സൂപ്പര്‍ ലീഗ് കേരളയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടയില്‍ കാലിക്കറ്റ് എഫ്.സിക്കെതിരെ പ്രതിഷേധവുമായി ഫലസ്തീന്‍ അനുകൂല ആരാധകര്‍. ഫലസ്തീന്‍ പതാകകളും ഫ്ളക്സുകളുമായാണ് ആരാധകര്‍ പ്രതിഷേധിച്ചത്. ‘ഗസയിലെ കുഞ്ഞുങ്ങളുടെ രക്തം പകരുന്നതില്‍ അഭിമാനിക്കുന്ന പങ്കാളികള്‍’ എന്നെഴുതിയ ഫ്‌ളക്‌സും ഫലസ്തീന്റെ വലിയ പതാകയും പ്രദര്‍ശിപ്പിച്ചാണ് ആരാധകര്‍ പ്രതിഷേധിച്ചത്. കാലിക്കറ്റ് എഫ്.സി കൊക്കകോളയെ തങ്ങളുടെ ഔദ്യോഗിക പാര്‍ട്ണറായി പ്രഖ്യാപിച്ചിരുന്നു.
ഫലസ്തീനെതിരെ ആക്രമണം അഴിച്ചുവിട്ട ഇസ്രഈലിനെ പിന്തുണയ്ക്കുന്ന കമ്പനികളില്‍ ഒന്നാണ് അമേരിക്കന്‍ കമ്പനിയായ കൊക്കകോള. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ആരാധകര്‍ പ്രതിഷേധം ഉയര്‍ത്തിയത്. സെപ്റ്റംബര്‍ 28നാണ് കൊക്കകോളയെ അവതരിപ്പിച്ചത്. ഇപ്പോള്‍ ഗാലറിയിലും കാലിക്കറ്റ് എഫ്.സിക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്.
നേരത്തെ കാലിക്കറ്റ് എഫ്.സി കൊക്കകോളയെ പാര്‍ട്ണറായി അവതരിപ്പിച്ച പോസ്റ്റിന് താഴെ നിരവധി ഫലസ്തീന്‍ അനുകൂലികള്‍ പ്രതിഷേധം അറിയിക്കുകയും ക്ലബ്ബിനുള്ള തങ്ങളുടെ പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഇതോടെ ക്ലബ്ബ് തങ്ങളുടെ പോസ്റ്റിന് കമന്റ് ഇടാനുള്ള ഓപ്ഷന്‍ ഒഴിവാക്കുകയായിരുന്നു. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ പോസ്റ്റിന് കമന്റ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍, ഫേസ്ബുക്കില്‍ കമന്റ് ബോക്സ് ഇപ്പോഴും സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ മറ്റ് പോസ്റ്റുകള്‍ക്കും കമന്റ് ചെയ്യാന്‍ കഴിയുന്നുണ്ട്.
അതേസമയം, കോഴിക്കോട് ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കാലിക്കറ്റ് എഫ്.സി തൃശൂര്‍ മാജിക് എഫ്.സിയോട് പരാജയപ്പെടുകയായിരുന്നു. മൈല്‍സണ്‍ ആല്‍വസിന്റെ ഗോളിന്റെ പിന്‍ബലത്തിലാണ് തൃശൂര്‍ വിജയത്തിലെത്തിയത്.
Content Highlight: Pro-Palestinian fans protest against Calicut FC