ഫസ്റ്റ് റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ എന്ന യൂട്യൂബ് ചാനലാണ് വിലായത്ത് ബുദ്ധയെ ജനങ്ങള്‍ തഴഞ്ഞെന്ന് ആരോപിച്ചത്. ചിത്രത്തെ മനപൂര്‍വം തകര്‍ക്കാനാണ് ഈ ചാനല്‍ ശ്രമിച്ചതെന്നും സന്ദീപ് തന്റെ പരാതിയില്‍ പറയുന്നുണ്ട്. നായകനായ പൃഥ്വിരാജ് ഹിന്ദുത്വവിരുദ്ധ അജണ്ടയുടെ ആളായതിനാല്‍ പ്രേക്ഷകര്‍ വിലായത്ത് ബുദ്ധയെ തഴഞ്ഞെന്നാണ് റിവ്യൂവില്‍ പറഞ്ഞത്.
ചിത്രത്തിന് വേണ്ടി 40 കോടിയോളം താന്‍ ചെലവാക്കിയെന്നും അഞ്ചുവര്‍ഷമായി ഈ സിനിമയുടെ പിന്നിലാണെന്നും സന്ദീപ് പറഞ്ഞു. റിവ്യൂവിന്റെ പേരില്‍ ചിത്രത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ നടത്തുകയും സൈബറിടത്തില്‍ നേരിടുന്ന ആക്രമണങ്ങളും കാരണം കോടികളുടെ നഷ്ടമാണ് തനിക്കെന്നും പരാതിയില്‍ പറയുന്നു.
സൈബര്‍ ടെററിസമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മതങ്ങളെയും രാഷ്ട്രീയ ചിഹ്നങ്ങളെയും അവഹേളിക്കുന്ന തരത്തിലാണ് റിവ്യൂ വീഡിയോ ഫസ്റ്റ് റിപ്പോര്‍ട്ട് എന്ന ചാനല്‍ പ്രചരിപ്പിച്ചതെന്നും സന്ദീപ് തന്റെ പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനും സിനിമയ അവഹേളിക്കാനും ചാനല്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
ജി.ആര്‍. ഇന്ദുഗോപന്റേ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രഭാഷ്യമാണ് വിലായത്ത് ബുദ്ധ. 2021ല്‍ അനൗണ്‍സ് ചെയ്ത ചിത്രം കൊവിഡ് കാരണം ആദ്യം നിന്നുപോവുകയായിരുന്നു. 2023ല്‍ പുനരാരംഭിച്ച ചിത്രം പൃഥ്വിരാജിന് അപകടം പറ്റിയതിനാല്‍ വീണ്ടും നീണ്ടുപോയി. ഒടുവില്‍ നവംബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തുകയായിരുന്നു.
നാവഗതനായ ജയന്‍ നമ്പ്യാറാണ് വിലായത്ത് ബുദ്ധയുടെ സംവിധായകന്‍. പൃഥ്വിരാജിന് പുറമെ ഷമ്മി തിലകനും ചിത്രത്തില്‍ ശക്തമായ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. മറയൂരിന്റെ പശ്ചാത്തലത്തില്‍ രണ്ടുപേര്‍ തമ്മിലുള്ള ഈഗോ ക്ലാഷിന്റെ കഥയാണ് വിലായത്ത് ബുദ്ധ പറയുന്നത്. പ്രിയംവദ കൃഷ്ണനാണ് ചിത്രത്തിലെ നായിക.
Content Highlight: Producer of Vilayath Budha filed case against Online channel for review bombing