പാന്‍ ഇന്ത്യന്‍ എന്ന പദം ഉപയോഗിക്കുന്നത് നിര്‍ത്തണം; നമ്മളെല്ലാവരും ഇന്ത്യക്കാര്‍: പ്രിയാമണി
Indian Cinema
പാന്‍ ഇന്ത്യന്‍ എന്ന പദം ഉപയോഗിക്കുന്നത് നിര്‍ത്തണം; നമ്മളെല്ലാവരും ഇന്ത്യക്കാര്‍: പ്രിയാമണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th October 2025, 3:25 pm

അഭിനേതാക്കള്‍ക്ക് പാന്‍ ഇന്ത്യന്‍ ലേബല്‍ ആവശ്യമില്ലെന്ന് നടി പ്രിയാമണി. അഭിനേതാക്കളെ അങ്ങനെ വിളിക്കേണ്ടതില്ലെന്നും നമ്മളെല്ലാവരും ഇന്ത്യക്കാരാണെന്നും അവര്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസുമായുള്ള സംഭാഷണത്തിലാണ് പ്രിയാമണി ഇക്കാര്യം പറഞ്ഞത്.

‘പാന്‍ ഇന്ത്യ എന്ന പദം ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ഞാന്‍ കരുതുന്നു. നാമെല്ലാവരും അത്യന്തികമായി ഇന്ത്യക്കാരാണ്. ഈ പാന്‍ ഇന്ത്യ എന്താണ്? എനിക്ക് മനസിലാകുന്നില്ല. നിങ്ങള്‍ക്ക് എല്ലാ ഭാഷകളിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നു, അത് ഒരു നല്ല കാര്യമാണ്.

പക്ഷേ ബോളിവുഡില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്ക് വരുമ്പോള്‍ നിങ്ങള്‍ ഒരാളെ ‘പ്രാദേശിക നടന്‍’ എന്ന് വിളിക്കുന്നില്ല. വര്‍ഷങ്ങളായി, ഇരുവശത്തുമുള്ള അഭിനേതാക്കള്‍ ഭാഷകള്‍ക്കപ്പുറം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് നമ്മള്‍ ഇപ്പോള്‍ പെട്ടെന്ന് ആളുകളെ ലേബല്‍ ചെയ്യുന്നത്?,’ പ്രിയാമണി ചോദിക്കുന്നു.

കമല്‍ഹാസന്‍, രജനീകാന്ത്, പ്രകാശ് രാജ്, ധനുഷ് തുടങ്ങിയ അഭിനേതാക്കള്‍ പതിറ്റാണ്ടുകളായി പാന്‍ ഇന്ത്യന്‍ അഭിനേതാക്കള്‍ എന്ന ടാഗ് ചെയ്യപ്പെടാതെ വിവിധ ഭാഷകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ ഇന്ത്യന്‍ അഭിനേതാക്കള്‍ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും പ്രിയാമണി പറഞ്ഞു.

അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കും വ്യക്തികള്‍ക്കും അനുസരിച്ച് താരങ്ങളെ അംഗീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അഭിനേതാക്കള്‍ അമിതമായി പാന്‍ ഇന്ത്യന്‍ എന്ന പദം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന പ്രവണത കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.

അതേസമയം ദി ഫാമിലി മാന്‍ സീസണ്‍ ത്രീയാണ് പ്രിയാമണിയുടേതായി വരാനിരിക്കുന്ന പുതിയ പ്രൊജക്ട്. രാജ് & ഡികെ എഴുതി സംവിധാനം ചെയ്ത ഈ സീരിസ് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. മനോജ് ബാജ്പേയി, പ്രിയാമണി, ഷരീബ് ഹാഷ്മി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Content highlight: Priyamani says We should stop using the term Pan Indian; we are all Indians