എമ്പുരാനെതിരായ സംഘപരിവാര്‍ ശക്തികളുടെ സൈബര്‍ ആക്രമണത്തില്‍ ആദ്യ പ്രതികരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന് എമ്പുരാന്റെ കഥയറിയാമെന്നും അദ്ദേഹത്തിനത് അറിയില്ലെന്ന് തങ്ങള്‍ ആരും പറഞ്ഞിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. പൃഥ്വിരാജിനെയോ മറ്റാരെയോ ഒറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും എമ്പുരാന്‍ എന്ന സിനിമ ചെയ്യണമെന്ന തീരുമാനം എല്ലാവരും ഒന്നിച്ചെടുത്തതാണെന്നും ആന്റണി പറയുന്നു.
റീ എഡിറ്റിങ് നടത്തിയത് സമ്മര്‍ദം കാരണമല്ലെന്നും സ്വമേധയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ആരെയും വേദനിപ്പിക്കാനല്ല സിനിമ ചെയ്തതെന്നും തെറ്റ് വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തുകയെന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ആന്റണി വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു ആന്റണി പരുമ്പാവൂരിന്റെ പ്രതികരണം.
‘മോഹന്‍ലാല്‍ സാറിന് മുഴുവന്‍ കഥയുമറിയാം, എനിക്കറിയാം, ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. അത് അറിയില്ലെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. മുരളി ഗോപിക്ക് വിയോജിപ്പുകളുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരിക്കലും ഞങ്ങള്‍ക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട ആവശ്യമില്ല.
ഈ സിനിമ വരണമെന്നും നിര്‍മിക്കണമെന്നും ഞങ്ങള്‍ എല്ലാവരും ഒന്നിച്ചെടുത്ത തീരുമാനമാണ്. മോഹന്‍ലാല്‍ സാറിന് ഈ സിനിമയറിയില്ല എന്ന് പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. ഞങ്ങള്‍ എല്ലാവരും ഈ സിനിമയെ മനസിലാക്കിയതാണ്. ഞങ്ങള്‍ മനസിലാക്കിയതില്‍ എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഒരു സമ്മര്‍ദത്തിന്റെയും പുറത്തല്ല സിനിമ റീ എഡിറ്റ് ചെയ്തത്. ഒരു വ്യക്തിയെയും വേദനിപ്പിക്കാന്‍വേണ്ടിയല്ല ഞങ്ങള്‍ സിനിമയെടുത്തത്,’ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.