ജൂതനഗരമായ ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ അനൂകൂലിയായ സൊഹ്‌റാന്‍ മംദാനിക്ക് വിജയസാധ്യത
World News
ജൂതനഗരമായ ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ അനൂകൂലിയായ സൊഹ്‌റാന്‍ മംദാനിക്ക് വിജയസാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th June 2025, 3:38 pm

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി ഉള്‍പ്പാര്‍ട്ടി തെരഞ്ഞടുപ്പില്‍ ഫലസ്തീന്‍ അനുകൂലിയും ഇടതുപക്ഷക്കാരനുമായ സൊഹ്ദാന്‍ മംദാനിക്ക് വിജയം. ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിനായുള്ള ഉള്‍പ്പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ സയണിസ്റ്റ്-ഇസ്രഈല്‍ അനുകൂലിയും മുന്‍ സ്റ്റേറ്റ് ഗവര്‍ണറുമായ ആന്‍ഡ്ര്യു ക്വോമോയെയാണ് സൊഹ്ദാന്‍ മംദാനി തോല്‍പ്പിച്ചത്.

അന്തിമ ഫലം ഇതുവരെ പുറത്ത് വന്നിട്ടില്ലെങ്കിലും 93 ശതമാനത്തോളം വോട്ടുകള്‍ ഇതുവരെ എണ്ണിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇതില്‍ 43.5% വോട്ടുകളാണ് മംദാനിക്ക് നേടിയത്. പരാജയം ഏതാണ്ട് ഉറപ്പിച്ച ആന്‍ഡ്ര്യു ക്വോമോ മംദാനിയുടെ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ‘ഇന്നത്തെ രാത്രി അദ്ദേഹത്തിന്റേതാണ്. അവന്‍ അത് അര്‍ഹിക്കുന്നു. അവന്‍ വിജയിച്ചു,’ ക്വോമോ അണികളോട് പറഞ്ഞു.

11.3 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയ മറ്റൊരു ജൂത അനുകൂലിയായ ബ്രാന്‍ഡ് ലാന്‍ഡര്‍ നേരത്തെ തന്നെ മംദാനിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ ഫസ്റ്റ് ചോയിസ് വോട്ടുകളെ കൂടാതെ സെക്കന്റ് ചോയിസ് വോട്ടുകളും മംദാനിക്ക് ലഭിച്ചു എന്നതും വിജയസാധ്യത വര്‍ധിപ്പിക്കുന്നു.

കൂടാതെ 2000ത്തിലധികം വോട്ടര്‍മാര്‍ ഒന്നാമത്തെ ചോയിസായി മാംദാനിയെ തെരഞ്ഞെടുത്തതിനാല്‍ ആദ്യ റൗണ്ടില്‍ തന്നെ അദ്ദേഹം 50 ശതമാനം വോട്ടുകള്‍ നേടി മംദാനി വിജയം ഉറപ്പിക്കുമെന്നാണ് സൂചന. ഒരുപക്ഷെ ആര്‍ക്കും 50% വോട്ടുകള്‍ നേടാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും വോട്ടെടുപ്പ് നടത്തും.

ഇനി മംദാനി വിജയിച്ചാല്‍ ജൂതനഗരം എന്നറിയപ്പെടുന്ന ന്യൂയോര്‍ക്കിലെ ആദ്യ മുസ്‌ലിം മേയറായി മംദാനി മാറും. ഇസ്രഈല്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടൂതല്‍ ജൂതരുള്ള നഗരമാണ് ന്യൂയോര്‍ക്ക്. ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്ന നഗരം കൂടിയാണിത്.

ഇന്ത്യന്‍ വംശജന്‍ കൂടിയായ മംദാനി ആഫ്രിക്കയിലാണ് ജനിച്ചു വളര്‍ന്നത്. ഇന്ത്യന്‍-ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹമൂദ് മംദാനിയുടേയും സംവിധായകനായ മീര നായരുടേയും മകനാണ് സൊഹ്‌റാന്‍ മംദാനി.

കുറച്ച് കാലങ്ങള്‍ മുമ്പ് വരെ അധികം പ്രശസ്തനല്ലാത്ത ഒരു നിയമസഭ നേതാവായിരുന്ന മംദാനി തന്റെ പുരോഗമന നിലപാടുകളിലൂടെയാണ് ജനശ്രദ്ധ ആകര്‍ഷിച്ചത്. സ്വയം ജനാധിപത്യ സോഷ്യലിസ്റ്റ് എന്ന വിശേഷിപ്പിച്ച മംദാനിയെ ഒരു ജൂതവിരോധിയാണെന്ന് വരുത്തി തീര്‍ക്കാന്‍ എതിര്‍പക്ഷം ശ്രമിച്ചെങ്കിലും ഗസയിലേയും ഇറാനിലേയും ഇസ്രഈല്‍ അതിക്രമങ്ങളെ അദ്ദേഹം നിരന്തരം വിമര്‍ശിച്ചു.

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്കിലെ ജീവിതച്ചെലവ് കുറയ്ക്കുക, വാടക പരിധി നിശ്ചയിക്കുക, പലചരക്ക് സാധനങ്ങളുടെ വില നിയന്ത്രിക്കുക തുടങ്ങിയ നയങ്ങളിലൂടെ തൊഴിലാളിവര്‍ഗത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ശ്രദ്ധ ഊന്നിയാണ് അദ്ദേഹം തന്റെ പ്രചാരണം മുന്നോട്ട് കൊണ്ടുപോയത്.

ബില്‍ ക്ലിന്റണ്‍ അടക്കമുള്ള മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാക്കള്‍ ക്വോമോയെ പിന്തുണച്ച് രംഗത്ത് വന്നപ്പോള്‍ ബേര്‍ണി സാന്‍ഡേഴ്‌സണ്‍ അടക്കമുള്ളവരുടെ പിന്തുണ ഉറപ്പാക്കാന്‍ മംദാനിക്ക്‌ സാധിച്ചു. മംദാനിയെ അഭിനന്ദിച്ച ബെര്‍ണി സാന്‍ഡേഴ്‌സ് മംദാനിയുടെ അടിത്തട്ടിലുള്ള അനുയായികള്‍ വരെ പ്രചാരണത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതായും എക്‌സില്‍ കുറിച്ചു.

Content Highlight: Pro-Palestinian Zohran Mamdani likely to win New York mayoral election