കോണ്‍ഗ്രസിന്റെ ബ്രഹ്മാസ്ത്രമായി പ്രിയങ്കാ ഗാന്ധി; രാഷ്ട്രീയ പ്രവേശനം നടത്തി ഒരു വര്‍ഷം കഴിയുമ്പോള്‍
national news
കോണ്‍ഗ്രസിന്റെ ബ്രഹ്മാസ്ത്രമായി പ്രിയങ്കാ ഗാന്ധി; രാഷ്ട്രീയ പ്രവേശനം നടത്തി ഒരു വര്‍ഷം കഴിയുമ്പോള്‍
ന്യൂസ് ഡെസ്‌ക്
Tuesday, 14th January 2020, 8:30 pm

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ചുമതലയേറ്റെടുത്ത് രാഷ്ട്രീയത്തില്‍ സജീവമായിട്ട് ഒരു വര്‍ഷമാവുകയാണ്. ഒരു വര്‍ഷത്തിനിടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രിയങ്ക ചെയ്ത കാര്യങ്ങള്‍ കേന്ദ്ര നേതൃത്വത്തില്‍പോലും പ്രതിഫലിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ഉത്തര്‍ പ്രദേശിന്റെ ചുമതലയേറ്റെടുത്തതിന് ശേഷം കോണ്‍ഗ്രസ് രാഷ്ട്രീയ പരിശീലന കളരിയുടെ അമരക്കാരിയായി മാറുകയായിരുന്നു പ്രിയങ്ക. പാര്‍ട്ടി നേതാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനുള്ള പരിപാടികളും അവര്‍ ആസൂത്രണം ചെയ്തു.

2022ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രാദേശിക നേതാക്കളെ പ്രായോഗിക രാഷ്ട്രീയത്തിലേക്ക് തയ്യാറാക്കുക എന്നതാണ് പ്രിയങ്ക പ്രാഥമികമായി ലക്ഷ്യം വെക്കുന്നത്. ഇതിനായി റായിബറേലിയില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിക്കാണ് ജനുവരി 16 മുതല്‍ തുടക്കമാവുക.

ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ, യോഗി സര്‍ക്കാരിനെ നേര്‍ക്കുനേര്‍ നിന്ന് പ്രതിരോധിക്കുന്ന പ്രതിപക്ഷ നിരയിലെ ചുരുക്കം ചിലരിലൊരാളായി പ്രിയങ്ക മാറിക്കഴിഞ്ഞു. പ്രായോഗിക രാഷ്ട്രീയത്തിലേക്ക് വൈകി കടന്നുവന്ന പ്രിയങ്ക പക്ഷേ, തന്റേതായ രീതികൊണ്ട് വളരെപ്പെട്ടന്നുതന്നെ ജന ശ്രദ്ധ പിടിച്ചുപറ്റുന്നതാണ് ഉത്തര്‍പ്രദേശില്‍നിന്നും കാണാന്‍ കഴിയുന്നത്.

തന്റെ സഹോദരനും കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷനുമായിരുന്ന രാഹുല്‍ഗാന്ധിയില്‍നിന്ന് വിഭിന്നമായാണ് പ്രിയങ്കയുടെ പ്രവര്‍ത്തനങ്ങളത്രയും. ഉത്തര്‍പ്രദേശില്‍ പെട്ടെന്നെന്തെങ്കിലും മാറ്റം വരുത്തുക എന്നതിനപ്പുറം ദീര്‍ഘ കാലത്തേക്കുള്ള പദ്ധതികളാണ് അവര്‍ വിഭാവനം ചെയ്യുന്നത്.

ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത പുതുവര്‍ഷ സന്ദേശങ്ങള്‍ ഒരുലക്ഷം പേര്‍ക്കയച്ചാണ് ടീം പ്രിയങ്ക വ്യത്യസ്തമാകുന്നത്. സമൂഹത്തിലെ എല്ലാത്തട്ടിലുമുള്ള ജനങ്ങളിലേക്ക് രാഷ്ട്രീയ സന്ദേശമയക്കുകയായിരുന്നു പ്രിയങ്ക ഇതിലൂടെ. സമാജ് വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്കും പ്രതിരോധം തീര്‍ത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലടക്കം കോണ്‍ഗ്രസിനെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് പ്രിയങ്കയുടെ ലക്ഷ്യം.

പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുമ്പോള്‍ എന്തുകൊണ്ടാണ് തങ്ങളുടെ വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ നിശബ്ദത പാലിക്കുന്നതെന്ന ചോദ്യം കോണ്‍ഗ്രസിനുള്ളില്‍നിന്നുതന്നെ ഉയരുന്നുണ്ട്. അതേസമയം, പ്രിയങ്കയാവട്ടെ, മറ്റൊന്നിനും കാത്തുനില്‍ക്കാതെ തെരുവില്‍ ജനങ്ങള്‍ക്കൊപ്പം പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു. പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളിലും പ്രിയങ്ക എത്തിയിരുന്നു.

വൈകിയ വേളയില്‍ കോണ്‍ഗ്രസ് പുറത്തെടുത്ത ബ്രഹ്മാസ്ത്രമായാണ് പ്രിയങ്കയെ എതിരാളികള്‍പ്പോലും വിശേഷിപ്പിക്കുന്നത്. ചുമതലയേറ്റെടുത്തതിന് പിന്നാലെത്തന്നെ പ്രിയങ്ക അടിത്തട്ടിലെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടാന്‍ തുടങ്ങിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രിയങ്ക ഉത്തര്‍പ്രദേശില്‍ സജീവമാണ്. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 403 മണ്ഡലങ്ങളിലും ജാതി സമവാക്യത്തിലൂന്നിയ പ്രവര്‍ത്തനങ്ങളിലൂടെ മുസ്ലിം വോട്ടുകളും ബ്രാഹ്മിണ്‍, ദളിത്, ഒ.ബി.സി വോട്ടുകളും നേടാനാണ് പ്രിയങ്കയുടെ ശ്രമം. ഇതിനായുള്ള പ്രിയങ്കയുടെ നീക്കമാണ് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഏറെ മികച്ചതെന്ന് വ്യക്തമാണ്. പരമ്പരാഗത വോട്ടുകള്‍ തിരിച്ചുപിടിച്ച് പഴയ പ്രതാപത്തിലേക്ക് കോണ്‍ഗ്രസിനെ ഉയര്‍ത്തുകയാണ് പ്രിയങ്ക ഏറ്റെടുത്തിരിക്കുന്ന ദൗത്യം.

തുടക്കക്കാരിയായ പ്രിയങ്കയ്ക്ക് ആദ്യ ഘട്ടമെന്ന നിലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൈവരിക്കാനായില്ല. യു.പിയില്‍നിന്നും കോണ്‍ഗ്രസിന്റെ ഒരു എം.പിമാത്രമാണ് പാര്‍ലമെന്റിലേക്കെത്തിയത്.

എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കുശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മികച്ച വിജയത്തിലേക്കെത്തിക്കാന്‍ അവര്‍ക്കായി. ലോക്സഭ തെരഞ്ഞെടുപ്പിലെ 6.25 വോട്ട് ശതമാനത്തില്‍ നിന്ന് 11.7 ശതമാനത്തിലേക്കാണ് കോണ്‍ഗ്രസ് വളര്‍ന്നത്. ബി.എസ്.പിയുടെ കോട്ടകളിലെല്ലാം തന്നെ കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം നേടി.

ബി.ജെ.പി നേതാവ് ചിന്മയാനന്ദിനെതിരായ ലൈംഗികാതിക്രമ കേസില്‍ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കോണ്‍ഗ്രസിനെ തയ്യാറെടുപ്പിച്ചത് പ്രിയങ്കയായിരുന്നു. സോന്‍ഭദ്ര കൂട്ടക്കൊലയില്‍ ഇരകള്‍ക്കൊപ്പം നിന്നതും അവരുടെ രാഷ്ട്രീയ പ്രതിച്ഛായയുയര്‍ത്താന്‍ കാരണമായി.

ഉത്തര്‍പ്രദേശില്‍ ഇക്കാര്യങ്ങളില്‍ മാത്രമല്ലാതെ യോഗി ആദിത്യനാഥിനെ നേരിടാന്‍ പ്രത്യേക പദ്ധതികളും തന്നെ പ്രിയങ്ക തയ്യാറാക്കുന്നുണ്ട്. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും നേരിടാന്‍ ഛത്തീസ്ഗഡ് കോണ്‍ഗ്രസില്‍ നിന്നും മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലില്‍ നിന്നും പഠിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. ഇതിലൂടെ കോണ്‍ഗ്രസ് ഇടക്കെപ്പൊഴോ കൈമോശം വന്നുപോയ രാഷ്ട്രീയ അടിത്തറ തിരികെ പിടിക്കാനും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ