ഇനി കഴിച്ച മന്തിയുടെ പണവും നല്‍കണോ? ആത്മഹത്യ ചെയ്യേണ്ടി വന്ന കോണ്‍ഗ്രസ് നേതാവിന്റെ മരുമകള്‍ക്കെതിരെ സൈബറാക്രമണവുമായി അണികള്‍
Kerala News
ഇനി കഴിച്ച മന്തിയുടെ പണവും നല്‍കണോ? ആത്മഹത്യ ചെയ്യേണ്ടി വന്ന കോണ്‍ഗ്രസ് നേതാവിന്റെ മരുമകള്‍ക്കെതിരെ സൈബറാക്രമണവുമായി അണികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th September 2025, 5:45 pm

ബത്തേരി: ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ മരുമകള്‍ പത്മജയ്‌ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവുമായി കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകള്‍. ബാധ്യത തീര്‍ക്കാനുള്ള കറാറില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറിയെന്ന വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ സൈബര്‍ ആക്രമണമുണ്ടാകുന്നത്.

ടി. സിദ്ദിഖ് എം.എല്‍.എ അടക്കമുള്ളവര്‍ക്കെതിരെ പത്മജ ആരോപണമുന്നയിച്ചിരുന്നു. കോണ്‍ഗ്രസിനെ ഇനി വിശ്വസിക്കില്ലെന്നും നേതൃത്വം തങ്ങളെ വഞ്ചിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. രണ്ടര കോടിയോളം ബാധ്യതയുണ്ടെന്നും എന്നാല്‍ 30 ലക്ഷമാണ് കോണ്‍ഗ്രസ് നല്‍കിയതെന്നും ഇവര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഇവര്‍ കൈഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. കൊലയാളി കോണ്‍ഗ്രസേ, നിനക്കിതാ ഒരു ഇര കൂടി’ എന്ന് കുറിപ്പെഴുതി വെച്ചുകൊണ്ടായിരുന്നു ഇവരുടെ ആത്മഹത്യാ ശ്രമം. ഇതെല്ലാം കാരണം പാര്‍ട്ടി സമ്മര്‍ദത്തിലായ സാഹചര്യത്തിലാണ് അണികള്‍ പത്മജയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയത്.

‘സരിതക്ക് ശേഷം സി.പി.ഐ.എമ്മിന്റെ അടുത്ത ഇറക്കുമതി’, ‘മരുമകളോട് നയിച്ച് തിന്നാന്‍ പറയ്’, ‘ ഇനിയിപ്പോള്‍ നിങ്ങള്‍ മന്തി തിന്ന പൈസ കൂടി പാര്‍ട്ടി തരേണ്ടി വരുമോ’, ‘ബാക്കി തുക സി.പി.ഐ.എം തരാമെന്ന് പറഞ്ഞിട്ടില്ലേ, തത്കാലം ഇനി അവരുടെ മരുമകളായി പോകൂ’ തുടങ്ങി നിരവധി അധിക്ഷേപ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

അതേസമയം, എന്‍.എം. വിജയന്റെ ബാധ്യതകളേറ്റെടുക്കാന്‍ സി.പി.ഐ.എം തയ്യാറാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജന്‍ പറഞ്ഞിരുന്നു. വിജയന്റെ കുടുംബം ആവശ്യപ്പെട്ടാല്‍ തങ്ങളാല്‍ കഴിയുന്ന സഹായമെല്ലാം പാര്‍ട്ടി ചെയ്യുമെന്ന് ജയരാജന്‍ വ്യക്തമാക്കി.

നേരത്തെ എന്‍.എം. വിജയന്റെ കുടുംബത്തെ സഹായിക്കുമെന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിച്ചിട്ടുള്ളതെന്നും ഇപ്പോഴും അതേ നിലപാട് തന്നെയാണ് പാര്‍ട്ടിക്കുള്ളതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

‘അന്ന് പറഞ്ഞ അതേ നിലപാട് തന്നെയാണ് ഞങ്ങള്‍ക്ക് ഇപ്പോഴുമുള്ളത്. കോണ്‍ഗ്രസുകാര്‍ സഹായിക്കുന്നില്ലെങ്കില്‍, ആ കുടുംബം ആവശ്യപ്പെടുകയാണെങ്കില്‍ ഞങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുമെന്ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി നേരത്തെ പറഞ്ഞിട്ടുണ്ട്. ആ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്.

ഞങ്ങള്‍ ഈ കുടുംബത്തെ സഹായിക്കില്ല എന്ന് കോണ്‍ഗ്രസുകാര്‍ ആദ്യം പറയട്ടെ. തിരുവഞ്ചൂര്‍ പറയുന്ന വഞ്ചനയാണ് കോണ്‍ഗ്രസിന്റെ തനിനിറമെങ്കില്‍ ഞങ്ങള്‍ ഈ കുടുംബത്തെ സഹായിക്കില്ല എന്ന് കെ.പി.സി.സി പ്രസഡന്റ് തുറന്നുപറയട്ടെ. അങ്ങനെ കോണ്‍ഗ്രസ് പറഞ്ഞാല്‍, ആ കുടുംബത്തോട് സ്നേഹമുള്ള മനുഷ്യസ്നേഹികള്‍ ഒത്തുകൂടും. അക്കാര്യത്തില്‍ ഒരു സംശയവുമില്ല,’ ജയരാജന്‍ പറഞ്ഞു.

അതേസമയം, എന്‍.എം. വിജയന്റെ കുടുംബവുമായി കോണ്‍ഗ്രസിന് കരാറുണ്ടെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ശബ്ദരേഖ പുറത്തുവന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ടി. സിദ്ദീഖ് എം.എല്‍.എ, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ കുടുംബം പരാതി ഉയര്‍ത്തുന്നതാണ് ശബ്ദരേഖയിലുള്ളത്.

 

Content Highlight: Pro-Congress profiles launch severe cyber attacks against Padmaja, the daughter-in-law of N.M. Vijayan, who committed suicide.