'മഹേഷിന്റെ പ്രതികാരത്തിൽ വരേണ്ടിരുന്നത് സായ് പല്ലവി, മായാ നദിയിൽ ഐഷു ഉണ്ടാകുമായിരുന്നില്ല'
Film News
'മഹേഷിന്റെ പ്രതികാരത്തിൽ വരേണ്ടിരുന്നത് സായ് പല്ലവി, മായാ നദിയിൽ ഐഷു ഉണ്ടാകുമായിരുന്നില്ല'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th September 2023, 9:33 am

മഹേഷിന്റെ പ്രതികാരത്തിൽ അഭിനയിക്കാൻ ആദ്യം കാസ്റ്റ് ചെയ്തത് അപർണ ബലമുരളിയെ അല്ലായിരുന്നെന്ന് നിർമാതാവ് സന്തോഷ് ടി. കുരുവിള.
സായ് പല്ലവിയെ ആയിരുന്നു ചിത്രത്തിൽ താനാദ്യം സമീപിച്ചിരുന്നത് എന്നും അഡ്വാൻസ് കൊടുത്തിരുന്നു എന്നും സന്തോഷ് ടി. കുരുവിള പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മഹേഷിന്റെ പ്രതികാരത്തിൽ അപർണ ബാലമുരളി അല്ലായിരുന്നു നായിക. ഞാൻ അഡ്വാൻസ് ചെക്ക് കൊടുത്തത് സായ് പല്ലവിക്കാണ്. പക്ഷേ ആ സമയം സായ് പല്ലവിക്ക് ജോർജിയയിൽ പരീക്ഷക്ക് പോകണം എന്ന് പറഞ്ഞു.

അൻവർ റഷീദ് പുള്ളിയുടെ പടം കഴിഞ്ഞപ്പോൾ ‘നല്ല നടിയാണ് അഡ്വാൻസ് കയ്യോടെ കൊടുക്കാൻ’ പറഞ്ഞപ്പോൾ എറണാകുളം ഇൻറർനാഷണൽ ഹോട്ടലിന്റെ വാതിൽക്കൽ വച്ചിട്ടാണ് എന്റെ ആക്‌സസ് ബാങ്കിന്റെ ചെക്ക് എഴുതി ഞാനും ആഷിക്കും കൂടെ സായ് പല്ലവിക്ക് കൊടുക്കുന്നത്. പക്ഷേ ആ കുട്ടിക്ക് അത് കഴിഞ്ഞ് പരീക്ഷ ഉള്ളതുകൊണ്ട് ജോർജിയയിലായിരുന്നു.

നമുക്ക് സിനിമ നീട്ടി വെക്കാൻ ഒരു താത്പര്യവും ഇല്ലാത്തതുകൊണ്ട് നമ്മൾ കൊണ്ടുവന്ന നടിയാണ് അപർണ ബാലമുരളി. അവരിപ്പോൾ നാഷണൽ അവാർഡ് വരെ മേടിച്ചു,’ സന്തോഷ് ടി. കുരുവിള പറഞ്ഞു.

മായാനദി സിനിമയിൽ ഐശ്വര്യ ലക്ഷ്മിക്ക് പകരം ഒരു പുതുമുഖ നടിയെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നതെന്നും അവർക്ക് സ്ലീവ്ലെസ്സ് ഇടാൻ പറ്റാത്തതുകൊണ്ടാണ് ഐശ്വര്യ വന്നതെന്നും സന്തോഷ് പറഞ്ഞു.

‘അതുപോലെ മായാനദി സിനിമയിൽ അഭിനയിക്കേണ്ടത് ഐശ്വര്യ ലക്ഷ്മി അല്ലായിരുന്നു. ഈ ചിത്രത്തിൽ അഭിനയിക്കാൻ നമ്മൾ കാസ്റ്റ് ചെയ്തിരുന്നത് ആലപ്പുഴക്കാരിയായ ഒരു പുതുമുഖ നടിയെ ആയിരുന്നു. പക്ഷേ ആ കുട്ടി സിനിമയുടെ കോസ്റ്റും കൊടുത്തപ്പോൾ സ്ലീവ്ലെസ്സ് ഇടാൻ പറ്റില്ല എന്ന് പറഞ്ഞു. ആ സിനിമയിൽ ഐശ്വര്യ പലപ്പോഴും സ്ലീവ് ലെസ്സ് ആയിരുന്നു ഇട്ടിരുന്നത്. ആ കുട്ടി അങ്ങനെ പറഞ്ഞതുകൊണ്ടാണ് ഐശ്വര്യ ലക്ഷ്മിയെ കാസ്റ്റ് ചെയ്തത്,’ സന്തോഷ് ടി. കുരുവിള പറഞ്ഞു.

Content Highlight:  Producer Santosh T.kuruvila said that Aparna Balamurali was not originally cast to act in Mahesheshinte prathikaram