അഡ്വാന്‍സ് വാങ്ങിയ പൈസ തിരിച്ചുതന്നാല്‍ പുതിയ സിനിമ ചെയ്യാം, സിലമ്പരസന് അഭിനയിക്കാന്‍ അനുമതി നല്കി നിര്‍മാതാവ് ഈശരി ഗണേശ്
Indian Cinema
അഡ്വാന്‍സ് വാങ്ങിയ പൈസ തിരിച്ചുതന്നാല്‍ പുതിയ സിനിമ ചെയ്യാം, സിലമ്പരസന് അഭിനയിക്കാന്‍ അനുമതി നല്കി നിര്‍മാതാവ് ഈശരി ഗണേശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st December 2025, 4:45 pm

ഷൂട്ടിന് സമയത്ത് വരാറില്ല, അനാവശ്യമായി നിര്‍മാതാവിനെ ബുദ്ധിമുട്ടിക്കുന്നു എന്നീ ആരോപണങ്ങളില്‍ നിന്ന് സിലമ്പരസന്‍ പിന്മാറിയിട്ട് അധികം കാലമായിട്ടില്ല. സിനിമയെ പഴയതിനെക്കാള്‍ ഗൗരവത്തോടെ താരം സമീപിക്കുന്നുണ്ടെങ്കിലും വിവാദങ്ങള്‍ വിട്ടൊഴിയാതെ നില്ക്കുകയാണ് സിലമ്പരസന്‍. പുതിയ ചിത്രമായ അരസനില്‍ സിലമ്പരസന് അഭിനയിക്കാന്‍ സാധിക്കില്ലെന്ന് അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

വേല്‍സ് ഫിലിംസിന്റെ ഉടമ ഈശരി ഗണേശ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതിപ്പെട്ടതിനാലാണ് താരത്തിന് പുതിയ സിനിമകള്‍ ചെയ്യാന്‍ സാധിക്കാത്തത്. വെട്രിമാരന്‍ ചിത്രം അരസന്‍ ഇക്കാരണത്തില്‍ ആരംഭിക്കാന്‍ വൈകുകയായിരുന്നു. ഇപ്പോഴിതാ സിലമ്പരസനും ഈശരി ഗണേശും തമ്മിലുള്ള പ്രശ്‌നം അവസാനിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.

Silambarasan Photo: X.com

സിലമ്പരസും അശ്വത് മാരിമുത്തുവും ഒന്നിക്കുന്ന ചിത്രത്തിന് മുമ്പ് വേല്‍സ് ഫിലിംസായുള്ള പ്രൊജക്ട് ചെയ്തുതീര്‍ക്കണമെന്നും അല്ലെങ്കില്‍ അഡ്വാന്‍സായി വാങ്ങിയ പണം തിരികെ നല്കണമെന്നുമാണ് ഈശരി ഗണേശ് ആവശ്യപ്പെട്ടത്. ഇതില്‍ ഏതെങ്കിലുമൊന്ന് ചെയ്യുകയാണെങ്കില്‍ അരസന്‍ പൂര്‍ത്തിയാക്കാന്‍ എസ്.ടി.ആറിന് സാധിക്കും.

വരുംദിവസങ്ങളില്‍ താരം തന്റെ തീരുമാനം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ എട്ടിന് അരസന്റെ ഷൂട്ട് ആരംഭിക്കുമെന്നും പിന്നീട് ദ്രുതഗതിയില്‍ ചിത്രം പൂര്‍ത്തിയാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വട ചെന്നൈ യൂണിവേഴ്‌സുമായി ബന്ധപ്പെട്ട് വെട്രിമാരന്‍ ഒരുക്കുന്ന ചിത്രമാണ് അരസന്‍. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ടീസറിന് വന്‍ വരവേല്പാണ് ലഭിച്ചത്.

Arasan Photo: Screen Grab/ V creations

എന്നാല്‍ അരസന് മുമ്പ് അനൗണ്‍സ് ചെയ്ത എസ്.ടി.ആറിന്റെ മറ്റ് പ്രൊജക്ടുകള്‍ ഇപ്പോഴും പാതിവഴിയിലാണ്. ദെസിങ്ക് പെരിയസാമി സംവിധാനം ചെയ്യുന്ന STR48 പകുതി മാത്രമേ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളൂ. അശ്വത് മാരിമുത്തു ഒരുക്കുന്ന STR 49 എന്ന സിനിമ പ്രീ പ്രൊഡക്ഷന്‍ സ്റ്റേജില്‍ തന്നെ നില്ക്കുകയാണ്. അരസന്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ സിലമ്പരസ്‌ന് മറ്റ് പ്രൊജക്ടുകളിലേക്ക് കടക്കാനാകുള്ളൂ.

വടചെന്നൈ 2വിന് മുമ്പ് വെട്രിമാരന്‍ ഒരുക്കുന്ന അരസനില്‍ സമുദ്രക്കനി, ആന്‍ഡ്രിയ, കിഷോര്‍, അമീര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ്- എസ്.ടി.ആര്‍ ഫേസ് ഓഫ് അരസനില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംവിധായകന്‍ വ്യക്തത വരുത്തിയിട്ടില്ല.

Content Highlight: Producer Ishari Ganesh gave green signal to Silambarasan for act in Arasan movie