ഇസ്രഈല്‍ അനുകൂല എ.ഐ നിര്‍മ്മാണം: പ്രതിഷേധിച്ച ജീവനക്കാരനെ പിരിച്ചുവിട്ട് ഗൂഗിള്‍; നിയമനടപടിക്കൊരുങ്ങി എ.ഐ എഞ്ചിനീയര്‍
World
ഇസ്രഈല്‍ അനുകൂല എ.ഐ നിര്‍മ്മാണം: പ്രതിഷേധിച്ച ജീവനക്കാരനെ പിരിച്ചുവിട്ട് ഗൂഗിള്‍; നിയമനടപടിക്കൊരുങ്ങി എ.ഐ എഞ്ചിനീയര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st May 2026, 11:53 am

ലണ്ടന്‍: ഇസ്രഈല്‍ സര്‍ക്കാരുമായുള്ള ഗൂഗിളിന്റെ സാങ്കേതിക പങ്കാളിത്തത്തേയും, സൈനിക ആവശ്യങ്ങള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിനേയും വിമര്‍ശിച്ചതിന്റെ പേരില്‍ ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടതായി ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിലെ എ.ഐ എഞ്ചിനീയര്‍.

ലണ്ടനിലെ ഗൂഗിള്‍ ഡീപ്പ് മൈന്‍ഡ് ഓഫീസില്‍ ഇസ്രഈല്‍ വിരുദ്ധ ഉള്ളടക്കമുള്ള ലഘുലേഖകള്‍ വിതരണം ചെയ്‌തെന്ന് ആരോപിച്ചാണ് തന്നെ പിരിച്ചുവിട്ടതെന്ന് മുന്‍ ജീവനക്കാരന്‍ വെളിപ്പെടുത്തി.

കമ്പനിയുടെ നടപടി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി യു.കെയിലെ എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലില്‍ ഇദ്ദേഹം കേസ് ഫയല്‍ ചെയ്തതായി ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തു.

ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ ലണ്ടന്‍ ഓഫീസുകളിലുടനീളം ഇദ്ദേഹം വിതരണം ചെയ്ത ഫ്‌ലയറുകളില്‍ (ലഘുലേഖകളില്‍) ഗൂഗിളിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നത്.

‘വംശഹത്യ നടത്തുന്ന ശക്തികള്‍ക്ക് ഗൂഗിള്‍ സൈനിക എ.ഐ നല്‍കുന്നു’ എന്ന് ലഘുലേഖകളില്‍ അദ്ദേഹം കുറിച്ചിരുന്നു. ഇതിനുപുറമെ, നാം വാങ്ങുന്ന ഉയര്‍ന്ന ശമ്പളം നിരപരാധികളായ മനുഷ്യരുടെ ജീവന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നില്‍ നിന്നാണോ വരുന്നത് എന്ന് ചിന്തിക്കണമെന്ന് സഹപ്രവര്‍ത്തകര്‍ക്ക് അയച്ച മെയിലില്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള നിരീക്ഷണ സംവിധാനങ്ങളോ, മനുഷ്യര്‍ക്ക് ദോഷം ചെയ്യുന്ന ആയുധങ്ങളോ നിര്‍മ്മിക്കില്ലെന്ന വാഗ്ദാനം 2025-ല്‍ ഗൂഗിള്‍ നല്‍കിയിരുന്നു. എന്നാല്‍ സ്വന്തം തത്വങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള കമ്പനിയുടെ പുതിയ നീക്കങ്ങളെ അദ്ദേഹം കത്തിലൂടെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

ഒപ്പം, കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് യൂണിയന്റെ ശാഖയായ ‘യുണൈറ്റഡ് ടെക് ആന്‍ഡ് അലൈഡ് വര്‍ക്കേഴ്‌സില്‍’ ചേരാന്‍ അദ്ദേഹം സഹപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ഈ സംഭവങ്ങള്‍ക്ക് പിന്നാലെ കമ്പനി മാനേജറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സെപ്റ്റംബറില്‍ ഇദ്ദേഹത്തെ പുറത്താക്കിയത്. എന്നാല്‍, താന്‍ ഒരു വിസില്‍ബ്ലോവര്‍ ആയിട്ടാണ് പ്രവര്‍ത്തിച്ചതെന്നും യുദ്ധക്കുറ്റകൃത്യങ്ങളില്‍ ആരും പങ്കാളികളാകരുതെന്ന തന്റെ നിര്‍ദേശത്തോട് ഗൂഗിള്‍ മുഖംതിരിച്ചെന്നും ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച പരാതിയില്‍ ജീവനക്കാരന്‍ ആരോപിച്ചു.

അതേസമയം, ഈ സംഭവങ്ങളെക്കുറിച്ചുള്ള ജീവനക്കാരന്റെ വാദങ്ങള്‍ തെറ്റാണെന്നായിരുന്നു ഗൂഗിള്‍ ഡീപ്പ് മൈന്‍ഡ് വക്താവിന്റെ പ്രതികരണം. അദ്ദേഹം സ്വയം രാജിവെക്കുകയായിരുന്നു എന്നാണ് ഗൂഗിള്‍ പറഞ്ഞത്. എന്നാല്‍ എഞ്ചിനീയര്‍ ഈ വാദം നിഷേധിച്ചിട്ടുണ്ട്.

ലോകത്തെ മുന്‍നിര എ.ഐ ഗവേഷണ ലാബായ ഡീപ്പ് മൈന്‍ഡിലെ ജോലി തന്റെ സ്വപ്നം ആയിരുന്നുവെന്നും എന്നാല്‍ ഗൂഗിള്‍ സൈനിക ആവശ്യങ്ങള്‍ക്കായി കൂടുതല്‍ കരാറുകളില്‍ ഒപ്പുവെക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞെന്നും ജീവനക്കാര്‍ ദി ഗാര്‍ഡിയനോട് പ്രതികരിച്ചു.

‘നിങ്ങള്‍ എല്ലാ ദിവസവും ഓഫീസില്‍ കയറിച്ചെല്ലുമ്പോള്‍ മനുഷ്യത്വത്തെയും നിങ്ങളുടെ സ്വന്തം ജനങ്ങളെയും വഞ്ചിക്കുകയാണെന്ന് തോന്നും. മാനസികമായി അത് ഭയാനകമായ ഒരു അവസ്ഥയായിരുന്നു,’ ഫലസ്തീന്‍ വംശജനായ അദ്ദേഹം പറഞ്ഞു.

കമ്പനി നയങ്ങള്‍ക്ക് അനുസൃതമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന്റേയോ, ക്രിയാത്മകമായ സംവാദങ്ങളില്‍ ഏര്‍പ്പെടുന്നതിന്റേയോ പേരിലോ, യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിന്റെ പേരിലോ ജീവനക്കാരെ പിരിച്ചുവിടാറില്ല എന്നാണ് ഗൂഗിളിന്റെ പൊതുവായ നിലപാട്.

എന്നാല്‍ ദേശീയ സര്‍ക്കാരുകളുടെ പ്രതിരോധ, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഗൂഗിള്‍ തങ്ങളുടെ എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അനുവദിക്കുന്നതില്‍ ഗൂഗിളിലെ നിരവധി ജീവനക്കാര്‍ ആശങ്കാകുലരാണ്.

ഇസ്രഈല്‍ സര്‍ക്കാരുമായി ഗൂഗിളും ആമസോണും സംയുക്തമായി ഒപ്പുവെച്ച 1.2 ബില്യണ്‍ ഡോളറിന്റെ ‘പ്രൊജക്റ്റ് നിംബസ്’ ക്ലൗഡ് കമ്പ്യൂട്ടിങ്, എ.ഐ കരാറിനെതിരെ കമ്പനിക്കുള്ളില്‍ വലിയ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 2024ല്‍ മാത്രം ഇത്തരം വിയോജിപ്പുകള്‍ പ്രകടിപ്പിച്ച ഡസന്‍ കണക്കിന് ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടിരുന്നു.

2023 മുതല്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ സൈനിക നീക്കം വംശഹത്യയ്ക്ക് തുല്യമാണെന്ന ആരോപണങ്ങള്‍ക്കിടയിലാണ് ഈ കരാറുകള്‍ കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുന്നത്.

ഗസ സംഘര്‍ഷത്തിനിടെ, ഇസ്രഈലിന്റെ നാഷണല്‍ സൈബര്‍ ഡയറക്ടറേറ്റ് തലവനായ ഗാബി പോര്‍ട്ട്നോയ് ഈ പ്രൊജക്റ്റിനെ പരസ്യമായി പ്രശംസിച്ചിരുന്നു. യുദ്ധത്തില്‍ ‘അസാധാരണമായ കാര്യങ്ങള്‍’ സാധ്യമാക്കാന്‍ ഈ സംവിധാനം സഹായിച്ചുവെന്നും അത് വിജയത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്.

മാത്രമല്ല, ഒക്ടോബറില്‍ പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2021ല്‍ ഒപ്പുവെച്ച ഈ കരാറിലെ വ്യവസ്ഥകള്‍ കടുത്ത നിബന്ധനകളുള്ളതാണ്. ഗൂഗിളിന്റെയും ആമസോണിന്റെയും സേവന വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ പോലും, ഇസ്രഈലിന് നല്‍കുന്ന സേവനങ്ങള്‍ റദ്ദാക്കാനോ തടയാനോ കമ്പനികള്‍ക്ക് അവകാശമില്ലെന്ന് ഈ കരാര്‍ പറയുന്നു.

ജീവനക്കാരുടെയോ ഓഹരി ഉടമകളുടെയോ ആക്ടിവിസ്റ്റുകളുടെയോ സമ്മര്‍ദത്തിന് വഴങ്ങി ഇരു കമ്പനികളും ഇസ്രഈലുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് തടയുന്ന വകുപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു.

2025ല്‍ ഗൂഗിളിന്റെ എ.ഐ തത്വങ്ങളില്‍ വരുത്തിയ മാറ്റങ്ങളാണ് ജീവനക്കാരുടെ പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടിയത്. കമ്പനി വൃത്തങ്ങളില്‍ നിന്നുള്ള വിവരമനുസരിച്ച്, ഈ നയപരമായ മാറ്റത്തില്‍ പ്രതിഷേധിച്ച് കുറഞ്ഞത് 10 പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെങ്കിലും ഡീപ്പ് മൈന്‍ഡില്‍ നിന്നും ഇതിനകം രാജിവെച്ചിട്ടുണ്ട്.

‘എ.ഐ സാങ്കേതികവിദ്യ മനുഷ്യരാശിയുടെ നന്മയ്ക്കായിരിക്കുമെന്ന കമ്പനിയുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് വലിയ പ്രതീക്ഷകളോടെയാണ് ആദ്യകാല ഗവേഷകര്‍ ഇവിടെ ജോലി തുടങ്ങിയത്. എന്നാല്‍, എ.ഐ വിജയകരമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും അതിന് വലിയ വിപണി മൂല്യം വരികയും ചെയ്തതോടെ കാര്യങ്ങള്‍ മാറി. ഇപ്പോള്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഭേദമാക്കുന്നതിനേക്കാള്‍, യുദ്ധം പോലുള്ള ധാര്‍മ്മികതയില്ലാത്ത ആവശ്യങ്ങള്‍ക്കാണ് കമ്പനി മുന്‍ഗണന നല്‍കുന്നത്. ഇതില്‍ വലിയൊരു വിഭാഗം ഗവേഷകരും കടുത്ത നിരാശരിലാണ്, ‘ഡീപ്പ് മൈന്‍ഡിലെ ഒരു ജീവനക്കാരന്‍ ദി ഗാര്‍ഡിയനോട് പറഞ്ഞു.

എല്ലാ സാഹചര്യങ്ങളിലും സൈന്യത്തില്‍ എ.ഐ ഉപയോഗിക്കുന്നതിനെയല്ല ജീവനക്കാര്‍ എതിര്‍ക്കുന്നത്, മറിച്ച് ജനാധിപത്യ വിരുദ്ധ ശക്തികള്‍ അതിനെ ദുരുപയോഗം ചെയ്യുന്നതിനെ കൂടിയാണ്. യു.എസില്‍ ഉള്‍പ്പെടെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ ശാക്തീകരിക്കുന്നതിനും നിരീക്ഷണങ്ങള്‍ക്കുമായി എ.ഐ ഉപയോഗിക്കപ്പെടുമെന്ന ഭയം ജീവനക്കാര്‍ക്കുണ്ട്.

യു.എസ് ഭരണകൂടം കമ്പനിയുടെ എ.ഐ സാങ്കേതികവിദ്യ രഹസ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ഗൂഗിളിലെ നൂറുകണക്കിന് തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. സാങ്കേതികവിദ്യ മനുഷ്യത്വരഹിതമായതോ അങ്ങേയറ്റം ദോഷകരമായതോ ആയ രീതിയില്‍ ഉപയോഗിക്കുന്നതിന് പകരം മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കണമെന്നാണ് അവരുടെ ആവശ്യം.

Content Highlight: Pro-Israel AI Development: Google Fires Employee for Protesting; AI Engineer Prepares for Legal Action