15 തവണ ജനപ്രതിനിധിയായവളെ തോല്‍പ്പിച്ച് ഫലസ്തീന്‍ അനുകൂല കുടിയേറ്റക്കാരി; കൊളറാഡോയില്‍ വന്‍ അട്ടിമറി
World News
15 തവണ ജനപ്രതിനിധിയായവളെ തോല്‍പ്പിച്ച് ഫലസ്തീന്‍ അനുകൂല കുടിയേറ്റക്കാരി; കൊളറാഡോയില്‍ വന്‍ അട്ടിമറി
ആദര്‍ശ് എം.കെ.
Thursday, 2nd July 2026, 3:52 pm

 

കൊളറാഡോ: അമേരിക്കന്‍ രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് കൊളറാഡോയിലെ ഡെമോക്രാറ്റിക് പ്രൈമറി തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയവുമായി ഫലസ്തീന്‍ അനുകൂല കുടിയേറ്റക്കാരിയായ മെലറ്റ് കിറോസ്.

30 വര്‍ഷത്തെ നീണ്ട രാഷ്ട്രീയ പാരമ്പര്യമുള്ള, 15 തവണ ജനപ്രതിനിധിയായിരുന്ന ഡയാന ഡിഗെറ്റിനെയാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിയായ കിറോസ് പരാജയപ്പെടുത്തിയത്.

താന്‍ ജനിക്കുന്നതിനും മുന്‍പ് കോണ്‍ഗ്രസ് അംഗമായി മാറിയ മുതിര്‍ന്ന നേതാവ് ഡിഗെറ്റിനെയാണ് 29 വയസ് മാത്രം പ്രായമുള്ള കിറോസ് വീഴ്ത്തിയത്. കൊളറാഡോയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വം മുഴുവന്‍ ഡിഗെറ്റിനെ പിന്തുണച്ചിട്ടും, വോട്ടര്‍മാരുടെ ശക്തമായ പിന്തുണയോടെ 51.3% വോട്ടുകള്‍ നേടിയാണ് കിറോസ് വിജയം ഉറപ്പിച്ചത്.

നന്നേ ചെറുപ്പത്തില്‍ എത്യോപ്യയില്‍ നിന്നും കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ ആളാണ് കിറോസ്. കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ അഭിഭാഷകയായിരുന്ന ഇവര്‍, ഇപ്പോള്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയാണ്. ഡെന്‍വറിലെ ജനങ്ങളുടെ ജീവിതച്ചെലവ് വര്‍ധിക്കുന്നതിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് ഇവര്‍ ജനശ്രദ്ധ നേടിയത്.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് തുറന്നുപറഞ്ഞ നേതാവാണ് കിറോസ്. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണങ്ങള്‍ക്ക് ശേഷം ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കത്തെഴുതിയതിന്റെ പേരില്‍ ന്യൂയോര്‍ക്കിലെ പ്രമുഖ ലോ ഫേമിലെ അഭിഭാഷക ജോലിയില്‍ നിന്ന് ഇവരെ പുറത്താക്കിയിരുന്നു.

ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി നിലപാടുകളെ ഇവര്‍ ശക്തമായി വിമര്‍ശിക്കുന്നു.

ഇസ്രഈല്‍ അനുകൂല ലോബിയിങ് ഗ്രൂപ്പായ ഐപാക്കില്‍ നിന്നും മറ്റ് വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്നും ഡിഗെറ്റ് വന്‍തോതില്‍ (1.6 മില്യണ്‍ ഡോളറിലധികം) ഫണ്ട് കൈപ്പറ്റിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കിറോസിന്റെ പ്രചാരണം.

ഞാന്‍ ആരുടെയും പണം വാങ്ങി നിലപാടുകള്‍ മാറ്റില്ലെന്നും അധികാരത്തിലിരിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് വഴങ്ങില്ലെന്നും വിജയത്തിന് പിന്നാലെ കിറോസ് പറഞ്ഞു.

പ്രമുഖ യു.എസ് സെനറ്റര്‍ ബേര്‍ണി സാന്‍ഡേഴ്‌സ് കിറോസിനെ അഭിനന്ദിക്കുകയും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

ന്യൂയോര്‍ക്കില്‍ സോഹ്റാന്‍ മംദാനിയുടെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് നേതാക്കള്‍ നേടിയ വിജയത്തിന് സമാനമായാണ് ഈ മുന്നേറ്റത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. തുടക്കത്തില്‍ പാര്‍ട്ടി നേതൃത്വം മടിച്ചുനിന്നെങ്കിലും, ഒടുവില്‍ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി കിറോസിന്റെ ജനസ്വാധീനം അംഗീകരിക്കുകയായിരുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പരമ്പരാഗതമായി വന്‍ സ്വാധീനമുള്ള മേഖലയായതിനാല്‍ (ഡീപ്പ് ബ്ലൂ ഡിസ്ട്രിക്ട്), വരാനിരിക്കുന്ന നവംബറിലെ പൊതുതെരഞ്ഞെടുപ്പിലും വിജയിച്ച് മേലത്ത് കിറോസ് വാഷിങ്ടണിലെ യു.എസ് കോണ്‍ഗ്രസില്‍ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

 

Content Highlight: Pro-Palestine immigrant Melet Kiros ousted a 30-year veteran in the Colorado Democratic primary.

 

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.