​നാടകം ഇന്ത്യയിൽ എത്തിയില്ലായിരിക്കാം, പക്ഷേ അതിന്റെ കഥ അവിടെ എത്തിക്കഴിഞ്ഞു; വിസ നിഷേധിച്ചതിൽ പ്രതികരിച്ച് ഫലസ്തീൻ അനുകൂല ഇസ്രഈലി ആക്ടർ
Gaza
​നാടകം ഇന്ത്യയിൽ എത്തിയില്ലായിരിക്കാം, പക്ഷേ അതിന്റെ കഥ അവിടെ എത്തിക്കഴിഞ്ഞു; വിസ നിഷേധിച്ചതിൽ പ്രതികരിച്ച് ഫലസ്തീൻ അനുകൂല ഇസ്രഈലി ആക്ടർ
ശ്രീലക്ഷ്മി എ.വി.
Wednesday, 28th January 2026, 1:09 pm

ടെൽഅവീവ്: ഇന്ത്യൻ ഭരണകൂടം വിസ നിഷേധിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ 16ാം പതിപ്പിലൂടെ അരങ്ങിലേക്കെത്തേണ്ടിയിരുന്ന ‘ദി ലാസ്റ്റ് പ്ലേ ഇൻ ഗസ’ എന്ന നാടകം അവതരിപ്പിക്കാൻ കഴിയാത്തതിൽ പ്രതികരണവുമായി സംവിധായികയും ഇസ്രഈലി അഭിനയത്രിയുമായ ഐനെറ്റ് വീസ്മാൻ.

ആദ്യം ഗസ ഇല്ലാതാക്കപ്പെട്ടെന്നും പിന്നീട് ഗസയെ കുറിച്ചുള്ള രേഖകൾ ഇല്ലാതാക്കിയെന്നും ഇപ്പോൾ ഗസയെക്കുറിച്ച് സംസാരിക്കുന്ന ശബ്ദങ്ങളെയും ഇല്ലാതാക്കുകയാണെന്നും അവർ പറഞ്ഞു.

വിസ നിഷേധിച്ചതിൽ യാദൃശ്ചികതയില്ലെന്നും തങ്ങൾ നാടകത്തിലൂടെ പറയാൻ വന്നത് എന്തിനെകുറിച്ചാണോ അതുതന്നെയാണ് സംഭവിച്ചതെന്നും ഐനെറ്റ് വീസ്മാൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

രണ്ടുമാസം മുമ്പാണ് ‘The Last Play in Gaza’ കേരളത്തിൽ അവതരിപ്പിക്കാൻ തങ്ങൾക്ക് ക്ഷണം ലഭിച്ചതെന്നും ഒരു വർഷത്തോളം അപൂർണ്ണമായിരുന്ന ആ നാടകം തങ്ങൾ അവതരിപ്പിക്കാനായി പൂർത്തിയാക്കിയാതായിരുന്നുവെന്നും അവർ പറഞ്ഞു.

‘നിശബ്ദതയിലെ ശബ്ദങ്ങൾ’ (Voices in the Silence) എന്ന പ്രമേയമുള്ള ഇറ്റ്ഫോക് ഫെസ്റ്റിവലിലൂടെ അത് ലോകത്തിന് മുന്നിലെത്തിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. രണ്ടുമാസം മുമ്പാണ് ‘The Last Play in Gaza’ കേരളത്തിൽ അവതരിപ്പിക്കാൻ തങ്ങൾക്ക് ക്ഷണം ലഭിച്ചത്. ഒരു വർഷത്തോളം അപൂർണ്ണമായിരുന്ന ആ നാടകം തങ്ങൾ പൂർത്തിയാക്കിയാതായിരുന്നു,’ ഐനെറ്റ് വീസ്മാൻ പറഞ്ഞു.

വിസയ്ക്ക് അപേക്ഷിച്ചപ്പോൾ അനുമതിക്ക് പകരം ഡൽഹിയിലെ അധികൃതർ നാടകത്തിന്റെ സിനോപ്സിസ് ആവശ്യപ്പെട്ടെന്നും അത് അയച്ചുകൊടുത്തെന്നും അവർ വ്യക്തമാക്കി. എന്നാൽ വിസ നിഷേധിക്കപ്പെടുകയാണ് ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.

ഇസ്രഈലും ഫലസ്തീനിലും തങ്ങൾക്ക് ഇത് ഒരിക്കലും അവതരിപ്പിക്കാൻ കഴിയില്ലെന്നും ഇപ്പോൾ സയണിസ്റ്റ് ശക്തികളുടെ പങ്കാളിയായ ഇന്ത്യയിലും അതിന് കഴിയുന്നില്ലെന്നും അവർ പറഞ്ഞു.

‘​എന്നാൽ കൂടെ നിൽക്കുന്ന മനുഷ്യരെ മായ്ചുകളയാൻ കഴിയില്ല. അവതരിപ്പിക്കാൻ കഴിയാതെ പോയ ഒരു നാടകത്തിന് വേണ്ടി ഒരു സായാഹ്നം മുഴുവൻ മാറ്റിവെച്ച ഒരു ഫെസ്റ്റിവൽ. ഒരാളുടെ അഭാവം പോലും പ്രതിഷേധമാണെന്ന് മനസ്സിലാക്കുന്ന ഒരു ജനത,’ അവർ പറഞ്ഞു.

ഇറ്റ്ഫോക്കിന്റെ ധീരതയ്ക്കും കേരളത്തിലെ പ്രേക്ഷകരുടെ ഐക്യദാർഢ്യത്തിനും നാടകത്തിന്റെ സംവിധായിക നന്ദി അറിയിച്ചു. നാടകം ഇന്ത്യയിൽ എത്തില്ലായിരിക്കാം എന്നാൽ അതിന്റെ കഥ ഇതിനോടകം തന്നെ എത്തിക്കഴിഞ്ഞെന്നും അവർ പറഞ്ഞു.

Content Highlight: Pro-Palestinian Israeli actor responds to visa denial for ‘The Last Play in Gaza’

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.