനായി കാത്തിരിക്കുകാണ്. ഞാനും പൃഥ്വിയും കെ.ജി.എഫ് ഒന്നിന്റെ വലിയ ആരാധകരാണ്,’ സുപ്രിയ പറഞ്ഞു.

നേരത്തെ ചിത്രത്തിന്റെ പ്രിവ്യൂ കണ്ട പൃഥ്വിരാജ് ചിത്രം തന്നെ അത്ഭുതപ്പെടുത്തിയെന്നായിരുന്നു പറഞ്ഞത്. ചിത്രത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്നും കെ.ജി.എഫ് 2 വിലൂടെ സിനിമയില്‍ പുതിയൊരു നിലവാരം കൊണ്ടുവരാന്‍ സംവിധായകന്‍ പ്രശാന്ത് നീലിന് സാധിച്ചെന്നും പൃഥ്വി പറഞ്ഞിരുന്നു.

മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉള്‍പ്പടെയുള്ള ഭാഷകളിലാണ് സിനിമ റിലീസിനെത്തുക. സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടാന്‍ഡന്‍, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വന്‍ താരനിരയാണ് രണ്ടാം ഭാഗത്തില്‍ അണിനിരക്കുന്നത്.

2018 ഡിസംബര്‍ 21ന് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് സിനിമയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. കര്‍ണാടകയില്‍ ആദ്യദിന കളക്ഷന്‍ 14 കോടി രൂപയായിരുന്നു. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തിച്ചു. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് കെ.ജി.എഫ്. ഹിന്ദിയില്‍ നിന്നും 70 കോടിയും തെലുങ്കില്‍ നിന്നും 15 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. സിനിമയുടെ ആകെ കലക്ഷന്‍ 225 കോടിയായിരുന്നു.

കന്നഡയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെ.ജി.എഫ്. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥ പറയുന്ന ചിത്രമാണിത്.

Content Highlight: Producer Supriya Prithviraj about KGF 2