ന്യൂദല്‍ഹി: വെനസ്വേലയിലെ യു.എസ് ആക്രമണങ്ങളില്‍ പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. രാജ്യത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വെനസ്വേലയിലെ യു.എസ് അധിനിവേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഔദ്യോഗികമായി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പ്രസ്താവന പുറത്തുവരുന്നത്. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് പ്രസ്താവന പുറത്തിറക്കിയത്.
വെനസ്വേലയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തണമെന്നും മന്ത്രാലയം പ്രതികരിച്ചു.
വെനസ്വേലയിലെ ഇന്ത്യക്കാരുമായി ബന്ധപ്പെടുന്നുണ്ട്. രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രാലയം അറിയിച്ചു. വെനസ്വേലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മന്ത്രാലയം പറഞ്ഞു.
അതേസമയം യു.എസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സ് അറസ്റ്റ് ചെയ്ത വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും പങ്കാളി സീലിയ ഫ്ലോറൻസിനെയും ന്യൂയോര്‍ക്കിലെ ബ്രൂക്കിന്‍ ജയിലേക്ക് മാറ്റുമെന്നാണ് വിവരം. നിലവില്‍ മഡുറോക്കെതിരെ ഗുരുതര വകുപ്പുകളാണ് യു.എസ് ചുമത്തിയിരിക്കുന്നത്.
നാര്‍ക്കോ-ടെററിസം ഗൂഢാലോചന, യന്ത്രതോക്കുകളും വിനാശകരമായ ആയുധങ്ങളും കൈവശം വെക്കല്‍, കൊക്കൈന്‍ ഇറക്കുമതി ഗൂഢാലോചന, യു.എസിനെതിരായ ഗൂഢാലോചന തുടങ്ങിയവയാണ് മഡുറോക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
ഇന്നലെ (ശനി) പുലര്‍ച്ചയോടെയാണ് വെനസ്വേലയുടെ തലസ്ഥാന നഗരമായ കാരക്കാസില്‍ അടക്കം സ്‌ഫോടനം ഉണ്ടായത്. ഏഴിടത്താണ് സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് വെനസ്വേലയിലേക്കുള്ള യാത്രകള്‍ ഇന്ത്യക്കാര്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.