ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വമ്പന്‍ വിജയമാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. 54 റണ്‍സിന് ശ്രേയസ് അയ്യരും സംഘവും സീസണിലെ തങ്ങളുടെ അഞ്ചാം വിജയം ആഘോഷിച്ചത്.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് ലഖ്‌നൗവിനെതിരെ അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് പ്രിയാന്‍ഷ് ആര്യയുടെയും കൂപ്പര്‍ കനോലിയുടെയും വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലാണ് വലിയ ടോട്ടല്‍ നേടിയത്. പ്രിയാന്‍ഷ് ആര്യ 37 പന്തില്‍ നിന്നും നാല് ഫോറും ഒമ്പത് കൂറ്റന്‍ സിക്സും ഉള്‍പ്പെടെ 93 റണ്‍സ് നേടിയാണ് തിളങ്ങിയത്. 251.35 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്.
ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് പ്രയാന്‍ഷ് ആര്യ. ഐ.പി.എല്ലില്‍ 200+ ടീം ടോട്ടലില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് നേടുന്ന താരമെന്ന നേട്ടമാണ് പ്രിയാന്‍ഷ് സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയെ മറികടന്നാണ് പ്രയാന്‍ഷ് ഈ നേട്ടത്തിലെത്തിയത്.
BREATHTAKING. BRUTAL. BRILLIANT. 🌪️
Priyansh Arya is the Player of the Match for his phenomenal 93 (37)! 🫡
ഐ.പി.എല്ലില്‍ 200+ ടീം ടോട്ടലില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് നേടുന്ന താരം
പ്രിയാന്‍ഷ് ആര്യ – 227
അഭിഷേക് ശര്‍മ – 221
നിക്കോളാസ് പൂരന്‍ – 220
ആന്ദ്രേ റസല്‍ – 215
ടിം ഡേവിഡ് – 209
പ്രിയാന്‍ഷിന് പുറമെ കനോലി 46 പന്തില്‍ ആറ് ഫോറും ഏഴ് സിക്സും അടക്കം 87 റണ്‍സും അടിച്ചെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശശാങ്ക് സിങ്ങും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് ടീം ടോട്ടല്‍ 250 കടത്തുകയായിരുന്നു. സ്റ്റോയിനിസ് 29 റണ്‍സും ശശാങ്ക് 17 റണ്‍സും നേടി.
എല്‍.എല്‍.ജിയുടെ ബൗളിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത് പ്രിന്‍സ് യാദവ് മാത്രമാണ്. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. എം. സിദ്ധാര്‍ത്ഥും രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് ഷമി, മൊഹ്‌സിന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
എല്‍.എസ്.ജി നിരയില്‍ 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റിഷബ് പന്താണ് ടോപ് സ്‌കോറര്‍. ഒരു ഫോറും നാല് സിക്സുകളുമാണ് പന്ത് നേടിയത്. എയ്ഡന്‍ മര്‍ക്രം 42 റണ്‍സും മിച്ചല്‍ മാര്‍ഷ് 40 റണ്‍സും ആയുഷ് ബദോനി 38 റണ്‍സും നേടി.
കൃത്യമായ ഇടവേളകളില്‍ പഞ്ചാബ് ബൗളര്‍മാര്‍ വിക്കറ്റുകള്‍ നേടിയത് എല്‍.എസ്.ജിക്ക് തിരിച്ചടിയായി. പഞ്ചാബിനായി മാര്‍ക്കോ യാന്‍സന്‍ രണ്ട് വിക്കറ്റും വൈശാഖ് വിജയകുമാര്‍, അര്‍ഷദീപ് സിങ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഏപ്രില്‍ 22നാണ് ലഖ്‌നൗവിന്റെ അടുത്ത മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. ഏപ്രില്‍ 25ന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും അടുത്ത മത്സരം.
Content Highlight: Priyansh Arya In Great Record Achievement In IPL