കെ.എസ്.ഇ.ബിയിലെ പ്രശ്‌നങ്ങള്‍ ഒരാഴ്ചയ്ക്കകം പരിഹാരമാകും; പ്രതികാര നടപടിയില്ലാതെ അച്ചടക്ക നടപടി പൂര്‍ത്തിയാക്കും: കെ. കൃഷ്ണന്‍ കുട്ടി
Kerala News
കെ.എസ്.ഇ.ബിയിലെ പ്രശ്‌നങ്ങള്‍ ഒരാഴ്ചയ്ക്കകം പരിഹാരമാകും; പ്രതികാര നടപടിയില്ലാതെ അച്ചടക്ക നടപടി പൂര്‍ത്തിയാക്കും: കെ. കൃഷ്ണന്‍ കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th April 2022, 3:54 pm

തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ പ്രശ്‌നങ്ങള്‍ ഒരാഴ്ചയ്ക്കകം പരിഹാരമാകുമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. മാനേജ്‌മെന്റും ജീവനക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

നിയമപരമായും പ്രതികാര നടപടിയില്ലാതെയും അച്ചടക്ക നടപടി പൂര്‍ത്തിയാക്കുമെന്നും കെ.എസ്.ഇ.ബി ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി വ്യക്തമാക്കി.

മുന്‍ധാരണകളില്ലാതെ തീരുമാനങ്ങളെടുക്കാന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെ.എസ്.ഇ.ബി തര്‍ക്കത്തില്‍ ചര്‍ച്ച ഫലപ്രദമായിരുന്നു, അതില്‍ ഇടപെടാന്‍ വൈകിയിട്ടില്ല. പ്രശ്‌നപരിഹാരത്തിനായി തനിക്കുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നില്ലെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.

വൈദ്യുതി ഭവന് മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേയുള്ളുവെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോക് നേരത്തെ പറഞ്ഞിരുന്നു.

സമരക്കാരോട് വാത്സല്യമുണ്ട്, വൈദ്യുതി ബോര്‍ഡില്‍ ഒരുതരത്തിലുള്ള പ്രശ്നങ്ങളുമില്ല. കെ.എസ്.ഇ.ബി ഒരു ബിസിനസ് സ്ഥാപനമാണ്. എല്ലാവരും സഹകരിച്ചാലേ മുന്നോട്ടുപോകു.

കെ.എസ്.ഇ.ബിയെ സംബന്ധിച്ചിടത്തോളം പരമാവധി ഒരു വ്യക്തിയെ അക്കൊമഡേറ്റ് ചെയ്യാന്‍ തയ്യാറാകും. പക്ഷെ, കെ.എസ്.ഇ.ബി എന്ന സ്ട്രക്ചറിന്റെ മൗലിക സ്വഭാവം ബലികഴിക്കില്ല.

ചെറിയ പിശകുപറ്റിപ്പോയി, തിരിച്ചെടുക്കണമെന്ന് പറഞ്ഞാല്‍ തീരാവുന്ന കാര്യമേയുള്ളു. ഇതൊന്നും വാശിപ്പുറത്ത് ചെയ്യുന്നതല്ല. സമരക്കാരില്‍ ചിലരോട് ചെയര്‍മാന്‍ മാറണോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. അവര്‍ക്ക് പറയണമെന്നുണ്ട്, ആറു മാസമായിട്ട് മാറണമെന്ന് വിചാരിച്ച് നടക്കുകയാണ്. പക്ഷെ അത് തുറന്നുപറയാന്‍ പറ്റുന്നില്ല. അങ്ങനെയല്ല, മനോഭാവം മാറ്റിയാല്‍ മതിയെന്നാണ് അതുകൊണ്ട് പറയുന്നത്.

ഇത്രയൊക്കെ കണ്ടതുകൊണ്ട് നമുക്ക് അശേഷം പേടിയില്ലാത്ത കാര്യമാണ് മാറ്റം എന്ന് പറയുന്നത്, അതാണ് അതിന്റെ ഏറ്റവും വലിയ രസം. മാറ്റം എന്നു പറഞ്ഞ് പേടിപ്പിക്കാനേ പറ്റില്ല. എവിടെ ചെന്നാലും പോളിസി കണ്‍സിസ്റ്റന്റ് തന്നെയാണ്. കസേര മാറുന്നു, ആളുകള്‍ മാറുന്നു, പ്രൊട്ടസ്റ്റ് മാറുന്നു എന്നേയുള്ളുവെന്നും അശോക് വ്യക്തമാക്കിയിരുന്നു.

ചെയര്‍മാന്റെ പ്രതികാര നടപടികളും സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ എം.ജി. സുരേഷ്‌കുമാര്‍, ബി. ഹരികുമാര്‍, ജസ്മിന്‍ ബാനു എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു.

അനധികൃതമായി അവധിയെടുത്തെന്നാരോപിച്ചാണ് ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസം തന്നെ ജാസ്മിന്‍ ബാനുവിനെ സസ്പെന്റ് ചെയ്തത്. ഡയസ്നോണ്‍ ഉത്തരവ് തള്ളിയതിനും ചെയര്‍മാനെതിര ദുഷ്പ്രചരണം നടത്തിയതിനുമാണ് സംഘടന ഭാരവാഹികളെ സസ്പെന്റ് ചെയ്തത്.

Content Highlights: Problems in KSEB will be resolved within a week said K. Krishnankutty