ബംഗാള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്രം വന്ദേമാതരം രാഷ്ട്രീയ വിഷയമാക്കുന്നു: പ്രിയങ്ക ഗാന്ധി
India
ബംഗാള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്രം വന്ദേമാതരം രാഷ്ട്രീയ വിഷയമാക്കുന്നു: പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th December 2025, 7:10 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന് ‘വന്ദേമാതരം’ രാഷ്ട്രീയ വിഷയമാക്കണം, കാരണം വരാനിരിക്കുന്ന പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പാണെന്ന് കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി പറഞ്ഞു.

വന്ദേമാതരവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിന് രണ്ട് കാരണങ്ങളാണുള്ളത്.
ഒന്ന് വരാനിരിക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വോട്ടുറപ്പിക്കുന്നതിന് വേണ്ടിയാണ്, മറ്റൊന്ന് രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന മറ്റു വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണെന്നും പ്രിയങ്ക കൂട്ടിചേര്‍ത്തു.

സ്വാതന്ത്ര്യ സമരത്തില്‍ പോരാടിയവര്‍ക്കും രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ചവര്‍ക്കുമെതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കുകയാണെന്നും എം.പി കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ തെരഞ്ഞെടുപ്പിന് വേണ്ടിയാണ് നിലകൊള്ളുന്നത് ഞങ്ങള്‍ രാജ്യത്തിന് വേണ്ടിയും, എത്ര തെരഞ്ഞെടുപ്പ് പരാജയപ്പെട്ടാലും ഞങ്ങളിവിടെയിരുന്ന് നിങ്ങള്‍ക്കും നിങ്ങളുടെ പ്രത്യയശാസ്ത്രത്തിനുമെതിരെ പോരാടും. രാജ്യത്തിനായി ഞങ്ങള്‍ പോരാടിക്കൊണ്ടിരിക്കും. നിങ്ങള്‍ക്ക് ഞങ്ങളെ തടയാനാവില്ല,’പ്രിയങ്ക പറഞ്ഞു.

വന്ദേമാതരത്തിന്റെ 150 ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു.

മുസ്‌ലിങ്ങള്‍ക്ക് അനിഷ്ടമാണെന്ന് മുഹമ്മദലി ജിന്ന വാദിച്ചപ്പോള്‍ മുസ്‌ലിം ലീഗിന് വേണ്ടി നെഹ്‌റു വന്ദേമാതരത്തെ വെട്ടികുറച്ചെന്നും വന്ദേഭാരതത്തിന്റെ 100 ാംവാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യം അടിയന്തരാവസ്ഥയിലായിരുന്നെന്നും മോദി വിമര്‍ശിച്ചു. 1937 ലെ സമ്മേളനത്തില്‍ വര്‍ഗീയ അജണ്ടയുടെ ഭാഗമായി ഗാനത്തെ അനാദരിച്ചു. ഹിന്ദു ദേവതകളെകുറിച്ചുള്ള ശ്ലോകങ്ങള്‍ ഒഴിവാക്കിയെന്നും പ്രധാന മന്ത്രി കുറ്റപ്പെടുത്തി.

Content Highlight: Priyanka Gandhi criticizes government for making ‘Vande Mataram’ a political issue due to upcoming Bengal elections