'എനിക്ക് പറയാനുള്ളത് സത്യങ്ങള്‍ മാത്രം'; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കുറ്റപ്പെടുത്തി പ്രിയങ്കാ ഗാന്ധി; 'ഉഴപ്പന്മാരെ' കണ്ടെത്തും
D' Election 2019
'എനിക്ക് പറയാനുള്ളത് സത്യങ്ങള്‍ മാത്രം'; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കുറ്റപ്പെടുത്തി പ്രിയങ്കാ ഗാന്ധി; 'ഉഴപ്പന്മാരെ' കണ്ടെത്തും
ന്യൂസ് ഡെസ്‌ക്
Thursday, 13th June 2019, 10:32 am

റായ്ബറേലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് ജനറല്‍ ക്രെട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പിന് ശേഷം റായ്ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം എത്തിയ പ്രിയങ്കാ ഗാന്ധി റാലിക്കിടെയാണ് പ്രവര്‍ത്തകരെ കുറ്റപ്പെടുത്തിയത്. സോണിയ ഗാന്ധിയുടെ മണ്ഡലത്തിലുണ്ടായ വിജയത്തിന് കാരണം പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം വോട്ടര്‍മാരുടെ ആത്മാര്‍ത്ഥത കൊണ്ടാണെന്നും പ്രിയങ്ക പറഞ്ഞു.

യു.പി.എ അധ്യക്ഷയെ തുടര്‍ച്ചയായ അഞ്ചാം തവണയും പാര്‍ലമെന്റിലേക്കയച്ച റായ്ബറേലിയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനാണ് പ്രിയങ്ക സോണിയക്കൊപ്പം മണ്ഡലത്തിലെത്തിയത്.

തെരഞ്ഞെടുപ്പില്‍ പ്രകടനം കാഴ്ച വക്കാതെ ‘ഉഴപ്പിയ’ പ്രവര്‍ത്തകരെ കണ്ടെത്തുമെന്നും യുപി പ്രവര്‍ത്തന ചുമതലകൂടിയുള്ള പ്രിയങ്ക മുന്നറിയിപ്പ് നല്‍കി.

‘എനിക്കിവിടെ യാതൊന്നും പ്രസംഗിക്കാനില്ല, പക്ഷേ ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ എനിക്ക് സത്യങ്ങള്‍ പറയണം. സത്യമെന്തെന്ന് വച്ചാല്‍ തെരഞ്ഞെടുപ്പില്‍ നമ്മുടെ വിജയം സോണിയ ഗാന്ധിയുടെ പ്രവര്‍ത്തനവും റായ്ബറേലിയിലെ വോട്ടര്‍മാരുടെ പങ്കാളിത്തവും കൊണ്ടുമാത്രാണ് എന്നതാണ്’, പ്രിയങ്ക പറഞ്ഞു.

ആരൊക്കെ പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചെന്ന് എല്ലാവര്‍ക്കുമറിയാം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് ആരൊക്കെ മാറിനിന്നു എന്നത് കണ്ടെത്തുമെന്നും പ്രിയങ്ക പറഞ്ഞു.

അതേസമയം, 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ റായ്ബറേലിയില്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടി അവലേകന യോഗത്തിലാണ് നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനവും പരാജയകാരണവും സംഘാടനത്തിലെ അപാകതകള്‍ കാരണമാണെന്ന് നേതാക്കള്‍ ആരോപിച്ചു. ഭാവിയില്‍ തെരഞ്ഞെടുപ്പുകളെ പാര്‍ട്ടി ഒറ്റയ്ക്ക് നേരിടണമെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു.

യോഗത്തില്‍, അടുത്ത ഉപതെരഞ്ഞെടുപ്പുകളുലേക്കും നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ പ്രിയങ്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതിരോധം തീര്‍ത്തുകൊണ്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധി എത്തണമെന്നും ആവശ്യപ്പെട്ടു. വരും തെരഞ്ഞെടുപ്പില്‍ സഖ്യ സഹായങ്ങളില്ലാതെ പാര്‍ട്ടി ഒറ്റയ്ക്ക മത്സരിക്കണമെന്ന ആവശ്യവും നേതാക്കള്‍ മുന്നോട്ടുവച്ചു’, കോണ്‍ഗ്രസ് നേതാവും മുന്‍ വരാണസി എം.പിയുമായ രാജേഷ് മിശ്ര പറഞ്ഞു.