ബെംഗളൂരു: ഇന്ത്യയില്‍ രണ്ട് രാഷ്ട്രങ്ങള്‍ എന്ന ആശയം ആദ്യമായി ആവിഷ്‌കരിച്ചത് വിനായക് ദാമോദര്‍ സവര്‍ക്കറാണെന്ന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖാര്‍ഗെ. എക്സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മുഹമ്മദ് അലി ജിന്നയും മുസ്‌ലിം ലീഗും ദ്വിരാഷ്ട്രം എന്ന ആശയം സ്വീകരിക്കുന്നതിന് വളരെ മുമ്പുതന്നെ ഈ ആശയം ആദ്യമായി മുന്നോട്ട് വെച്ചത് സവര്‍ക്കര്‍ ആണെന്നും രാജ്യത്തെ ഭിന്നിപ്പിക്കേണ്ടത് തങ്ങളുടെ ആവശ്യമായ സവര്‍ക്കറുടെ പാര്‍ട്ടി അത് അംഗീകരിക്കുകയായിരുന്നുവെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.
സവര്‍ക്കറുടെ രചനകളെയും പ്രസംഗങ്ങളെയും പരാമര്‍ശിച്ചുകൊണ്ട് ഖാര്‍ഗെ തന്റെ വാദങ്ങളെ സാധൂകരിച്ചു.
‘1922ല്‍ എഴുതിയ ‘എസന്‍ഷ്യല്‍സ് ഓഫ് ഹിന്ദുത്വ’യില്‍, സവര്‍ക്കര്‍ ഹിന്ദുത്വത്തെ മതം കൊണ്ടല്ല, മറിച്ച് മാതൃരാജ്യം കൊണ്ടാണ് നിര്‍വചിക്കുന്നത്. ഇന്ത്യയെ ‘പിതൃഭൂമിയും പുണ്യഭൂമിയും’ എന്നാണ് സവര്‍ക്കര്‍ പറഞ്ഞത്.
ഇന്ത്യയില്‍ പരസ്പരം എതിര്‍പ്പ് പുലര്‍ത്തുന്ന രണ്ട് രാഷ്ട്രങ്ങളുണ്ട്. ഇന്ന് ഇന്ത്യ ഒരു ഏകീകൃതമായ രാഷ്ട്രമാണെന്ന് കരുതാന്‍ കഴിയില്ല. മറിച്ച്, ഇന്ത്യയില്‍ പ്രധാനമായും രണ്ട് രാഷ്ട്രങ്ങളുണ്ട്: ഹിന്ദുക്കളും മുസ്‌ലിങ്ങളും. 1937ല്‍ അഹമ്മദാബാദില്‍ നടന്ന ഹിന്ദു മഹാസഭയുടെ 19ാമത് സമ്മേളനത്തില്‍ സവര്‍ക്കര്‍ പറഞ്ഞതായിരുന്നു ഇത്.
‘മിസ്റ്റര്‍ ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തോട് എനിക്ക് യാതൊരു തര്‍ക്കവുമില്ല. നമ്മള്‍, ഹിന്ദുക്കള്‍, സ്വയം ഒരു രാഷ്ട്രമാണ്, ഹിന്ദുക്കളും മുസ്‌ലിങ്ങളും രണ്ട് രാഷ്ട്രങ്ങളാണെന്നത് ചരിത്രപരമായ ഒരു വസ്തുതയാണ്’ 1943ല്‍ നാഗ്പൂരില്‍ വെച്ച് സവര്‍ക്കര്‍ നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു,’ പ്രിയങ്ക് ഖാര്‍ഗെ കുറിച്ചു.
ഒരു രാഷ്ട്രവും രണ്ട് രാഷ്ട്രങ്ങളും എന്ന വിഷയത്തില്‍ പരസ്പരം എതിര്‍ക്കുന്നതിനുപകരം സവര്‍ക്കറും ജിന്നയും അതിനെക്കുറിച്ച് പൂര്‍ണമായ യോജിപ്പിലായിരുന്നുവെന്ന ബി.ആര്‍. അംബേദ്കറുടെ നിരീക്ഷണം ഉദ്ധരിച്ചുകൊണ്ട് ബി.ജെ.പി ഈ ചരിത്രം അംഗീകരിക്കുന്നുണ്ടോ എന്ന് ഖാര്‍ഗെ ചോദിച്ചു.
ഇരുവരും യോജിക്കുക മാത്രമല്ല, ഇന്ത്യയില്‍ മുസ്‌ലിം രാഷ്ട്രം, ഹിന്ദു രാഷ്ട്രം എന്നിങ്ങനെ രണ്ട് രാഷ്ട്രങ്ങളുണ്ടെന്ന് വാദിക്കുകയും ചെയ്തു. രണ്ട് രാഷ്ട്രങ്ങളും ജീവിക്കേണ്ട നിബന്ധനകളുടെയും വ്യവസ്ഥകളുടെയും കാര്യത്തില്‍ മാത്രമാണ് അവ വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.
C0ontent Highlight: Priyank Kharge says Savarkar was the first to propose the idea of two-nation