ചിട്ടി സ്ഥാപനത്തിന്റെ തലപ്പത്ത് വൈദികന്‍: സഭാനേതൃത്വം അന്വേഷണം തുടങ്ങി
Kerala
ചിട്ടി സ്ഥാപനത്തിന്റെ തലപ്പത്ത് വൈദികന്‍: സഭാനേതൃത്വം അന്വേഷണം തുടങ്ങി
ന്യൂസ് ഡെസ്‌ക്
Tuesday, 6th March 2012, 8:00 am

കോട്ടയം: സഭാനിയമങ്ങള്‍ പരസ്യമായി ലംഘിച്ച് മാര്‍ത്തോമ്മ സഭാ വൈദികന്‍ ചിട്ടി സ്ഥാപനത്തിന്റെ തലപ്പത്ത്. സംഭവം പുറത്തായതോടെ വൈദികനെതിരെ സഭാനേതൃത്വം അന്വേഷണം ആരംഭിച്ചു. കോട്ടയം ജില്ലയില്‍ മണര്‍കാട് നിന്നും കഴിഞ്ഞ മാസം പ്രവര്‍ത്തനം തുടങ്ങിയ ചിട്ടി  സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറുടെ പദവിയാണ് വൈദികനുള്ളത്. ക്രൈസ്തവ ഭൂരിപക്ഷമുള്ള മധ്യതിരുവിതാംകൂറില്‍ തുടങ്ങിയ ചിട്ടി സ്ഥാപനത്തിന്റെ വിശ്വാസ്യത ഉറപ്പിക്കാനാണ് മാനേജിംഗ് ഡയറക്ടര്‍ പദവിയില്‍ വൈദികനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് കൂണുപോലെ ചിട്ടിക്കമ്പനികള്‍ രംഗത്തെത്തിയത്. പത്രങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി ആകര്‍ഷകമാക്കിയ പരസ്യങ്ങള്‍ നല്‍കിയാണ് ചിട്ടിയില്‍ വരിക്കാരെ ചേര്‍ക്കുക. ചിട്ടിയില്‍ അംഗങ്ങളാകുന്ന ഇടപാടുകാരുടെ സംശയങ്ങള്‍ ദൂരികരിക്കാന്‍ പത്തനംതിട്ട സ്വദേശിയായ വൈദികന്‍ സദാ സമയവും രംഗത്തുന്നുണ്ട്.

അതേസമയം, മാര്‍ത്തോമ്മ സഭാ ചട്ടങ്ങള്‍ അനുസരിച്ച് വൈദിക സേവനം അനുഷ്ഠിക്കുന്ന ഒരാള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളോ സാമ്പത്തിക നേട്ടം ലഭിക്കുന്ന സംരഭങ്ങളിലോ പങ്കാളിയാകുന്നതിന് അനുവാദമല്ല. വൈദികനായി പ്രവര്‍ത്തിക്കുന്നതിന് മെത്രാപ്പോലീത്തയില്‍ നിന്നും അധികാരം ഏറ്റെടുക്കുന്ന കാലം മുതല്‍ സഭാ ചട്ടങ്ങള്‍ക്ക് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കണമെന്നും മലങ്കര സുറിയാനി സഭാ നിയമത്തില്‍ അനുശാസിക്കുന്നു. ഇടവകകളുടെ ചുമതലകള്‍ വഹിക്കവെ വിദേശ യാത്രകളോ സ്വകര്യ പരിപാടികളോ നടത്തണമെങ്കില്‍ സഭയുടെ പൂര്‍ണ ഉത്തവാദിത്വമുള്ള മെത്രാപ്പോലീത്തയുടെ അനുവാദം വാങ്ങണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ സഭാനേതൃത്വത്തിന്റെ അനുമതിയോ അറിവോ ഇല്ലാതെയാണ് വൈദികന്‍ ചിട്ടി സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ പദവി വഹിക്കുന്നത്. സംഭവം വിവാദമായതോടെ വൈദികനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മാര്‍ത്തോമ്മ സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

കാശ്മീരിലെ ഹരീദാബാദ് ബ്രാഞ്ചില്‍ നിന്നാണ് ചിട്ടി സ്ഥാപനത്തിന് ലൈസന്‍സ് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ 14ന് ആരംഭിക്കുന്ന 25,15,10 ലക്ഷത്തിന്റെ 180 മാസം അടവുകളിലാണ് മൂന്ന് ചിട്ടികള്‍ ആരംഭിക്കുക. ആദ്യത്തെ രണ്ട് മാസം തവണ സംഖ്യകളായി വരിക്കാരന്‍ അടക്കുന്ന തുക സ്ഥാപനത്തിന് അവകാശപ്പെട്ടതാണെന്ന് ഉടമകള്‍ വ്യക്തമാക്കുന്നു. മൂന്നാം തവണ മുതല്‍ മാസങ്ങളില്‍ ഒരു കുറിയും നാല് ലേലവും ഉണ്ടാകുമെന്നും നടപ്പിക്കുകാര്‍ പറയുന്നു. എന്നാല്‍ നിലവിലെ ചിട്ടി നിയമങ്ങള്‍ അനുസരിച്ച് രണ്ട് മാസത്തെ തവണ സംഖ്യ ചിട്ടി സ്ഥാപനം സ്വന്തം പേരില്‍ വാങ്ങിച്ചെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വൈദികന്‍ മാനേജിംഗ് ഡയറക്ടറായ അഞ്ചംഗങ്ങളുടെ പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് ചിട്ടി സ്ഥാപനത്തിന്റഎ ഔദ്യോഗിക നടത്തിപ്പുകാര്‍. നിരവധി ഓഫറുകള്‍ പറഞ്ഞ് വരിക്കാനെ ഒപ്പം കൂട്ടുമ്പോള്‍ ചിട്ടിയുടെ മറവില്‍ നടത്തുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച് ആരും ചോദിക്കാറില്ലെന്നതാണ് വാസ്തവം.

അന്യ സംസ്ഥാനങ്ങളില്‍ നിന്നും രജിസ്‌ട്രേഷന്‍ തരപ്പെടുത്തി സംസ്ഥാനത്ത് 200 ലധികം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് ഏകദേശ കണക്ക്. ഈ സ്ഥാപനങ്ങളുടെ ഇടപാടുകള്‍ സംബന്ധിച്ച് കണക്കുകളോ  രേഖകളോ കേരള ചിട്ടി നിയമങ്ങളുടെ പരിധിയില്‍ വരുന്നതല്ല. ഇക്കാരണങ്ങളാല്‍ സ്വകാര്യ ചിട്ടി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനോ സാമ്പത്തിക ക്രമക്കേടുകള്‍ പിടികൂടാനോ ഭരണകൂടത്തിന് കഴിയാറില്ല.

Malayalam News

Kerala News In English