പൊലീസുകാര് വരെ എന്നോട് ഗോള്‍ഡിന്റെ കാര്യമാണ് ചോദിക്കുന്നത്; കടുവയുടെ സക്‌സസ് സെലിബ്രേഷനില്‍ വെച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍
Entertainment news
പൊലീസുകാര് വരെ എന്നോട് ഗോള്‍ഡിന്റെ കാര്യമാണ് ചോദിക്കുന്നത്; കടുവയുടെ സക്‌സസ് സെലിബ്രേഷനില്‍ വെച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th November 2022, 8:07 am

പൃഥ്വിരാജ് നായകനായ കടുവയുടെ സക്‌സസ് സെലിബ്രേഷന്‍ നടന്ന വേദിയില്‍ വെച്ച് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തന്നെ പൊലീസ് പിടിച്ചതിനെക്കുറിച്ച് സംസാരിച്ചിരുന്നു.

പൊലീസുകാര്‍ വരെ തന്നോട് ഗോള്‍ഡിന്റെ റിലീസിനെക്കുറിച്ചാണ് ചോദിച്ചതെന്നും പൃഥ്വിരാജ് മാത്രമാണ് ഗോള്‍ഡിന്റെ ഡേറ്റ് അനൗണ്‍സ് ചെയ്യാതിരുന്നതെന്നും തങ്ങള്‍ മാത്രമാണ് അനൗണ്‍സ് ചെയ്‌തെന്നും ലിസ്റ്റിന്‍ പറഞ്ഞു. അടുത്ത് തന്നെ പൃഥ്വിരാജും ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് നടത്തുമെന്നും ലിസ്റ്റിന്‍ പറഞ്ഞു.

”ഇതുപോലെ ഒരു സക്‌സസ് സെലിബ്രേഷന്‍ കഴിഞ്ഞ് പോകുമ്പോള്‍ എന്നെ പൊലീസ് പിടിച്ചു. വണ്ടിയുടെ ബുക്കും പേപ്പറും ചോദിച്ചു. ആ സമയത്ത് കൂടെ ഡ്രൈവര്‍ ഇല്ലാത്തത് കൊണ്ട് വണ്ടിയുടെ ബുക്കും പേപ്പറും നോക്കിയിട്ട് കണ്ടില്ല.

അത് പറഞ്ഞപ്പോള്‍ അങ്ങനെ ആണെങ്കില്‍ സ്‌റ്റേഷനിലേക്ക് കൂടെ പോരാന്‍ പൊലീസ് പറഞ്ഞു. എന്റെ വീട് ഇവിടെ തൊട്ടടുത്താണെന്ന് ഞാന്‍ പറഞ്ഞു. ഇല്ല പറ്റില്ല നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മദ്യപിച്ചിട്ടില്ലെന്നും ബുക്കും പേപ്പറും കയ്യില്‍ ഇല്ലാത്തത് കൊണ്ടാണ് വെറുതെ വിടണമെന്ന് ഞാന്‍ പറഞ്ഞു.

അത് കഴിഞ്ഞപ്പോള്‍ എന്നോട് പേര് പറയാന്‍ പറഞ്ഞു. ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന് പറഞ്ഞപ്പോള്‍ പ്രൊഡ്യൂസര്‍ അല്ലെയെന്ന് ചോദിച്ചു. അതെന്ന് പറഞ്ഞപ്പോള്‍ പൃഥ്വിരാജിന്റെ പാര്‍ട്ണര്‍ അല്ലെയെന്നും ഗോള്‍ഡ് എന്നാണ് ഇറങ്ങുന്നതെന്നും ചോദിച്ചു.

ഗോള്‍ഡ് എന്നാണ് സാറെ റിലീസ് എന്ന് ചോദിച്ചപ്പോള്‍, നിങ്ങള്‍ എന്നെ ഇവിടെ നിന്ന് ഒന്ന് റിലീസ് ചെയ്താലാണ് ഗോള്‍ഡ് എനിക്ക് റിലീസ് ചെയ്യാന്‍ പറ്റൂവെന്ന് ഞാന്‍ അവരോട് പറഞ്ഞു.

ഗോള്‍ഡിന്റെ ഡേറ്റ് ഈ മാസം കുറേ അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങള്‍ മാറ്റി ഇട്ടു. ബുദ്ധിമാനായ പൃഥ്വിരാജ് മാത്രം ഡേറ്റ് അനൗണ്‍സ് ചെയ്തില്ല ബാക്കി ബുദ്ധിയില്ലാത്ത ഞങ്ങള്‍ മാത്രം ഡേറ്റ് ഇങ്ങനെ ഓരോ സമയത്തും അനൗണ്‍സ് ചെയ്തു കൊണ്ടിരുന്നു. അടുത്ത് തന്നെ അദ്ദേഹം അനൗണ്‍സ് ചെയ്യും,” ലിസ്റ്റിന്‍ പറഞ്ഞു.

അടുത്തിടെയാണ് ഗോള്‍ഡ് ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുന്ന കാര്യം ലിസ്റ്റിന്‍ പ്രഖ്യാപിച്ചത്. പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ഗോള്‍ഡിനെ ആരാധകര്‍ കാത്തിരിക്കുന്നത്. പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന ഹൈപ്പും ഗോള്‍ഡിനുണ്ട്.

content highlight: producer listin stephen about gold movie