സംയുക്ത വിഷയത്തില്‍ ഞങ്ങളുടെ ഭാഗത്തും തെറ്റുണ്ട്; ഇപ്പോള്‍ അവര്‍ നല്ലരീതിയില്‍ സഹകരിക്കുന്നുണ്ട്: അജി മേടയില്‍
Entertainment news
സംയുക്ത വിഷയത്തില്‍ ഞങ്ങളുടെ ഭാഗത്തും തെറ്റുണ്ട്; ഇപ്പോള്‍ അവര്‍ നല്ലരീതിയില്‍ സഹകരിക്കുന്നുണ്ട്: അജി മേടയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th February 2023, 9:54 am

ബൂമറാംഗ് സിനിമയുടെ പ്രൊമോഷന് നടി സംയുക്ത വരുന്നില്ലെന്നും വിളിച്ച് അന്വേഷിച്ച നിര്‍മാതാവിനോട് ഇനി മലയാള സിനിമയില്‍ അഭിനയിക്കില്ലെന്നും താരം പറഞ്ഞുവെന്നും നിര്‍മാതാവ് അജി മേടയിലും ചിത്രത്തിലെ നായകനായ ഷൈന്‍ ടോം ചാക്കോയും പ്രസ് മീറ്റില്‍ പറഞ്ഞിരുന്നു. ആ പ്രസ്താവന വലിയ വിവാദമാവുകയും ചെയ്തിരുന്നു.

അക്കാര്യത്തില്‍ പുതിയ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവ് അജി മേടയില്‍. തങ്ങളുടെ ഭാഗത്തും തെറ്റുണ്ടെന്നും സിനിമയുടെ റിലീസ് മൂന്നാല് പ്രാവശ്യം മാറ്റിവെച്ചത് ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു കാരണമായെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ സിനിമയെ സംയുക്ത പ്രൊമോട്ട് ചെയ്യുന്നില്ലെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. എന്നാലിപ്പോള്‍ താരം തങ്ങളോട് സഹകരിക്കുന്നുണ്ടെന്നും അജി പ്രസ് മീറ്റില്‍ പറഞ്ഞു.

‘ആ കാര്യത്തില്‍ നമ്മുടെ ഭാഗത്തും തെറ്റുണ്ട്. സിനിമയുടെ റിലീസ് മൂന്നാല് തവണ മാറ്റിവെച്ചതാണ്. പിന്നെ അന്ന് ഞാന്‍ പറഞ്ഞത് നേരിട്ട് വരാത്തതിന്റെ പ്രശ്‌നമല്ല. സോഷ്യല്‍ മീഡിയ വഴി പോലും സപ്പോര്‍ട്ട് ചെയ്തില്ല. പക്ഷെ കഴിഞ്ഞ ദിവസം മുതല്‍ സംയുക്ത നല്ല രീതിയില്‍ തന്നെ ഞങ്ങളോട് സഹകരിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ മറ്റുമൊക്കെ അവര്‍ പോസ്റ്റുകളൊക്കെ ഇട്ടുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ പ്രസ് മീറ്റില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും മാറ്റി പറയുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ പോലും സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നുതന്നെ ഞാന്‍ പറഞ്ഞിരുന്നു. അതുപോലെ മലയാളത്തിലേക്ക് ഇനിയില്ലെന്നും പറഞ്ഞിരുന്നു.

അവര്‍ പറഞ്ഞ കാര്യം അതുപോലെ തന്നെയാണ് ഞാന്‍ പറഞ്ഞത്. ഒന്നും ഞാന്‍ കയ്യില്‍ നിന്നുമിട്ട് പറഞ്ഞിട്ടില്ല. പറഞ്ഞ കാര്യങ്ങളില്‍ നിന്നൊന്നും ഞാന്‍ പിന്നോട്ട് പോകുന്നില്ല. അന്നത്തെ പ്രസ് മീറ്റിലും ഇക്കാര്യങ്ങളൊക്കെ ഞാന്‍ പറഞ്ഞതാണ്. പ്രൊമോഷന് വരാതിരിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ടാകും, നേരത്തെ പറഞ്ഞതുപോലെ നമ്മുടെ റിലീസൊക്കെ ഒരുപാട് തവണ മാറ്റി വെച്ചതാണല്ലോ,’ അജി മേടയില്‍ പറഞ്ഞു.

content highlight: producer aji medayil about samyuktha issue