തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്കായി നടപ്പിലാക്കിയ ‘പ്രിയദര്‍ശിനി’ സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ സാമ്പത്തിക ആഘാതത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.
മുന്‍ ഡി.ജി.പി കെ. പത്മകുമാര്‍ അധ്യക്ഷനായ അഞ്ചംഗ സമിതി, പഠനം നടത്തി 50ാം ദിവസമാണ് റിപ്പോര്‍ട്ട് തയ്യാറാക്കി കൈമാറുന്നത്.
പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസുകള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രത്യേക ഇന്‍സെന്റീവ് നല്‍കണമെന്ന ശുപാര്‍ശ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.
കെ.എസ്.ആര്‍.ടി.സിയിലെ സ്ത്രീ സൗജന്യ യാത്ര കാരണം സ്വകാര്യ ബസ് മേഖല നേരിടുന്ന തകര്‍ച്ചയ്‌ക്കെതിരെ ബസുടമകള്‍ പ്രതിഷേധം കടുപ്പിച്ചതിനെ തുടര്‍ന്നാണ് ഗതാഗത വകുപ്പ് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചത്.
ബസുടമകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്കപ്പുറം, ഈ പദ്ധതി മൂലം മേഖലയിലുണ്ടായ യഥാര്‍ത്ഥ സാമ്പത്തിക നഷ്ടം എത്രയെന്ന് കണ്ടെത്തുകയായിരുന്നു സമിതിയുടെ പ്രധാന ലക്ഷ്യം.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്തിയ സിറ്റിങ്ങുകളില്‍ സ്വകാര്യ ബസുടമകളുടെ ആശങ്കകള്‍ സമിതി നേരിട്ട് കേട്ടിരുന്നു.
കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുന്നതുപോലെ സാമ്പത്തിക സഹായം നല്‍കി സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുക, ബസ് ടിക്കറ്റ് നിരക്കിലും വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കിലും വര്‍ധനവ് വരുത്തുക എന്നിവയാണ് ബസുടമകള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍.
കാര്യമായ സാമ്പത്തിക സഹായം ഉള്‍പ്പെടുത്തിയില്ലെങ്കിലും ബസുടമകള്‍ക്ക് ആശ്വാസകരമായ ചെറിയ രീതിയിലുള്ള സഹായങ്ങള്‍ നല്‍കണമെന്ന നിര്‍ദേശം റിപ്പോര്‍ട്ടിലുണ്ടായേകും.
സെപ്റ്റംബര്‍ 30 വരെയുള്ള മൂന്ന് മാസക്കാലയളവിലെ നികുതി സ്വകാര്യ ബസുടമകള്‍ നിലവില്‍ ഒടുക്കിയിട്ടുണ്ട്. സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാരിന്റെ നിലപാടും തീരുമാനങ്ങളും പരിശോധിച്ച് മാത്രമായിരിക്കും തുടര്‍ നടപടികളിലേക്ക് കടക്കുകയെന്ന് ബസുടമകള്‍ വ്യക്തമാക്കി.
Content Highlight: Priyadarshini Project: Expert Committee to Submit Report