ശ്രീനിവാസനെ നായകനാക്കാമെന്ന് പറഞ്ഞിരുന്നപ്പോള്‍ മമ്മൂക്കയെ കഥ കേള്‍പ്പിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോയെന്ന് ബ്ലെസി ചോദിച്ചു: സേവി മനോ മാത്യു
Film News
ശ്രീനിവാസനെ നായകനാക്കാമെന്ന് പറഞ്ഞിരുന്നപ്പോള്‍ മമ്മൂക്കയെ കഥ കേള്‍പ്പിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോയെന്ന് ബ്ലെസി ചോദിച്ചു: സേവി മനോ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd November 2022, 9:35 pm

ബ്ലെസി ആദ്യമായി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തില്‍ ശ്രീനിവാസനെയാണ് ആദ്യം നായകനായി ഉദ്ദേശിച്ചിരുന്നതെന്ന് നിര്‍മാതാവ് സേവി മനോ മാത്യു. ബ്ലെസിയാണ് മമ്മൂട്ടിയെ കഥ കേള്‍പ്പിച്ച് നോക്കാമെന്ന് പറഞ്ഞതെന്നും നിര്‍മാതാവ് സിയാദ് കോക്കര്‍ വഴിയാണ് മമ്മൂട്ടിയിലേക്ക് എത്തിയതെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സേവി മനോ മാത്യു പറഞ്ഞു.

‘ശ്രീനിവാസനെയാണ് കാഴ്ചയില്‍ നായകനായി ഉദ്ദേശിച്ചിരുന്നത്. ശ്രീനിവാസനെ നായകനാക്കാമെന്നൊക്കെ പറഞ്ഞപ്പോള്‍ മമ്മൂക്കയെ കഥ കേള്‍പ്പിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോയെന്ന് ബ്ലെസി ചോദിച്ചു.

ഞാന്‍ എറണാകുളത്ത് പോയപ്പോള്‍ നിര്‍മാതാവ് സിയാദ് കോക്കറിനെ കണ്ടു. ഉഗ്രനൊരു സബ്ജക്ട് കയ്യിലുണ്ട്, മമ്മൂക്കയെ ഒന്ന് കേള്‍പ്പിക്കാനെന്താണൊരു മാര്‍ഗമെന്ന് സിയാദിക്കയോട് ചോദിച്ചു. ആ സമയത്ത് മമ്മൂക്കക്ക് മാര്‍ക്കറ്റ് കുറഞ്ഞ് നില്‍ക്കുന്ന സമയമാണ്. വൈകുന്നേരം മമ്മൂക്കയെ വിളിച്ച് ചോദിക്കാം, ആരാണ് സംവിധായകനെന്ന് സിയാദിക്ക ചോദിച്ചു. ബ്ലെസിയാണെന്ന് ഞാന്‍ പറഞ്ഞു. പത്മരാജന്‍ സാറിന്റെ അസിസ്റ്റന്റായിരിക്കുന്ന കാലം തൊട്ട് ബ്ലെസിയെ എല്ലാവര്‍ക്കും അറിയാം.

ബ്ലെസിക്ക് കഥ പറഞ്ഞ് ഫലിപ്പിക്കാന്‍ ഭയങ്കര പ്രശ്‌നമാണ്. ലാഗ് ചെയ്‌തേ സംസാരിക്കുകയുള്ളൂ. ബ്ലെസി കഥ പറഞ്ഞാല് ശരിയാവില്ല എന്ന് ഞാന്‍ സിയാദിക്കയോട് പറഞ്ഞു. കുഴപ്പമില്ല ബ്ലെസിയോട് അടുത്ത് വന്ന് നിക്കാന്‍ പറ. നമുക്കൊന്ന് പറഞ്ഞ് നോക്കാമെന്ന് സിയാദിക്ക പറഞ്ഞു. കഥ കേട്ടിട്ട് സിയാദിക്കക്ക് ഇഷ്ടപ്പെട്ടിരുന്നു.

അങ്ങനെ ഞാനും സിയാദിക്കയും മമ്മൂക്കയോട് കഥ പറയാന്‍ പോയി. ആരാണ് ചെയ്യുന്നത് എന്ന് മമ്മൂക്ക ചോദിച്ചു. ബ്ലെസിയാണെന്ന് ഞങ്ങള്‍ പറഞ്ഞു. അവനാണോ, എന്നിട്ട് അവനെവിടെ എന്ന് മമ്മൂക്ക ചോദിച്ചു. ഞാന്‍ പുറത്തിറങ്ങി ബ്ലെസിയെ വിളിച്ചു. ബ്ലെസി പുറത്ത് നില്‍ക്കുകയായിരുന്നു, കാരണം കഥ പറഞ്ഞെങ്ങാനും ചീറ്റിപ്പോയാല്‍ നടക്കില്ലല്ലോ.

മമ്മൂക്കക്ക് സബ്ജക്ട് ഇഷ്ടപ്പെട്ടു. ആരാ എഴുതുന്നതെന്ന് മമ്മൂക്ക ചോദിച്ചു. ഏതെങ്കിലും നല്ല എഴുത്തുകാരെ കൊണ്ട് എഴുതിക്കാനാണെന്ന് ബ്ലെസി പറഞ്ഞു. എന്തിനാ നല്ല എഴുത്തുകാര്‍, തന്റെ മനസിലല്ലേ ഇതെല്ലാം ഇരിക്കുന്നത്, താനങ്ങ് എഴുതാന്‍ മമ്മൂക്ക പറഞ്ഞു. അങ്ങനെയാണ് ബ്ലെസി തന്നെ കാഴ്ചയുടെ കഥ എഴുതുന്നത്,’ സേവി മനോ മാത്യു പറഞ്ഞു.

Content Highlight: Producer Sevi Mano Mathew says that Srinivasan was originally intended to play the lead role in Blessy’s first directorial film kazhcha