മലയാളികളെ ഏറെ ചിരിപ്പിച്ച നിരവധി മികച്ച സിനിമകളുടെ സംവിധായകനാണ് പ്രിയദര്‍ശന്‍. പൂച്ചക്ക് ഒരു മുക്കുത്തി എന്ന ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് മലയാളത്തില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ പ്രിയന് സാധിച്ചു.
സിനിമയില്‍ നല്ല സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന ആള്‍ കൂടിയാണ് പ്രിയദര്‍ശന്‍. ഇപ്പോള്‍ നടന്‍ ഇന്നസെന്റുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍. ഇന്നസെന്റുമായി പ്രായവ്യത്യാസം ഏറെയുണ്ടായിരുന്നെങ്കിലും പ്രിയന്‍ എപ്പോഴും ‘ഇന്നു’ എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്.
‘ഇന്നു, തിലകന്‍ ചേട്ടന്‍, വേണുച്ചേട്ടന്‍, പപ്പു ചേട്ടന്‍, ലളിത ചേച്ചി. അങ്ങനെ സിനിമയുടെ വലിയ സ്വത്തുക്കളായ ഒരുപാട് പേര്‍ നമ്മെ വിട്ടുപോയി എന്നത് ഓര്‍ക്കാന്‍ തന്നെ പ്രയാസമാണ്. സിനിമക്കും അപ്പുറത്തെ സൗഹൃദമായിരുന്നു ഞങ്ങള്‍ തമ്മില്‍.
മരിക്കുന്നത് വരെ ചിരിച്ചു ചിരിച്ച് ജീവിക്കണം എന്ന് മോഹിച്ചിരുന്നയാളാണ് ഞാന്‍. എന്റെ ആ മോഹത്തിന്റെ പിന്‍ബലം ഇന്നുവായിരുന്നു,’ പ്രിയദര്‍ശന്‍ പറയുന്നു.
ഒരു സിനിമയുടെ ചിന്ത മനസില്‍ ഉയരുമ്പോള്‍ തന്നെ സ്വന്തമെന്ന് കരുതിയവരുടെയെല്ലാം മുഖം മനസില്‍ തെളിയുമെന്നും അവരെ മുന്നില്‍ കണ്ടാണ് മുമ്പെല്ലാം പല കഥാപാത്രങ്ങളും സീനുകളും സൃഷ്ടിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.
എന്നാല്‍ ഇന്ന് സീനുകള്‍ എഴുതിക്കഴിഞ്ഞ ശേഷം നടീനടന്‍മാരെ അന്വേഷിക്കേണ്ടി വരുന്നുവെന്നും പ്രിയന്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഏത് നിമിഷത്തിലും ഞാന്‍ ഇന്നുവിന്റെ കോള്‍ പ്രതീക്ഷിക്കും. അത് വരികയും ചെയ്യും. ആ ഫോണ്‍ കോളില്‍ ഞാനെന്റെ എല്ലാ വിഷമങ്ങളും മറക്കും. അത്രമേല്‍ മാന്ത്രികവും മാനുഷികവുമായിരുന്നു എന്നില്‍ ഇന്നുവിന്റെ സാന്നിധ്യവും സ്പര്‍ശവും,’ പ്രിയദര്‍ശന്‍ പറയുന്നു.
സിനിമയില്‍ ചിത്രീകരിച്ചതിനേക്കാള്‍ വലിയ ചിരികളാണ് ഇന്നസെന്റും മോഹന്‍ലാലുമെല്ലാം ഉള്‍പ്പെട്ട സെറ്റുകളില്‍ ഉയര്‍ന്നതെന്ന് പറയുന്ന സംവിധായകന്‍ സിനിമയെ നിശ്ചിത സമയത്തിനുള്ളില്‍ ഒതുക്കാനായി ചിത്രീകരിച്ച കുറേ ഭാഗങ്ങള്‍ എഡിറ്റിങ് ടേബിളില്‍ നിന്ന് അന്നെല്ലാം മുറിച്ചു കളയുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
Content Highlight: Priyadarshan Talks About His Friendship With Innocent