പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ ഹിന്ദുക്കളെന്ന് പറയാന്‍ നിർബന്ധിച്ച് ബി.ജെ.പി; ഇന്ത്യക്കാരെന്ന് പ്രിയങ്ക ഗാന്ധി
India
പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ ഹിന്ദുക്കളെന്ന് പറയാന്‍ നിർബന്ധിച്ച് ബി.ജെ.പി; ഇന്ത്യക്കാരെന്ന് പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th July 2025, 7:28 am

ന്യൂദല്‍ഹി: പഹല്‍ഗാം ആക്രമണം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ ലോക്‌സഭയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് വര്‍ഗീയ നിറം നല്‍കാനുള്ള ശ്രമങ്ങളെ പ്രിയങ്ക ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓരോ രക്തസാക്ഷിയെയും അനുസ്മരിക്കാന്‍ അവരുടെ പേരുകള്‍ സഭയില്‍ വായിച്ച കോണ്‍ഗ്രസ് എം.പിയോട് അവര്‍ ഹിന്ദുവാണെന്ന് കൂടി പറയൂ എന്ന് ബി. ജെ.പി എം.പിമാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടപ്പോള്‍ ഭാരതീയനെന്ന് പറഞ്ഞ് പ്രിയങ്ക തിരിച്ചടിക്കുകയായിരുന്നു.

പ്രിയങ്ക ഇത് പറഞ്ഞതിന് ശേഷം ഓരോ രക്തസാക്ഷിയുടെയും പേര് വായിക്കുമ്പോള്‍ ‘ഹിന്ദു’ എന്ന് ഒച്ചവെച്ച ബി.ജെ.പി അംഗങ്ങളെ ‘ഇന്ത്യന്‍’ എന്ന് അതിലും ഉച്ചത്തില്‍ പറഞ്ഞ് ഇന്‍ഡ്യ സഖ്യ എം.പിമാര്‍ നിശബ്ദരാക്കി. പ്രിയങ്ക ഗാന്ധി പത്ത് പേരുകള്‍ പറഞ്ഞപ്പോഴേക്കും ഹിന്ദു എന്ന് വിളിച്ചു പറയുന്നത് ബി. ജെ.പി എം.പിമാര്‍ നിര്‍ത്തി. എന്നാല്‍ ഓരോ പേരിന് ശേഷവും ഇന്ത്യന്‍ എന്ന് പ്രതിപക്ഷം വിളിച്ചുപറഞ്ഞു. സ്പീക്കര്‍ ഇത് വിലക്കിയെങ്കിലും ഇന്ത്യന്‍ എന്ന് പറയുന്നതില്‍ നിന്ന് അവര്‍ പിന്മാറിയിരുന്നില്ല. 25 പേരുകള്‍ തീരും വരെ അവര്‍ ഇന്ത്യന്‍ എന്ന് വിളിതുടര്‍ന്നു.

കേന്ദ്രമന്ത്രി ഗിരിരാജ് ഹിന്ദുവെന്ന് പറയാന്‍ പേടിയാണോ എന്ന് പ്രിയങ്കയോട് ചോദിച്ചപ്പോള്‍ രാവിലെയും സ്‌തോത്രം ചൊല്ലി വന്ന തന്നോടിത് വേണ്ടെന്ന് പ്രിയങ്ക മറുപടി നല്‍കി.

ആക്രമണത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സര്‍ക്കാരിനും മൗനമാണെന്നും കശ്മീര്‍ ശാന്തമാണെന്ന് പ്രചരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എങ്ങനെയാണ് ഇത്തരത്തിലൊരു ആക്രണം നടന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നില്ലെന്നും പകരം മന്ത്രിമാര്‍ മണിക്കൂറുകളോളമാണ് ദേശസുരക്ഷയെക്കുറിച്ച് വാചാലരാകുന്നതെന്നും പ്രിയങ്ക വിമര്‍ശിച്ചു.

‘കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്ന് എന്റെ അമ്മയുടെ കണ്ണീരിനെക്കുറിച്ച് സംസാരിച്ചു. അതിന് ഞാന്‍ ഉത്തരം നല്‍കണം. തീവ്രവാദികള്‍ എന്റെ അച്ഛനെ കൊന്നപ്പോള്‍ എന്റെ അമ്മയുടെ കണ്ണുനീര്‍ വീണു. ഇന്ന് പഹല്‍ഗാം ആക്രമണത്തിന്റെ ഇരകളായ ആ 26 പേരെക്കുറിച്ച് ഞാന്‍ സംസാരിക്കുമ്പോള്‍ അവരുടെ വേദന എനിക്ക് മനസിലാകുന്നത് അതുകൊണ്ടാണ്,’ പ്രിയങ്ക ഗാന്ധി പറഞ്ഞു.

ദേശീയ ദുരന്തങ്ങളെ രാഷ്ട്രീയ ചര്‍ച്ചാ വിഷയങ്ങളാക്കി ചുരുക്കുന്നുവെന്ന് ആരോപിച്ച് ഭരണകക്ഷിക്കെതിരെ പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. ഈ സര്‍ക്കാര്‍ എപ്പോഴും ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് രാജ്യത്തെ പൗരന്മാരോട് ഉത്തരവാദിത്തബോധമില്ല. സത്യം എന്തെന്നാല്‍ അവരുടെ ഹൃദയത്തില്‍ പൊതുജനങ്ങള്‍ക്ക് സ്ഥാനമില്ല. അവര്‍ക്ക് എല്ലാം രാഷ്ട്രീയവും പരസ്യവുമാണെന്നും പ്രിയങ്ക പറഞ്ഞു.

Content Highlight: Priyanka Gandhi criticizes government’s handling of Pahalgam attack in Lok Sabha