മലയാളത്തിന്റെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. 1984 ൽ പൂച്ചയ്ക്കൊരു മുക്കുത്തി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾക്ക് അദ്ദേഹം അമരക്കാരനായി. മോഹൻലാൽ – പ്രിയദർശൻ കോബോയിൽ പിറന്ന എല്ലാ സിനിമകളും മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. മലയാളത്തിന് പുറമെ ബോളിവുഡിലെയും ഹിറ്റ് ഫിലിം മേക്കറാണ് അദ്ദേഹം.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൈവാൻ. പ്രിയദർശൻ തന്നെ ഒരുക്കിയ മലയാള ചിത്രമായ ഒപ്പത്തിന്റെ റീമേക്കാണ് ഇത്. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറുമാണ് ഹൈവാനിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പത്തിൽ മോഹൻലാൽ അവതരിപ്പിച്ച വേഷം സെയ്ഫ് അലി ഖാനും സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷം അക്ഷയ് കുമാറുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കൊച്ചി പനമ്പള്ളി നഗറിൽ ചിത്രത്തിന്റെ ഷെഡ്യൂൾ ആരംഭിച്ചിരുന്നു.
മനോരമക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഹൈവാൻ ഒപ്പത്തിന്റെ റീമേക്ക് ആണെന്ന് പ്രിയദർശൻ സ്ഥിരീകരിച്ചിരുന്നു. എന്നാൽ തിരക്കഥയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയാണ് ഹൈവാൻ ഒരുക്കുന്നതെന്നും ചിത്രത്തിൽ ഒരു ഗസ്റ്റ് റോളിൽ മോഹൻലാലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാലിന്റെ കഥാപാത്രം തീർച്ചയായും കാണികൾക്ക് അത്ഭുതമായിരിക്കുമെന്ന് പ്രിയദർശൻ പറയുന്നു. എന്നാൽ ഒപ്പത്തിലെ ഏതെങ്കിലും ഒരു കഥാപാത്രമായാണോ അതോ ഹൈവാന് വേണ്ടി പുതിയതായി എഴുതിച്ചേർത്ത ട്വിസ്റ്റിലാണോ മോഹൻലാൽ പ്രത്യക്ഷപ്പെടുക എന്നതിൽ അദ്ദേഹം യാതൊരുവിധ സൂചനയും നൽകിയില്ല. ബോളിവുഡിലേക്കുള്ള ചുവടുമാറ്റം മുതൽ പ്രിയദർശന്റെ പ്രിയപ്പെട്ട നടനാണ് അക്ഷയ് കുമാർ. അദ്ദേഹത്തെ കുറിച്ചും പ്രിയദർശൻ സംസാരിച്ചു.
ബോളിവുഡിന്റെ മോഹൻലാലാണ് അക്ഷയ് കുമാർ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അക്ഷയ് കുമാറിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ തനിക്ക് നല്ല കംഫർട്ടബിൾ ആണെന്നും ഒരുവിധത്തിലുമുള്ള ടെൻഷന്റെ ആവശ്യമില്ലെന്നും ഫ്രീയായി വർക്ക് ചെയ്യാമെന്നും പ്രിയദർശൻ പറഞ്ഞു.
Content Highlight: Priyadarshan says Akshay Kumar is the Mohanlal of Bollywood