തിരുവമ്പാടി: കോടഞ്ചേരിയിലെ ഡയറി ഫാം സന്ദർശനത്തിനിടെ ആലിയ ഭട്ട് എന്ന് പേരുള്ള ഒരു പശുവിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. സ്നേഹമുള്ളൊരു കുടുംബം നടത്തുന്ന ഡയറി ഫാമിൽ ഒരു കൂട്ടം ക്ഷീര കർഷകരെ കണ്ടുമുട്ടിയെന്നും ആലിയ ബട്ടെന്ന് പേരുള്ള ഒരു പശുവിനെ കണ്ടെന്നും അത് തന്നെ ആകർഷിച്ചെന്നുമായിരുന്നു പ്രിയങ്കയുടെ പോസ്റ്റ്. പോസ്റ്റിൽ നടിയെ പ്രിയങ്ക മെൻഷൻ ചെയ്തിട്ടുമുണ്ട്.
‘സ്നേഹമുള്ളൊരു കുടുംബത്തെയും ആലിയ ഭട്ടെന്ന് പേരുള്ള ഒരു ക്യൂട്ടായ പശുവിനെയും കണ്ടു. അവൾ ശരിക്കും സുന്ദരിയായിരുന്നു നടിയോട് ക്ഷമ ചോദിക്കുന്നു,’ പ്രിയങ്ക കൂട്ടിച്ചേർത്തു.
ക്ഷീരകർഷകർ നേരിടുന്ന ഗുരുതരമായ വെല്ലുവിളികളെ കുറിച്ചും പ്രിയങ്ക ഗാന്ധി പറഞ്ഞു. വെറ്റിനറി മരുന്നുകളുടെ വില വർധനവ്, ഇൻഷുറൻസ് പരിരക്ഷയുടെ അഭാവം, നിലവാരമുള്ള കാലിത്തീറ്റ ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ട് എന്നിവയുൾപ്പടെയുള്ള നിരവധി പ്രശ്നങ്ങൾ ക്ഷീരകർഷകർ നേരിടുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
‘ക്ഷീരകർഷകർ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയുന്നില്ല. വെറ്റിനറി മരുന്നുകളുടെ വർധിച്ച വില, ഇൻഷുറൻസ് പരിരക്ഷയുടെ അഭാവം, നിലവാരമുള്ള കാലിത്തീറ്റ ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ട് എന്നിവയുൾപ്പടെയുള്ള ഇവരുടെ നിരവധി പ്രശ്നങ്ങൾ ഞാൻ കേന്ദ്രത്തെ അറിയിക്കും,’ പ്രിയങ്ക ഗാന്ധി പറഞ്ഞു. കഴിയുന്നതെല്ലാം കർഷകർക്ക് ചെയ്തുകൊടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.