സിനിമയിലെ പുരുഷ സഹതാരത്തേക്കാള്‍ കുറഞ്ഞ പ്രതിഫലം തനിക്ക് ലഭിച്ച സമയങ്ങളുണ്ടായിട്ടുണ്ടെന്ന് നടി പ്രിയാമണി. സ്വന്തം വിപണി മൂല്യം എന്താണെന്ന് തിരിച്ചറിഞ്ഞ് പ്രതിഫലം ചോദിക്കണമെന്നും സിനിമയില്‍ ലിംഗപരമായ വേതന വ്യത്യാസമുണ്ടെന്നത് സത്യമായ കാര്യമാണെന്നും പ്രിയാമണി പറഞ്ഞു.
സി. എന്‍.എന്‍ ന്യൂസ് 18ന് ഷോയിലൂടെയാണ് താരത്തിന്റെ പ്രതികരണം.
‘നിങ്ങളുടെ മാര്‍ക്കറ്റ് മൂല്യം എന്ത് തന്നെയായാലും, നിങ്ങള്‍ അത് ആവശ്യപ്പെടണം. അതിനനുസരിച്ചുള്ള തുക നിങ്ങള്‍ക്ക് ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ സഹനടനേക്കാള്‍ കുറഞ്ഞ പ്രതിഫലം എനിക്ക് ലഭിച്ച സമയങ്ങളുണ്ട്.
എന്നിരുന്നാലും അത് എന്നെ അലട്ടുന്നില്ല. എന്റെ മാര്‍ക്കറ്റ് മൂല്യവും എന്റെ മൂല്യവും എന്താണെന്നത് എനിക്ക് വ്യക്തമായി അറിയാം. ഇതാണ് എന്റെ അഭിപ്രായവും എന്റെ അനുഭവവും. എനിക്ക് അര്‍ഹതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്ന പ്രതിഫലം ഞാന്‍ ചോദിക്കും. അനാവശ്യമായി ഒരുപാട് പ്രതിഫലം ആവശ്യപ്പെടില്ല,’ പ്രിയാമണി പറഞ്ഞു.
സിനിമയിലെ ലിംഗപരമായ വേതന വ്യത്യാസങ്ങളെ കുറിച്ച് മുമ്പും പല അഭിനേതാക്കളും തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. നടി പാര്‍വതി തിരുവോത്ത് സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന വേതന വ്യത്യാസത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
ബോളിവുഡ് നടിമാരായ ദീപിക പദുകോണ്‍, ആലിയ ഭട്ട്, കങ്കണ റണൗട്ട്, വിദ്യാ ബാലന്‍, പ്രിയങ്ക ചോപ്ര, തുടങ്ങി നിരവധി താരങ്ങള്‍ സിനിമയുടെ വിജയത്തില്‍ നായികയെക്കാള്‍ നായകന്‍ പ്രതിഫലം വാങ്ങുന്നതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.
ജിത്തു അഷ്റഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയാണ് പ്രിയാമണിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കുഞ്ചാക്കോ ബോബന്‍ പ്രധാനവേഷത്തിലെത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു.
Content highlight: Priyamani says there have been times when she was paid less than her male co-star in a film