ഇതൊരു ചാരവൃത്തി ആപ്പാണെന്നും സര്‍ക്കാര്‍ രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് കൊണ്ടുപോവുകയാണെന്നും പ്രിയങ്ക പറഞ്ഞു. പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
‘ മാധ്യമങ്ങള്‍ ഇതിനെ ഒരു ചാരവൃത്തി ആപ്പെന്നാണ് വിളിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ക്കറിയാം ഇതെന്താണെന്ന്. വ്യക്തികളുടെ സ്വകാര്യതയിലേക്കാണിത് നുഴഞ്ഞുകയറുന്നത്. എല്ലാ പൗരന്‍മാര്‍ക്കും സ്വകാര്യതയ്ക്ക് അവകാശമുണ്ട്, സര്‍ക്കാര്‍ നിരീക്ഷിക്കാതെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സന്ദേശങ്ങള്‍ അയക്കാനുള്ള അവകാശമുണ്ട്’, പ്രിയങ്ക പറഞ്ഞു.
മൊബൈല്‍ഫോണിലേക്ക് നുഴഞ്ഞ് കയറുക മാത്രമല്ല രാജ്യത്തെയൊന്നാകെ സ്വേച്ഛാധിപത്യത്തിലേക്ക് കൊണ്ടുപോവുകയാണ് കേന്ദ്രസര്‍ക്കാര്‍.
അവര്‍ ഒരു വിഷയത്തെക്കുറിച്ചും സംസാരിക്കാന്‍ തയ്യാറല്ല. അതുകൊണ്ട് തന്നെ പാര്‍ലമെന്റ് പോലും പ്രവര്‍ത്തിക്കുന്നില്ല.
‘സര്‍ക്കാര്‍ ഒരുകാര്യത്തിലും ചര്‍ച്ചയ്ക്ക് തയ്യാറല്ല. അത് ജനാധിപത്യമല്ല, ആരോഗ്യകരമായ ഒരു ജനാധിപത്യം ചര്‍ച്ചകള്‍ ആവശ്യപ്പെടുന്നുണ്ട്. എല്ലാവര്‍ക്കും കാഴ്ചപ്പാടുകളുണ്ട്. അത് കേള്‍ക്കണം,’ പ്രിയങ്ക ഗാന്ധി പറഞ്ഞു
തട്ടിപ്പുകള്‍ തടയുന്നതിനാണ് ആപ്പ് എന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് തട്ടിപ്പുകള്‍ തടയുന്നതിന് മറ്റ് സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്നും അതിനായി പൗരന്‍മാരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറേണ്ടതില്ലെന്നുമായിരുന്നു പ്രിയങ്കയുടെ മറുപടി.
ഒരു പൗരനും അതില്‍ സന്തുഷ്ടരാണെന്ന് താന്‍ കരുതുന്നില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.
ഇന്ത്യയില്‍ നിര്‍മിച്ചതും ഇനി നിര്‍മിക്കാന്‍ പോവുന്നതുമായ എല്ലാ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും സോഫ്റ്റ്വെയര്‍ അപ്പ്ഡേറ്റിലും ഉള്‍പ്പടുത്തണമെന്നുമാണ് ടെലികോം വകുപ്പിന്റെ ഉത്തരവ്.
ഇതിനായി 90 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയോ പ്രവര്‍ത്തന രഹിതമാക്കുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.
കമ്പനികള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ടെലി കമ്മ്യുണിക്കേഷന്‍ ആക്ട് 2023, ടെലികോം സൈബര്‍ സുരക്ഷ ആക്ട് 2024 മറ്റ് ആപ്ലിക്കേഷന്‍ ആക്ട് എന്നിവ പ്രകാരം നടപടിയെടുക്കുമെന്നും ടെലികോം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലവില്‍ ആപ്പിള്‍, സാംസങ്, ഗൂഗിള്‍, വിവോ, ഓപ്പോ, ഷവോമി തുടങ്ങിയ പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനികളെല്ലാം ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മാണം നടത്തുന്നത്.