നീ കാണ് മോനെ; അതിമനോഹരം ഡിസംബറിന് മുമ്പ് തിയേറ്ററുകളിലെത്തുമെന്ന് ആഷിഖ് ഉസ്മാന്‍
Malayalam Cinema
നീ കാണ് മോനെ; അതിമനോഹരം ഡിസംബറിന് മുമ്പ് തിയേറ്ററുകളിലെത്തുമെന്ന് ആഷിഖ് ഉസ്മാന്‍
അശ്വിന്‍ രാജേന്ദ്രന്‍
Friday, 5th June 2026, 3:21 pm

മലയാളത്തിലെ ബ്ലോക്ക്ബസ്റ്റര്‍ ക്രൈം ത്രില്ലര്‍ ചിത്രമായ അഞ്ചാംപാതിര, ഹിറ്റ് ആക്ഷന്‍ എന്റര്‍ടെയിനറായ തല്ലുമാല തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സ്വന്തം സ്ഥാനം നേടിയെടുത്ത നിര്‍മാതാവാണ് ആഷിഖ് ഉസ്മാന്‍. 2012ല്‍ ആരംഭിച്ച ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്ന ചിത്രത്തിലൂടെ ഒട്ടനവധി ചിത്രങ്ങളാണ് കഴിഞ്ഞ ഒന്നരപതിറ്റാണ്ടിനിടയില്‍ ആഷിഖ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.

ഇന്ന്(വെള്ളി) പുറത്തിറങ്ങാനിരിക്കുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രവും അണിയിച്ചൊരുക്കിയത് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സായിരുന്നു. എന്നാല്‍ ബാനറിന് കീഴില്‍ മലയാളി പ്രേക്ഷകരാകെ ഉറ്റുനോക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം. തുടരും എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ തയ്യാറെടുക്കുന്ന ചിത്രത്തിന് വലിയ ഹൈപ്പാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

തുടരും . Photo: District

ചിത്രത്തെ കുറിച്ച് ആഷിഖ് ഉസ്മാന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മോളിവുഡ് ടൈംസ് കാണാനായി തിയേറ്ററുകളിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

‘അതിമനോഹരം ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്, ഇപ്പോള്‍ തന്നെ 80 ദിവസത്തെ ഷൂട്ട് പൂര്‍ത്തിയായി. ഇനി ഒരു നാല്‍പ്പത് ദിവസത്തെ ഷൂട്ട് ബാക്കിയുണ്ട്. ലാലേട്ടന്‍ ഒരു ഒന്നരമാസത്തോളം അമേരിക്കയില്‍ പോയിട്ടുണ്ടായിരുന്നു, കുറച്ച് പരിപാടികളുടെ ഭാഗമായിട്ടാണ് പോയത്. അതുകൊണ്ടാണ് ഷൂട്ടിങ് നീണ്ടുപോയത്. ആളുകള്‍ക്ക് എന്തുവേണമെങ്കിലും പറയാമല്ലോ.

ജൂലൈ 31ന് ഷൂട്ട് കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. നവംബര്‍ കഴിഞ്ഞ ഡിസംബറിനുള്ളില്‍ റിലീസുണ്ടാകും. ഷൂട്ടിങ് ഗംഭീരമായി അതിമനോഹരമായി പെയിക്കൊണ്ടിരിക്കുകയാണ്. വളരെ ചെറിയ ഒരു സിനിമയിണിത്, സര്‍പ്രൈസുണ്ട്. എന്തായാലും നല്ലൊരു പരിപാടി ആണ് വരാനിരിക്കുന്നത്,’ ആഷിഖ് പറഞ്ഞു.

മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തിക്കൊപ്പം. Photo: The Hindu

ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന് നീ കാണ് മോനെ എന്നായിരുന്നു നിര്‍മാതാവ് മറുപടി പറഞ്ഞത്. പോസിറ്റീവ് ലഭിച്ചാല്‍ മലയാളത്തിലെ സകല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ക്കാനുള്ള കെല്‍പ്പ് അതിമനോഹരത്തിനുണ്ട്. യാതൊരു വിധ സൂചനകളും ഹൈപ്പുമില്ലാതെ തിയേറ്ററുകളിലെത്തിയിട്ടും വലിയ വിജയം നേടിയ ചിത്രമായിരുന്നു തുടരും. 235 കോടിയിലധികമായിരുന്നു ചിത്രം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്.

Content Highlight: Producer Ashiq Usman talks about upcoming movie Athimanoharam

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.